Published: July 14, 2026 12:47 PM IST Updated: July 14, 2026 01:51 PM IST
1 minute Read
അറ്റ്ലാന്റ ∙ 2026ലെ ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടുന്നതിന് മുന്നോടിയായി അർജന്റീനയുടെ സൈക്കോളജിക്കൽ നീക്കം. മത്സരത്തിൽ, ടീമിന്റെ നേവി ബ്ലൂ എവേ കിറ്റ് ധരിക്കാൻ അർജന്റീന മാനേജ്മെന്റ് ഫിഫയുടെ അനുമതി തേടി. എന്നാൽ ഇംഗ്ലണ്ടുമായി മത്സരിക്കുമ്പോൾ ഗ്രൗണ്ടിൽ മികച്ച ദൃശ്യതീവ്രത സൃഷ്ടിക്കുക എന്നതു മാത്രമല്ല ഇതിന്റെ ഉദ്ദേശ്യമെന്നാണ് പലരുടെയും അഭിപ്രായം. മത്സരത്തിൽ ഇംഗ്ലണ്ടിനെ മാനസികമായി തളർത്തുക എന്നൊരു ഉദ്ദേശ്യം കൂടി ഈ നേവി ബ്ലൂ ജഴ്സിക്കുണ്ട് എന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
What you should work next
1986 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും ഏറ്റുമുട്ടിയപ്പോൾ അർജന്റീന ധരിച്ചിരുന്നത് നേവി ബ്ലൂ ജഴ്സിയാണ്. മറഡോണയുടെ പ്രശസ്തമായ ‘ദൈവത്തിന്റെ കൈ’ ഗോളും ‘നൂറ്റാണ്ടിന്റെ ഗോളും’ പിറന്നത് ഈ മത്സരത്തിലാണ്. മത്സരത്തിൽ 2-1ന് അർജന്റീന ഇംഗ്ലണ്ടിനെ തകർത്തു. ആ വർഷം അർജന്റീന ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു. 2026 ഫിഫ ലോകകപ്പ് സെമി ഫൈനലിൽ അതേ നേവി ബ്ലൂ കിറ്റ് ധരിച്ച് കളത്തിലിറങ്ങുന്നതോടെ ഇംഗ്ലണ്ടിനെ ആ പഴയ ഓർമകൾ വേട്ടയാടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇതുവഴി അർജന്റീനയ്ക്ക് മാനസികമായൊരു മേൽക്കൈ ലഭിക്കുമെന്നും അഭിപ്രായമുണ്ട്. ഇതിനായാണ് അർജന്റീന നേവി ബ്ലൂ എവേ കിറ്റ് ധരിക്കാൻ അനുമതി തേടിയത് എന്നാണ് വിലയിരുത്തൽ.
1986ലെ ആ മത്സരത്തിന് ശേഷം, ലോകകപ്പിൽ അർജന്റീനയും ഇംഗ്ലണ്ടും രണ്ടു തവണ കൂടി ഏറ്റുമുട്ടിയിട്ടുണ്ട്. 1998ൽ, 2-2 എന്ന നാടകീയമായ സമനിലയ്ക്ക് ശേഷം പെനൽറ്റി ഷൂട്ടൗട്ടിൽ 4-3 ന് അർജന്റീന വിജയിച്ചു. 2002ൽ, ഡേവിഡ് ബെക്കാമിന് ലഭിച്ച ഒരു പെനൽറ്റിയിലൂടെ ഇംഗ്ലണ്ട് 1-0 എന്ന സ്കോറിന് വിജയിച്ചു. ആ മത്സരത്തിൽ ഇളം നീലയും വെള്ളയും വരകളുള്ള കിറ്റ് ധരിച്ചാണ് അർജന്റീന മത്സരത്തിനിറങ്ങിയത്.
അറ്റ്ലാന്റയിൽ നടക്കുന്ന സെമിഫൈനലിൽ ഇംഗ്ലണ്ട് അവരുടെ ഹോം വെള്ള കിറ്റ് ധരിച്ചാണ് മത്സരിക്കുന്നത്. അതേസമയം അർജന്റീന നേവി ബ്ലൂ, കറുപ്പ് ആൾട്ടർനേറ്റ് ജേഴ്സി ധരിക്കും എന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്.
2026 ലോകകപ്പിൽ ഇതുവരെ, അർജന്റീന അവരുടെ ആറ് മത്സരങ്ങളിൽ അഞ്ചിലും അവരുടെ പ്രാഥമിക ജഴ്സി ധരിച്ചിട്ടുണ്ട്, അവയെല്ലാം വിജയിക്കുകയും ചെയ്തു. ഈ ടൂർണമെന്റിൽ ജോർദനെതിരെ മാത്രമേ അവർ ബദൽ കിറ്റ് തിരഞ്ഞെടുത്തിട്ടുള്ളൂ. മത്സരം 3-1 ന് അർജന്റീന വിജയിച്ചു.
ജൂലൈ 16ന് അർധരാത്രി 12:30ന് ആണ് അർജന്റീന– ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം. ലയണൽ മെസ്സി തന്റെ കരിയറിൽ ആദ്യമായി ഇംഗ്ലണ്ടിനെ നേരിടുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
English Summary:





English (US) ·