Published: April 12, 2026 09:39 PM IST Updated: April 13, 2026 12:01 AM IST
2 minute Read
മുംബൈ∙ വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കുതിപ്പ്. ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ 18 റൺസ് വിജയമാണ് ബെംഗളൂരു നേടിയത്. ആര്‍സിബി ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മൂന്നാം വിജയത്തോടെ ആറു പോയിന്റുള്ള ആർസിബി മൂന്നാം സ്ഥാനത്താണ്. അതേസമയം രണ്ടു പോയിന്റു മാത്രമുള്ള മുംബൈ എട്ടാമതാണ്.
അവസാന പന്തുകളിൽ തകർത്തടിച്ച് അർധ സെഞ്ചറി നേടിയ ഷെർഫെയ്ൻ റുഥര്‍ഫോഡാണ് മുംബൈയുടെ ടോപ് സ്കോറര്‍. ഒന്‍പതു സിക്സുകൾ ബൗണ്ടറി കടത്തിയ റുഥർഫോഡ് 31 പന്തിൽ 71 റണ്‍സുമായി പുറത്താകാതെനിന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ(22 പന്തിൽ 40), റയാൻ റിക്കിൾട്ടൻ (22 പന്തിൽ 37), സൂര്യകുമാർ യാദവ് (22 പന്തിൽ 33) എന്നിവർ പൊരുതിനിന്നെങ്കിലും വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കാതിരുന്നതു മുംബൈയ്ക്കു തിരിച്ചടിയായി. 19 റൺസടിച്ച ഓപ്പണർ രോഹിത് ശർമ റിട്ടയേഡ് ഹർട്ടായി മടങ്ങി. മധ്യനിരയിൽ തിലക് വർമയും (ഒന്ന്), നമൻ ധീറും (ഒന്ന്) പൊരുതാതെ കീഴടങ്ങി.
പവർപ്ലേയിൽ 62 റൺസടിച്ച ഓപ്പണർമാർ മുംബൈയ്ക്കു മികച്ച തുടക്കമാണു നല്‍കിയത്. എന്നാൽ മുംബൈ നിരയിൽ റുഥർഫോർഡൊഴികെ മറ്റാർക്കും വലിയ ഇന്നിങ്സുകൾ കളിക്കാൻ സാധിച്ചില്ല. അവസാന ഓവറുകളിൽ ഷെർഫെയ്ൻ റുഥർഫോര്‍ഡ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് സ്കോർ 200 കടത്തിയത്. അവസാന രണ്ടോവറുകളിൽ 54 റൺസായിരുന്നു മുംബൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഭുവനേശ്വർ കുമാറിന്റെ 19–ാം ഓവറിൽ ഒൻപതു റൺസ് മാത്രമാണ് മുംബൈയ്ക്കു നേടാൻ സാധിച്ചത്. ഇത് കളിയിൽ നിർണായകമായി. റൊമാരിയോ ഷെഫേഡിന്റെ 20–ാം ഓവറിൽ റുഥർഫോഡ് നാലു സിക്സുകൾ ബൗണ്ടറി കടത്തിയെങ്കിലും 222 എന്ന സ്കോറിൽ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു.
ആർസിബിക്കായി സുയാഷ് ശർമ രണ്ടു വിക്കറ്റുകളും ജേക്കബ് ഡഫി, റാസിക് സലാം, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്തു. 36 പന്തുകളിൽ 78 റൺസെടുത്ത ഫിൽ സോൾട്ടാണ് ആർസിബിയുടെ ടോപ് സ്കോറർ. ആറു വീതം സിക്സുകളും ഫോറുകളും താരം ബൗണ്ടറി കടത്തി.
ഓപ്പണർ വിരാട് കോലി (38 പന്തിൽ 50), ക്യാപ്റ്റൻ രജത് പാട്ടീദാർ (20 പന്തിൽ 53) എന്നിവരും ബാറ്റിങ് വെടിക്കെട്ട് നടത്തിയതോടെയാണ് പടുകൂറ്റൻ സ്കോറിലേക്ക് ബെംഗളൂരു എത്തിയത്. അവസാന ഓവറുകളിൽ മൂന്നു സിക്സറുകളും രണ്ടു ബൗണ്ടറിയും കണ്ടെത്തിയ ടിം ഡേവിഡ് 16 പന്തില്‍ 35 റൺസുമായി പുറത്താകാതെനിന്നു. പവർപ്ലേ ഓവറുകളിൽ വിക്കറ്റു പോകാതെ 71 റൺസടിച്ച ആർസിബി, 8.4 ഓവറിൽ (52 പന്തുകൾ) 100 കടന്നിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 120 റൺസാണ് ഫിൽ സോൾട്ടും വിരാട് കോലിയും ചേർന്ന് അടിച്ചുകൂട്ടിയത്. സ്കോർ 120 ൽ നിൽക്കെ സോൾട്ടിനെ ഷാർദൂൽ ഠാക്കൂറിന്റെ പന്തിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പിടിച്ചെടുത്തു. എന്നാൽ പിന്നാലെയെത്തിയ രജത് പാട്ടീദാറും തകർത്തടിച്ചതോടെ ആര്‍സിബിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ഹാർദിക് പാണ്ഡ്യയെറിഞ്ഞ 15–ാം ഓവറിലെ നാലാം പന്തിൽ, സൂര്യകുമാർ യാദവ് ക്യാച്ചെടുത്ത് വിരാട് കോലിയെ മടക്കി. പിന്നാലെ മിച്ചൽ സാന്റ്‍നറിനു മുന്നിൽ തിലക് വർമയും വീണു. 16.5 ഓവറുകളിൽ സ്കോർ 200 പിന്നിട്ടു. ഒരു ഭാഗത്ത് ടിം ഡേവിഡ് വമ്പനടികൾ ലക്ഷ്യമിട്ടപ്പോൾ ജിതേഷ് ശർമ ഒരിക്കൽകൂടി നിരാശപ്പെടുത്തി. 10 റൺസ് മാത്രമെടുത്ത ജിതേഷ് ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ബോൾഡായി. ട്രെന്റ് ബോൾട്ടിന്റെ അവസാന ഓവറിലെ ആറാം പന്ത് സിക്സർ തൂക്കി ടിം ഡേവിഡ് സ്കോർ 240ൽ എത്തിക്കുകയായിരുന്നു.
തുടർച്ചയായ നാലാം മത്സരത്തിലാണ് ആർസിബി 200ന് മുകളിൽ സ്കോർ കണ്ടെത്തുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ സീസണിലെ രണ്ടാം പോരാട്ടത്തിൽ ബെംഗളൂരു 250 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഒരു വിക്കറ്റ് നേടിയ കിവീസ് പേസർ ട്രെന്റ് ബോൾട്ട് 50 റൺസാണ് നാലോവറുകളിൽ വഴങ്ങിയത്. മിച്ചൽ സാന്റ്നർ 43 റൺസും വഴങ്ങി. രണ്ടോവർ മാത്രം പന്തെറിഞ്ഞ ഇന്ത്യൻ സ്പിന്നർ മയങ്ക് മാർക്കണ്ടെ 40 റൺസ് വിട്ടുകൊടുത്തു. മയങ്കിനു വിക്കറ്റൊന്നും ലഭിച്ചതുമില്ല.
English Summary:







English (US) ·