Published: February 16, 2026 09:12 PM IST
1 minute Read
കൊളംബോ ∙ ട്വന്റി20 ലോകകപ്പ് മത്സരത്തിനിടെ പാക്കിസ്ഥാൻ താരങ്ങളെ സ്ലെഡ്ജ് (പരിഹസിക്കുക/പ്രകോപിപ്പിക്കുക) ചെയ്യരുതെന്ന് നിർദേശം നൽകി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ പാക്കിസ്ഥാൻ ബാറ്റിങ്ങിനിറങ്ങുന്നതിനു മുന്നോടിയായി ഇന്ത്യൻ ടീമിന്റെ സ്റ്റാൻഡ് അപ് മീറ്റിങ്ങിലാണ് ടീമംഗങ്ങളോട് സൂര്യകുമാറിന്റെ നിർദേശം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ബിസിസിഐ പങ്കുവച്ചു. ‘‘മത്സരത്തില്‍ ചുറുചുറുക്കും വേഗതയും നിലനിർത്തുക. ആരോടും ഒന്നും മിണ്ടരുത്. നല്ല ക്രിക്കറ്റ് കളിക്കുക. മികച്ച സ്കില്‍ കൊണ്ട് ഈ മത്സരം ജയിക്കാന്‍ സാധിക്കും’’ എന്നാണ് സൂര്യകുമാര്‍ യാദവ് ടീം അംഗങ്ങളോട് പറയുന്നത്.
മത്സരത്തിൽ 61 റൺസിനാണ് പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 40 പന്തിൽ 77 റൺസുമായി തകർത്തടിച്ച ഓപ്പണിങ് ബാറ്റർ ഇഷാൻ കിഷന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്കു വിജയത്തിലേക്കു വഴിവെട്ടിയത്. ഓപ്പണർ അഭിഷേക് ശർമ റണ്ണെടുക്കാതെ പുറത്തായെങ്കിലും പതറാതെ ബാറ്റ് ചെയ്ത സഹ ഓപ്പണർ ഇഷാൻ കിഷൻ ഇന്ത്യയെ സുരക്ഷിത നിലയിലെത്തിച്ചു.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽതന്നെ 3 വിക്കറ്റ് നഷ്ടപ്പെട്ട പാക്കിസ്ഥാനു പിന്നീടൊരിക്കലും മത്സരത്തിലേക്കു തിരിച്ചെത്താനായില്ല. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റുവീതം വീഴ്ത്തി. ട്വന്റി20 ലോകകപ്പിലെ നേർക്കുനോർ പോരാട്ടങ്ങളിൽ പാക്കിസ്ഥാനു മേൽ ഇന്ത്യയുടെ എട്ടാം ജയമാണിത്. ഇരു ടീമുകളും 9 തവണ നേർക്കുനേർ വന്നപ്പോൾ ഒരു തവണ മാത്രമാണ് പാക്കിസ്ഥാനു ജയിക്കാൻ സാധിച്ചത്.
English Summary:







English (US) ·