Published: February 13, 2026 06:02 PM IST Updated: February 14, 2026 08:02 AM IST
1 minute Read
ന്യൂഡൽഹി ∙ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിന്റെ ഗാലറികൾ നിറയെ ആവേശം! ഡോലക്കുകളും ബാങ്ക്ര നൃത്തവുമായി ഓരോ ഷോട്ടുകളും ആഘോഷമാക്കുന്ന കാണികൾ. ഇരുടീമുകളിലുമായി 14 ഇന്ത്യൻ വംശജർ കളത്തിലിറങ്ങിയ ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഡി മത്സരത്തിൽ കാനഡയ്ക്കെതിരെ യുഎഇയ്ക്ക് 5 വിക്കറ്റ് ജയം. 53 പന്തിൽ 74 റണ്ണടിച്ച ഓപ്പണർ ആര്യാംശ് ശർമയും 29 പന്തിൽ 51 റൺസടിച്ച സൊഹൈബ് ഖാനുമാണ് യുഎഇയുടെ വിജയശിൽപികൾ. സ്കോർ: കാനഡ 20 ഓവറിൽ 7ന് 150, യുഎഇ 19.4 ഓവറിൽ 5ന് 151.
5 വിക്കറ്റ് നേടി കാനഡ ബാറ്റിങ്ങിനെ പിടിച്ചുകെട്ടിയ യുഎഇ ബോളർ ജുനൈദ് സിദ്ദിഖിയാണു പ്ലെയർ ഓഫ് ദ് മാച്ച്. തോൽവിയുടെ മുനമ്പിൽനിന്ന് പൊരുതിക്കയറിയാണ് യുഎഇ ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കാനഡയ്ക്കു ഹർഷ് ടാകറിന്റെ അർധ സെഞ്ചറിയാണ് തുണയായത്. 41 പന്തിൽ 3 സിക്‌സും 2 ഫോറും സഹിതം 50 റൺസ് താരം അടിച്ചെടുത്തു. 35 റൺസ് വഴങ്ങി 5 വിക്കറ്റു വീഴ്ത്തിയ ജുനൈദ് സിദ്ദിഖി കാനഡയെ 150ൽ പിടിച്ചുകെട്ടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ തുടക്കത്തിൽ പതറി. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് മാത്രമായിരുന്നു സമ്പാദ്യം. 13–ാം ഓവർ വരെ മത്സരം കാനഡയുടെ കയ്യിലായിരുന്നു. എന്നാൽ ആറാം സ്ഥാനത്ത് ബാറ്റിങ്ങിനെത്തിയ സൊഹൈബിന്റെ ഇന്നിങ്‌സ് കാനഡയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. 4 വീതം സിക്‌സും ഫോറും സഹിതം 29 പന്തിൽ 51 റൺസ് നേടിയ സൊഹൈബിന്റെ മികവാണ് നിർണായകമായത്. ഓപ്പണർ ആര്യാംശ് ശർമ (74) ഒരറ്റം കാത്ത് അർധ സെഞ്ചറിയുമായി പുറത്താകാതെ പൊരുതി നിന്നതും യുഎഇ ജയത്തിനു നട്ടെല്ലായി.
English Summary:







English (US) ·