Published: July 04, 2026 09:12 PM IST Updated: July 05, 2026 12:13 AM IST
2 minute Read
മാഞ്ചസ്റ്റർ ∙ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം ജേക്കബ് ബെതൽ, ഹാരി ബ്രൂക്ക്, ടോം ബാന്റൻ എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടിൽ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 4 വിക്കറ്റ് ജയം. ആദ്യ ഓവറിൽ തന്നെ റണ്ണൊന്നുമെടുക്കാതെ ഓപ്പണർമാരായ ഫിൽ സോൽട്ടിനെയും ജോസ് ബട്‌ലറെയും നഷ്ടമായ ഇംഗ്ലണ്ട്, ശക്തമായി തിരിച്ചടിച്ച് 6 പന്തുകൾ ശേഷിക്കെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. സ്കോർ: ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ്. ഇംഗ്ലണ്ട് 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ്.
കൗമാര വിസ്മയം വൈഭവ് സൂര്യവംശി രാജ്യാന്തര അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇഷാൻ കിഷൻ (49), അഭിഷേക് ശർമ (43), ക്യാപ്റ്റൻ ശ്രേയസ് അയ്യർ, (37), അവസാന ഓവറുകളിൽ തകർത്തടിച്ച തിലക് വർമ (11 പന്തിൽ പുറത്താകാതെ 24 റൺസ്) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ നിശ്ചിത ഓവറിൽ 190 റൺസെടുത്തത്. അഭിഷേക് ശർമ – വൈഭവ് സൂര്യവംശി ആദ്യ വിക്കറ്റ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് നൽകിയത്. ഇരുവരും ചേർന്ന് 29 പന്തിൽ 50 റൺസാണ് അടിച്ചുകൂട്ടിയത്. ജോഫ്ര ആർച്ചർ, ജോഷ് ടങ് എന്നിവർക്കെതിരെ സിക്സർ പറത്തി മികച്ച തുടക്കമിട്ട വൈഭവ് പക്ഷെ വൈകാതെ മടങ്ങി. വിൽ ജാക്സിന്റെ പന്തിൽ അതിർത്തി കടത്താൻ ലക്ഷ്യമിട്ട് ക്രീസ് വിട്ടിറങ്ങിയ വൈഭവിനെ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ സ്റ്റംമ്പ് ചെയ്തു പുറത്താക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ 10 പന്തിൽ രണ്ട് സിക്സ് ഉൾപ്പെടെ 14 റൺസെടുത്തതാണ് വൈഭവ് മടങ്ങിയത്. ജോഫ്ര ആർച്ചർ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സിക്സ് വൈഭവ് നേടി. ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ സിക്സും ഇതായിരുന്നു. 0, 0, 1, 6, 0, 1, 6, 0, 0, ഔട്ട് – എന്നിങ്ങനെയായിരുന്നു നേരിട്ട പന്തുകളിൽ വൈഭവിന്റെ പ്രകടനം.
മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും ശ്രേയസ് അയ്യർ ചേർന്ന് 42 പന്തിൽ 65 റൺസെടുത്തു. അവസാന ഓവറുകളിൽ തിലക് വർമയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ശിവം ദൂബെ (5), അക്സർ പട്ടേൽ (2), ഹർഷിത് റാണ (6) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഇംഗ്ലണ്ടിനു വേണ്ടി സാം കറൻ മൂന്നു വിക്കറ്റും ജോഫ്ര ആർച്ചർ, വിൽ ജാക്സ്, ലിയാം ഡോസൺ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ടിന് ഫിൽ സോൽട്ടിനെ (0) നഷ്ടമായി. അർഷദീപ് സിങ്ങിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ക്യാച്ചെടുക്കുകയായിരുന്നു. ഓവറിലെ അഞ്ചാം പന്തിൽ വരുൺ ചക്രവർത്തിക്ക് ക്യാച്ച് നൽകി ജോസ് ബട്‌ലറും (0) മടങ്ങി. മൂന്നാം ഓവറിൽ അർഷദീപ് സിങ്ങിനെതിരെ ഹാരി ബ്രൂക്കിന്റെ തുടർച്ചയായ മൂന്നു സിക്സും രണ്ട് ഫോറും ഉൾപ്പെടെ 27 റൺസ് ഇംഗ്ലണ്ട് അടിച്ചുകൂട്ടി. ഇന്ത്യയ്‌ക്ക് ഭീഷണിയുയർത്തിയ ഹാരി ബ്രൂക്കിനെ അഞ്ചാം ഓവറിൽ അക്സർ പട്ടേലിന്റെ പന്തിൽ ഇഷാൻ കിഷൻ ക്യാച്ചെടുത്തു പുറത്താക്കി. 15 പന്തിൽ മൂന്ന് സിക്സും നാലു ഫോറുമുൾപ്പെടെ 39 റൺസെടുത്താണ് ബ്രൂക്ക് മടങ്ങിയത്. മൂന്നാം വിക്കറ്റിൽ ഹാരി ബ്രൂക്ക് – ജേക്കബ് ബെതൽ കൂട്ടുകെട്ട് 24 പന്തിൽ 50 റൺസെടുത്തു.
പിന്നാലെ ഒത്തുചേർന്ന ടോം ബാന്റൻ – ജേക്കബ് ബെതൽ നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയാണുയർത്തിയത്. ബോളർമാരെ കണക്കിന് പ്രഹരിച്ച് മുന്നറിയ കൂട്ടുകെട്ട്, ടീം സ്കോർ 118 ൽ എത്തിനിൽക്കെ 13 ഓവറിൽ അർഷദീപ് സിങ്ങാണ് പൊളിച്ചത്. 32 പന്തിൽ ആറ് ഫോർ ഉൾപ്പെടെ 39 റൺസെടുത്ത ടോം ബാന്റനെ തിലക് വർമ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 50 പന്തിൽ 67 റൺസാണ് ടോം ബാന്റനും ജേക്കബ് ബെതലും ചേർന്ന് അടിച്ചുകൂട്ടിയത്.
വിൽ ജാക്സിനെ (9 റൺസ്) വരുൺ ചക്രവർത്തി വിക്കറ്റിനു മുന്നിൽ കുരുക്കി. രണ്ടു വിക്കറ്റുകൾ തുടരെ വീണതോടെ ജേക്കബ് ബെതൽ കൂടുതൽ അപകടകാരിയായി. 17 ാം ഓവറിൽ രവി ബിഷ്ണോയിക്കെതിരെ 29 റൺസാണ് ഇംഗ്ലണ്ട് നേടിയത്. അതിൽ മൂന്നു സിക്സും ഒരു ഫോറും ഉൾപ്പെടെ 26 റൺസ് ജേക്കബ് ബെതലിന്റെ വകയായിരുന്നു. 18 ാം ഓവറിൽ ഹർഷിത് റാണയുടെ പന്തിൽ, രാജ്യാന്തര മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ ആദ്യ ക്യാച്ചിൽ സാം കറൻ (7 റൺസ്) പുറത്താക്കി. തുടർന്ന് ജോഫ്ര ആർച്ചർ – ജേക്കബ് ബെതൽ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 12 റൺസ് കൂടി നേടി ഇംഗ്ലണ്ടിന്റെ ജയം ഉറപ്പാക്കി. ജേക്കബ് ബെതൽ 46 പന്തിൽ 5 സിക്സും 5 ഫോറും ഉൾപ്പെടെ 76 റൺസോടെയും ജോഫ്ര ആർച്ചർ 7 പന്തിൽ ഒരു ഫോർ ഉൾപ്പെടെ 10 റൺസുമായും പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കു വേണ്ടി അർഷദീപ് സിങ് മൂന്നു വിക്കറ്റും ഹർഷിത് റാണ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി (1–0). ഇന്ത്യൻ ഇന്നിങ്സിനു പിന്നാലെ കനത്ത മഴയെ തുടർന്ന് ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു. മൂന്നാം മത്സരം 7 ന് നോട്ടിങ്ങാമിൽ നടക്കും.
English Summary:





English (US) ·