ആറ് സിക്സടിച്ചതിന് ഫെറാറി കാർ തരാമെന്നു പറഞ്ഞു, കിട്ടിയത് ബിഎംഡബ്ല്യു: ലളിത് മോദി വാക്കിനു വിലയുള്ള ആളെന്ന് യുവരാജ്

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: April 10, 2026 07:30 PM IST

1 minute Read

 X@MuffadalVohra
ലളിത് മോദിയും യുവരാജ് സിങ്ങും. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@MuffadalVohraൽ നിന്ന് എടുത്തതാണ്.

മുംബൈ∙ 2007ലെ ട്വന്റി20 ലോകകപ്പിൽ ഒരോവറിൽ ആറു സിക്സടിച്ചതിനു പിന്നാലെ ലളിത് മോദിയിൽനിന്നു കാർ സമ്മാനമായി ലഭിച്ചതിനെക്കുറിച്ചു മനസ്സു തുറന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഇംഗ്ലണ്ടിനെതിരെ ഡർബനിൽ നടന്ന പോരാട്ടത്തിന്റെ 19–ാം ഓവറിലാണ് സ്റ്റുവർട്ട് ബ്രോഡിനെതിരെ യുവരാജ് സിങ് ആറു സിക്സുകൾ പറത്തിയത്. മത്സരത്തിൽ 12 പന്തുകളിൽ അർധ സെഞ്ചറി തികച്ച യുവരാജ് സിങ്, 16 പന്തിൽ 58 റൺസെടുത്താണു പുറത്തായത്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ 18 റൺസ് വിജയം സ്വന്തമാക്കുകയും ചെയ്തു. ഈ പ്രകടനത്തിനു പിന്നാലെ ഐപിഎൽ ചെയർമാനായ ലളിത് മോദി, യുവരാജിന് കാര്‍ സമ്മാനമായി നൽകിയതായി ലളിത് തന്നെ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ഇക്കാര്യത്തിലെ സത്യാവസ്ഥയെക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് യുവരാജ് സിങ് ഇപ്പോൾ. പറഞ്ഞ വാക്കു പാലിക്കുന്നയാളാണ് ലളിത് മോദിയെന്നും, എന്നാൽ തനിക്കു ലഭിച്ചത് ഓഫർ ചെയ്ത കാർ ആയിരുന്നില്ലെന്നും യുവരാജ് സിങ് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘‘ആരെങ്കിലും ആറ് സിക്സുകൾ അടിച്ചാൽ ഫെറാറി കാർ സമ്മാനമായി നൽകുമെന്നായിരുന്നു ലളിത് മോദിയുടെ ഓഫർ. എന്റെ ഫെറാറി എവിടെയെന്നു ഞാൻ ചോദിച്ചു. എന്നാല്‍ പോർഷെ 911 നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്. എങ്കിൽ പോർഷെ മതിയെന്നു ഞാനും പറഞ്ഞു. അടുത്ത മത്സരവും ഞാൻ ജയിപ്പിച്ചാൽ പോർഷെ മാറ്റി ഫെറാറി തരുമോയെന്നായി എന്റെ സംശയം. എന്നാൽ അത് അദ്ദേഹം അംഗീകരിച്ചില്ല. എനിക്ക് ബിഎംഡബ്ല്യു എം 5 കാറാണു ലഭിച്ചത്. അദ്ദേഹം പറഞ്ഞ വാക്കിനു വിലയുള്ള ആളാണ്.’’-യുവരാജ് സിങ് വ്യക്തമാക്കി. 

സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിയായ ലളിത് മോദി 2010ലാണ് ഇന്ത്യ വിടുന്നത്. സ്റ്റുവർട്ട് ബ്രോഡിനെതിരെ സിക്സുകൾ അടിച്ചതിനു ശേഷം അദ്ദേഹത്തിന്റെ പിതാവും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡ് തന്റെ അടുത്തുവന്നു സംസാരിച്ചതായും യുവരാജ് വെളിപ്പെടുത്തി. സ്റ്റുവര്‍ട്ടിന്‍റെ പിതാവ് ക്രിസ് ബോര്‍ഡ് പിന്നീട് യുവിയെ കണ്ടപ്പോള്‍ കയ്യൊപ്പിട്ട് ജഴ്സി മകനായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. 

താന്‍ ഇന്ത്യയുടെ ജഴ്സിയില്‍ ഓട്ടോഗ്രഫ് നല്‍കിയെന്നും എന്നാല്‍ അത് കയ്യിൽ കിട്ടിയ സ്റ്റുവര്‍ട്ട് ബ്രോഡ് അത് വലിച്ച് ചവറ്റുകുട്ടയിലേക്ക് എറിഞ്ഞെന്ന് താന്‍ പിന്നീട് അറിഞ്ഞെന്നും യുവരാജ് പ്രതികരിച്ചു. ‘‘അടുത്തിടെയാണ് ക്രിസ് ആ ജഴ്സി സമ്മാനിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് അതെടുത്ത് ചവറ്റുകുട്ടയില്‍ ഇട്ടുവെന്ന് ഞാന്‍ വായിച്ചത്. അത്ര ദേഷ്യമാണ് സ്റ്റുവട്ടിന് അത് കണ്ടപ്പോള്‍ തോന്നിയത്. അത് സ്വാഭാവികമാണ്. എനിക്കത് മനസ്സിലാകും.’’- യുവരാജ് സിങ് വിശദീകരിച്ചു.

English Summary:

Yuvraj Singh Recalls Lalit Modi's Car Gift After Six Sixes

Read Entire Article