Published: May 07, 2026 10:57 PM IST Updated: May 08, 2026 12:45 AM IST
1 minute Read
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പ്ലേ ഓഫ് പ്രതീക്ഷകളെ പ്രതിസന്ധിയിലാക്കി ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഇരുട്ടടി. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ ലക്നൗ, ആർസിബിക്കെതിരെ ഒൻപതു റൺസ് വിജയമാണു സ്വന്തമാക്കിയത്. ഡിഎൽഎസ് നിയമപ്രകാരം 213 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു 19 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. പോയിന്റ് പട്ടികയിൽ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആർസിബി. ഇന്ന് ജയിച്ചിരുന്നെങ്കിൽ ആർസിബിക്ക് ഒന്നാമതെത്താമായിരുന്നു. പത്ത് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങൾ മാത്രമുള്ള ലക്നൗവിന്റെ പ്ലേ ഓഫ് സ്വപ്്നങ്ങൾ അവസാനിച്ചതാണ്.
അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ രജത് പാട്ടീദാറാണ് ആർസിബിയുടെ ടോപ് സ്കോറർ. 31 പന്തുകൾ നേരിട്ട പാട്ടീദാർ 61 റൺസെടുത്തു പുറത്തായി. മധ്യനിര താരങ്ങൾ അവസാന ഓവർ വരെ പൊരുതി നോക്കിയെങ്കിലും ആർസിബിയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഓപ്പണർമാരായ ജേക്കബ് ബെതൽ (നാല്), വിരാട് കോലി (പൂജ്യം) എന്നിവരുടെ വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായത് ആർസിബിക്കു തിരിച്ചടിയായി. ദേവ്ദത്ത് പടിക്കലും (25 പന്തിൽ 34) രജത് പാട്ടീദാറും ചേർന്ന് 9.3 ഓവറിലാണ് ആർസിബിയെ 100 കടത്തിയത്.
ഇവരുടെ മടക്കത്തിനു ശേഷം ജിതേഷ് ശർമയും (ഒന്ന്) നിരാശപ്പെടുത്തി. എന്നാൽ മധ്യനിരയിൽ തകർത്തടിച്ച ടിം ഡേവിഡ് 17 പന്തിൽ 40 റൺസെടുത്തത് നിർണായകമായി. ക്രുനാൽ പാണ്ഡ്യ (16 പന്തിൽ 28), റൊമാരിയോ ഷെഫേഡ് (15 പന്തിൽ 23) എന്നിവർ പൊരുതിനിന്നെങ്കിലും വിജയം കാണാൻ സാധിച്ചില്ല. ലക്നൗവിനായി പ്രിൻസ് യാദവ് മൂന്നും ഷഹബാസ് അഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റുണ്ട്.
മഴ കാരണം 19 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സടിച്ചു. ഓപ്പണര്‍ മിച്ചല്‍ മാർഷ് സെഞ്ചറി നേടി. 56 പന്തുകൾ നേരിട്ട താരം ഒൻപതു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 111 റൺസടിച്ചു.
നിക്കോളാസ് പുരാന്‍ (23 പന്തിൽ 38), ക്യാപ്റ്റൻ ഋഷഭ് പന്ത് (10 പന്തിൽ 32) എന്നിവരാണ് ലക്നൗവിന്റെ മറ്റു പ്രധാന സ്കോറര്‍മാർ. ഓപ്പണർ അർഷിൻ കുൽക്കർണി 24 പന്തുകളിൽ 17 റണ്‍സെടുത്തു പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ മിച്ചൽ മാർഷും അർഷിന്‍ കുൽക്കർണിയും ചേർന്ന് 95 റൺസ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 20 പന്തുകളിൽ അർധ സെഞ്ചറി പിന്നിട്ട മാർഷ്, പിന്നീടുള്ള 29 പന്തുകളിലാണ് 100 ൽ എത്തിയത്.
ലക്നൗ ബാറ്റിങ്ങിനിടെ മഴ കാരണം രണ്ടു തവണയാണ് കളി മുടങ്ങിയത്. അവസാന പന്തുകളിൽ തകർത്തടിച്ച ക്യാപ്റ്റൻ ഋഷഭ് പന്താണ് ലക്നൗ സ്കോർ 200 കടത്തിയത്. ആര്‍സിബിക്കായി ജോഷ് ഹെയ്സല്‍വുഡ്, ക്രുനാൽ പാണ്ഡ്യ, റാസിഖ് സലാം എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
English Summary:







English (US) ·