Published: April 16, 2026 02:16 PM IST
2 minute Read
ദിശയോ ദൂരമോ അറിയാത്ത വഴികളിലൂടെ പോകുമ്പോൾ മുന്നിൽ നടക്കാനും മുറിവേറ്റുവാങ്ങാനും ഒരാളുണ്ടെങ്കിൽ പിന്നാലെ വരുന്നവർക്ക് കാര്യങ്ങൾ എളുപ്പമാകും. താൻ നടന്ന വഴികളും പഠിച്ച പാഠങ്ങളും പകർന്നുനൽകി, മുൻ ഇന്ത്യൻ പേസർ വരുൺ ആരോൺ വളർത്തിയെടുത്ത യുവ പേസർമാരാണ് പ്രഫുൽ ഹിൻഗെയും സാകിബ് ഹുസൈനും. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 4 വിക്കറ്റ് വീതം വീഴ്ത്തിയ ഇരുവരും ചേർന്ന് സൺറൈസേഴ്സ് ഹൈദരാബാദിന് ആവേശം വിജയം സമ്മാനിച്ചപ്പോൾ ഏറ്റവും അധികം സന്തോഷിച്ചതും ടീമിന്റെ പേസ് ബോളിങ് പരിശീലകനായ വരുൺ തന്നെ.
പെർഫക്ട് പ്രഫുൽ2024ൽ പ്രഫഷനൽ ക്രിക്കറ്റിൽ നിന്നു വിരമിച്ച വരുൺ ആരോൺ, പിന്നാലെ എംആർഎഫ് പേസ് ഫൗണ്ടേഷനിൽ ബോളിങ് കൺസൽറ്റന്റായി ചുമതലയേറ്റു. അവിടെവച്ചാണ് പ്രഫുൽ ഹിൻഗെയെന്ന വിദർഭ പേസറെ പരിചയപ്പെട്ടത്. കരിയറിലുടനീളം വരുണിനെ അലട്ടിയ പുറംവേദനയും പരുക്കുകളും പ്രഫുലിനുമുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ വരുൺ, പ്രഫുലിനു കൃത്യമായ റിക്കവറി പ്ലാനുകളും പരിശീലന രീതികളും നിർദേശിച്ചു. മികച്ച പേസും ഫ്ലാറ്റ് വിക്കറ്റുകളിൽ പോലും ബൗൺസ് കണ്ടെത്താനുള്ള മിടുക്കുമായിരുന്നു ഇരുപത്തിമൂന്നുകാരൻ പ്രഫുലിന്റെ പ്രത്യേകത. ഇതു കൃത്യമായി തിരിച്ചറിഞ്ഞ വരുൺ, പ്രഫുലിനു വേണ്ട മാർഗനിർദേശങ്ങൾ നൽകി മുന്നോട്ടുനയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഹൈദരാബാദ് ടീമിന്റെ പേസ് ബോളിങ് പരിശീലകനായി വരുൺ ചുമതലയേൽക്കുന്നത്. പിന്നാലെ പ്രഫുലിനെ ടീമിൽ എത്തിക്കാൻ വരുൺ തീരുമാനിച്ചു.
സധൈര്യം സാകിബ്ടീമിൽ കൂടുതൽ യുവ പേസർമാരെ എത്തിക്കുകയെന്ന ദൗത്യവുമായി ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ച വരുൺ, ബിഹാറിൽ നടന്ന ഒരു ടൂർണമെന്റിൽ വച്ചാണ് ഇരുപത്തിയൊന്നുകാരൻ സാകിബിനെ കാണുന്നത്. മണിക്കൂറിൽ 140 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ ദൈർഘ്യമേറിയ സ്പെല്ലുകൾ എറിയാനുള്ള കഴിവും ഡിപ്പിങ് സ്ലോ ബോളുകളിലെ പ്രാവീണ്യവും ആയിരുന്നു സാകിബിന്റെ കരുത്ത്. ചില ഐപിഎൽ ടീമുകളുടെ നെറ്റ് ബോളറായും 2024 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്ക്വാഡിലും ഇടംപിടിച്ചിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാൻ സാകിബിനു സാധിച്ചില്ല. ബോളിങ്ങിലെ സാങ്കേതിക പ്രശ്നങ്ങളും മത്സരപരിചയത്തിന്റെ കുറവുമാണ് സാകിബിന് അവസരങ്ങൾ നിഷേധിക്കപ്പെടാൻ കാരണം. ഇതോടെ വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്കു തന്നെ സാകിബ് മടങ്ങി. സാങ്കേതികമായി ചില മാറ്റങ്ങൾ വരുത്തിയാൽ സാകിബ് മികച്ച പേസറായി മാറുമെന്നു തിരിച്ചറിഞ്ഞ വരുൺ ആരോൺ, താരത്തെ എംആർഎഫ് പേസ് ഫൗണ്ടേഷനിലേക്ക് അയച്ചു. അതോടെ സാകിബും മികച്ച പേസറായി മാറി.
കൃത്യമായ കെണിരാജസ്ഥാനെതിരായ മത്സരത്തിൽ, വൈഭവ് സൂര്യവംശിയെ വീഴ്ത്താൻ വ്യക്തമായ പ്ലാനുമായാണ് വരുണും പ്രഫുലും എത്തിയത്. പിച്ചിൽനിന്ന് എക്സ്ട്രാ ബൗൺസ് കണ്ടെത്താൻ പ്രഫുലിനു സാധിക്കുമെന്ന് അറിയാവുന്ന വരുൺ, വൈഭവിനെതിരെ ആദ്യ ഓവറിൽ പരമാവധി ബോഡി ലൈൻ ഷോർട് ബോളുകൾ എറിയാൻ പ്രഫുലിനോടു നിർദേശിച്ചു. ആദ്യ പന്തിൽത്തന്നെ ആ പ്ലാൻ ഫലിച്ചു. പുൾ ഷോട്ടിനു ശ്രമിച്ച വൈഭവിനു പിഴച്ചു. ആദ്യ ഓവറിൽ വീണത് 3 വിക്കറ്റുകൾ. രണ്ടാം ഓവറിൽ സാകിബിനെ കൊണ്ടുവരാനുള്ള വരുണിന്റെ തീരുമാനവും ഫലംകണ്ടു. ടൂർണമെന്റിൽ മിന്നും ഫോമിലുള്ള യശസ്വി ജയ്സ്വാളിനെ വീഴ്ത്താനും ബൗൺസറുകളാണ് സാകിബ് ഉപയോഗിച്ചത്. ഓഫ് സ്റ്റംപിനു പുറത്തുപോയ സാകിബിന്റെ ബൗൺസറിൽ അപ്പർ കട്ടിനു ശ്രമിച്ചാണ് ജയ്സ്വാൾ പുറത്തായത്. മധ്യനിരയിൽ കരുത്തോടെ മുന്നേറിയ ഡോണവൻ ഫെരൈരയെ വീഴ്ത്താൻ ഡിപ്പിങ് സ്ലോ ബോൾ ഉപയോഗിക്കാൻ സാകിബിനു നിർദേശം നൽകിയതും വരുൺ തന്നെ.
English Summary:








English (US) ·