Published: April 06, 2026 04:52 PM IST Updated: April 06, 2026 09:58 PM IST
1 minute Read
ഹൈദരാബാദ് ∙ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ 10 ഓവർ കഴിഞ്ഞപ്പോഴേക്കും എതിരാളികളായ ലക്നൗ സൂപ്പർ ജയന്റ്സ് മത്സരം മനസ്സിൽ വിജയിച്ചിരുന്നു. പക്ഷേ, ഈ ഐപിഎൽ സീസണിലെ ആദ്യ ജയം അനായാസം സ്വന്തമാക്കാമെന്നു കരുതി മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ അതു നേടിയെടുത്തത് ഒരു പന്ത് മാത്രം ബാക്കി നിൽക്കെയാണ്. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ (58 പന്തിൽ 68*) അപരാജിത അർധസെഞ്ചറിയാണ് ലക്നൗവിന് ഹൈദരാബാജിനെതിരെ 5 വിക്കറ്റ് ജയം അൽപം വൈകിയാണെങ്കിലും സമ്മാനിച്ചത്.
എന്നാൽ ഒരു പന്തു മാത്രം ശേഷിക്കെ ആ നേടിയ ജയം ഒരുപക്ഷേ ലക്നൗവിന്റെ കൈവിട്ടു പോകുമായിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. ഭാഗ്യത്തിന്റെ പിന്തുണ കൂടി ഉള്ളതുകൊണ്ടാണ് ലക്നൗ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ലക്നൗ താരമായ ആവേശ് ഖാന്റെ ‘ആവേശം’ ആണ് ലക്നൗവിനു വിനയാകേണ്ടിയിരുന്നത്. ചേസിങ്ങിൽ 19.5 ഓവറിലാണ് ലക്നൗ വിജയറൺ കുറിച്ചത്. ഹൈദരാബാദ് പേസർ ജയ്‌ദേവ് ഉനദ്ഘട്ട് എറിഞ്ഞ് ബോൾ, ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് ബൗണ്ടറിയിലേക്കു പായിക്കുകയായിരുന്നു. എന്നാൽ ആ ബോൾ ബൗണ്ടറി ലൈൻ കടന്നില്ല എന്നതാണ് വസ്തുത.
ഋഷഭ് പന്ത് അടിച്ചകറ്റിയ ബോൾ, ലക്നൗവിന്റെ ഡഗൗട്ടിനു നേരെയാണ് എത്തിയത്. ബോൾ ബൗണ്ടറി ലൈൻ കടക്കുന്നതിനു മുൻപു തന്നെ അടുത്തതായി ബാറ്റിങ്ങിനിറങ്ങാൻ പാഡ് ധരിച്ച് ബൗണ്ടറി ലൈനിന് സമീപം നിൽക്കുകയായിരുന്ന ആവേശ് ഖാൻ, കയ്യിലുണ്ടായിരുന്ന ബാറ്റ് കൊണ്ട് ബോൾ അടിച്ചകറ്റി. പിന്നാലെ വിജയാഘോഷവും തുടങ്ങി. ആവേശിന്റെ വിചിത്രമായ പ്രവൃത്തിയിൽ സഹതാരം അർഷിൻ കുൽക്കർണി ആശങ്ക പ്രകടിപ്പിക്കുന്നതും കൈകൾ ഉയർത്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
Why Avesh Khan Is So Annoying First helium smashed his helmet, past deed the shot with his bat adjacent though it hadn’t reached the bound the umpire should prohibition him for 1 lucifer Or Umpire Should Do That Delivery Dead Ball 😡
pic.twitter.com/3xl2WxJlgh
∙ പരാതി നൽകി ഹൈദരാബാദ്ബാറ്റിങ് ടീമിലെ ഒരു കളിക്കാരൻ ബോൾ തടഞ്ഞാൽ ആ പന്തിനെ ‘ഡെഡ് ബോൾ’ ആയി പ്രഖ്യാപിക്കാം. എന്നാൽ മാച്ച് ഒഫീഷ്യൽസ് ഈ വിഷയം അവഗണിച്ചതാണോ അതോ ഇതിൽ തെറ്റൊന്നും കണ്ടില്ലേ എന്ന് വ്യക്തമല്ല. ക്യാമറകൾ ഉള്ളതിനാൽ ഇക്കാര്യം ശ്രദ്ധിക്കപ്പെടാതെ പോകാൻ സാധ്യതയില്ല. ആവേശ് ഖാന്റെ പ്രവൃത്തി ശിക്ഷാർഹമായി കാണാത്തതിനു പിന്നിൽ മറ്റൊരു കാര്യം കൂടിയുണ്ടാകും. ബൗണ്ടറി ലൈനിന് സമീപം ഫീൽഡർമാർ ആരും ഉണ്ടായിരുന്നില്ല. എതിർ ടീമിന്റെ ഫീൽഡറെ തടസ്സപ്പെടുത്തിയില്ലെന്ന കാരണം കൊണ്ടാകാം ആവേശ് ഖാന്റെ ‘ആവേശം’ കണ്ടില്ലെന്നു വച്ചത്.
എന്നാൽ വിഷയം വിവാദമായതോടെ സൺറൈസേഴ്സ് ഹൈദരാബാദ് ബിസിസിഐക്കു പരാതി നൽകിയിട്ടുണ്ട്. ഇതോടെ ആവേശിനെതിരെ നടപടി സ്വീകരിക്കുമോ എന്നു കണ്ടറിയണം. സീസണിലെ അംപയറിങ് പിഴവുകളും ഹൈദരാബാദ് പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ടെന്നാണ് വിവരം. ആർസിബിക്കെതിരായ ആദ്യ മത്സരത്തിൽ ഹെന്‍റിച്ച് ക്ലാസനെ പുറത്താക്കാൻ ഫിൽ സോൾട്ട് എടുത്ത വിവാദ ക്യാച്ചും കൊല്‍ക്കത്തക്കെതിരായ മത്സരത്തിൽ വരുൺ ചക്രവർത്തി എടുത്ത ക്യാച്ചിൽ അഭിഷേക് ശർമയെ പുറത്താക്കിയതും ഹൈദരാബാദ് ചൂണ്ടിക്കാട്ടിയുണ്ട്. അംപയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച അഭിഷേകിന് പിഴ ശിക്ഷയും ലഭിച്ചിരുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@CricketValenceൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·