ആർപ്പോ ആരോൺ! മലയാളി സെഞ്ചറിക്കരുത്തിൽ അഫ്‌ഗാൻ ‘റൺമല’ കീഴടക്കി ഇന്ത്യ, കൂട്ടിന് വൈഭവും ആയുഷും; റെക്കോർഡ് ജയം; തുടർച്ചയായ ആറാം ഫൈനൽ

1 month ago 5

ഹരാരെ ∙ ലോകകപ്പിൽ ഇന്ത്യൻ സീനിയർ ടീമിലെ പ്ലേയിങ് ഇലവനിൽ മലയാളി താരം സഞ്ജു സാംസൺ സ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ കൗമാര ലോകകപ്പിലെ സെമിഫൈനലിൽ മറ്റൊരു മലയാഴി താരം ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിച്ചു; അതും മിന്നും സെഞ്ചറിയുമായി. അണ്ടർ 19 ഏകദിന ലോകകപ്പ് സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴു വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കടന്നു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 311 റണ്‍സ് വിജയലക്ഷ്യം, 41.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. സെഞ്ചറി നേടിയ മലയാളി താരമായ ഓപ്പണർ ആരോൺ ജോർജ് (104 പന്തിൽ 115), അർധസെഞ്ചറി നേടിയ വൈഭവ് സൂര്യവംശി (33 പന്തിൽ 68), ക്യാപ്റ്റൻ ആയുഷ് മാത്രെ (59 പന്തിൽ 62) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അനയാസ വിജയം സമ്മാനിച്ചത്.

അണ്ടർ 19 ലോകകപ്പിൽ ചേസ് ചെയ്ത് വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2006ൽ അയർലൻഡിനെതിരെ ന്യൂസീലൻഡ് പിന്തുടർന്ന് നേടിയ 305 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയായത്. 53 പന്തുകൾ ബാക്കിയാക്കിയാണ് ഇന്ത്യയുടെ വിജയം. 250നു മുകളിലുള്ള ടോട്ടൽ പിന്തുടർന്ന് ജയിക്കുമ്പോൾ ഏറ്റവും വേഗത്തിലുള്ള ജയവുമാണ് ഇത്. അണ്ടർ 19 ഏകദിന ലോകകപ്പിൽ പത്താം തവണയാണ് ഇന്ത്യ ഫൈനലിൽ കടക്കുന്നത്. ഇതും റെക്കോർഡാണ്. ആറു തവണ ഫൈനലിൽ കയറിയ ഓസ്ട്രേലിയ ആണ് രണ്ടാമത്. ഇന്ത്യയുടെ തുടർച്ചയായ ആറാം ഫൈനലുമാണ്. 2016 മുതലുള്ള എല്ലാ ലോകകപ്പിലും ഇന്ത്യ ഫൈനൽ കളിച്ചു. ഇത്തവണ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. വെള്ളിയാഴ്ചയാണ് കലാശപ്പോര്.

മറുപടി ബാറ്റിങ്ങിൽ, കൂറ്റൻ വിജയലക്ഷ്യത്തിന്റെ സമ്മർദമില്ലാതെയാണ് ഇന്ത്യ തുടങ്ങിയത്. പതിവു രീതിയിൽ വൈഭവ് സൂര്യവംശി തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു. ടൂർണമെന്റിൽ ഇതു മൂന്നാം തവണയും 24 പന്തിൽ വൈഭവ് അർധസെഞ്ചറി തികച്ചു. നാല് സിക്സും ഒൻപതു ഫോറും സഹിതം 33 പന്തിൽ 68 റൺസെടുത്ത വെഭവ്, 10–ാം ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 90ൽ എത്തിയിരുന്നു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ ആയുഷ് മാത്രെ, ബാറ്റിങ്ങിന്റെ ‘കപ്പിത്താൻ’ സ്ഥാനം ഏറ്റെടുത്തു. മറുവശത്ത് ആരോൺ ജോർജ് തനത് ഏകദിന ശൈലിയിൽ ബാറ്റു വീശിയപ്പോൾ ആയുഷ്, റൺറേറ്റ് താഴാതെ നോക്കി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 114 റൺസാണ് കൂട്ടിച്ചേർത്തത്. 59 പന്തിൽ 62 റൺസെടുത്ത ആയുഷ് മാത്രെ, നാല് സിക്സും അഞ്ചു ഫോറുമാണ് പറത്തിയത്. 27–ാം ഓവറിലാണ് ആയുഷ് പുറത്താകുന്നത്.

പിന്നീടെത്തിയ വിഹാൻ മൽഹോത്രയും (47 പന്തിൽ 38*) ആരോണിന് ഉറച്ച പിന്തുണ നൽകി. 37–ാം ഓവറിലാണ് ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചറി ആരോൺ കുറിച്ചത്. 95 പന്തിലാണ് ആരോൺ മൂന്നക്കം കടന്നത്. 2 സിക്സും 15 ഫോറുമാണ് ആരോണിന്റെ ക്ലാസിക് ഇന്നിങ്സിൽ പിറന്നത്. 40–ാം ഓവറിൽ ആരോൺ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 300ൽ എത്തിയിരുന്നു. പിന്നീടെത്തിയ വേദാന്ത് ത്രിവേദിയെ (6 പന്തിൽ 5*) കൂട്ടുപിടിച്ച് വിഹാൻ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

∙‘ഇരട്ട’സെഞ്ചറിആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 310 റൺസെടുത്തത്. സെഞ്ചറി നേടിയ ഫൈസൽ ഷിനോസാദ (93 പന്തിൽ 110), ഉസൈറുള്ള നിയാസായി (86 പന്തിൽ 101*) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് അഫ്ഗാന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അണ്ടർ 19 ലോകകപ്പിൽ ആദ്യമായാണ് ഒരു ടീം ഇന്ത്യയ്ക്കെതിരെ മുന്നൂറിനു മുകളിൽ ടോട്ടൽ നേടുന്നത്. 2014 ലോകകപ്പിൽ വെസ്റ്റിൻഡീസ് നേടിയ 294 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന ടോട്ടൽ.

ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ മഹ്ബൂബ് ഖാൻ ബാറ്റിങ് തിരഞ്ഞെടുത്തുകയായിരുന്നു. ഓപ്പണർമാരായ ഉസ്മാൻ സാദത്ത് (70 പന്തിൽ 39), ഖാലിദ് അഹമ്മദ്‌സായി (39 പന്തിൽ 31) എന്നിവർ ചേർന്നു മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാനു നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 53 റൺസെടുത്തു. 13–ാം ഓവറിൽ ഖാലിദിനെ പുറത്താക്കി ദീപേഷ് ദേവേന്ദ്രനാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായാണ് ഫൈസൽ ഷിനോസാ ക്രീസിലെത്തിയത്. ഉസ്മാനെ കൂട്ടുപിടിച്ച് ഫൈസൽ കളംപിടിച്ചതോടെ അഫ്ഗാനിസ്ഥാൻ സ്കോർ കുതിച്ചു. 25–ാം ഓവറിൽ ഉസ്മാൻ പുറത്തായതിനു പിന്നാലെയാണ് മറ്റൊരു സെഞ്ചറി വീരൻ ഉസൈറുള്ള ക്രീസിലെത്തിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും 148 റൺസാണ് അടിച്ചുകൂട്ടിയത്.

86 പന്തിലാണ് ഫൈസൽ സെഞ്ചറി തികച്ചത്. താരത്തിന്റെ തുടർച്ചയായ രണ്ടാം സെഞ്ചറിയാണ് ഇത്. ഗ്രൂപ്പ് ഘട്ടത്തിൽ, അയർലൻഡിനെതിരായ അവസാന മത്സരത്തിൽ താരം 142 പന്തിൽ 163 റൺസെടുത്തിരുന്നു. 15 ഫോറടങ്ങുന്നതാണ് ഫൈസലിന്റെ ഇന്നത്തെ ഇന്നിങ്സ്. 46–ാം ഓവറിൽ ഫൈസൽ പുറത്തായതിനു പിന്നാലെ അഫ്ഗാൻ ഇന്നിങ്സിന്റെ ചുമതല ഉസൈറുള്ള ഏറ്റെടുക്കുകയായിരുന്നു. അവസാന ഓവറിലാണ് താരം സെഞ്ചറി തികച്ചത്. രണ്ടു സിക്സും 12 ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഇന്ത്യയ്ക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക ചൗഹാനും രണ്ടു വിക്കറ്റു വീതമെടുത്തു.
 

അണ്ടർ 19 ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ സെഞ്ചറി നേടി അഫ്‌ഗാനിസ്ഥാൻ താരങ്ങളായ  ഉസൈറുള്ള നിയാസായി, ഫൈസൽ ഷിനോസാദ  (Facebook/ICC)

അണ്ടർ 19 ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ സെഞ്ചറി നേടി അഫ്‌ഗാനിസ്ഥാൻ താരങ്ങളായ ഉസൈറുള്ള നിയാസായി, ഫൈസൽ ഷിനോസാദ (Facebook/ICC)

English Summary:

U19 World Cup Semifinal: India vs Afghanistan - Live Score

Read Entire Article