Published: March 05, 2026 04:25 PM IST
1 minute Read
ലഹോർ∙ തുടർച്ചയായി വിമർശനങ്ങൾ കേട്ടിട്ടും ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പ്രവചനങ്ങൾ തുടർന്ന് പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിക്കാൻ ഇന്ത്യയ്ക്കു സാധിക്കില്ലെന്നാണ് ആമിറിന്റെ കണ്ടെത്തൽ. നേരത്തേ ഇന്ത്യ സെമിയിലെത്തില്ലെന്നും വെസ്റ്റിൻഡീസിനോടു തോറ്റു പുറത്താകുമെന്നും ആമിർ ഒരു ചർച്ചയ്ക്കിടെ പ്രതികരിച്ചിരുന്നു. പ്രവചനം പാളിയതോടെ പാക്കിസ്ഥാൻ മുൻ താരം വലിയ തോതിൽ പരിഹാസവും വിമർശനവും നേരിട്ടു.
കരുത്തരായ ഇംഗ്ലണ്ടിനെ തോൽപിക്കാനുള്ളത്രയും ശേഷി ഇന്ത്യയ്ക്കില്ലെന്നാണ് ആമിറിന്റെ പുതിയ പ്രവചനം. ഒരു ടീമെന്ന നിലയിൽ ഇന്ത്യയ്ക്ക് ഇപ്പോഴും ഒത്തിണക്കം വന്നിട്ടില്ലെന്നും ആമിർ ഒരു ചാനൽ ചർച്ചയ്ക്കിടെ പ്രതികരിച്ചു.വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ലോകകപ്പിലെ ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം.ജയിക്കുന്നവർ ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ന്യൂസീലന്‍ഡിനെ നേരിടും.
‘‘മുംബൈയിലേത് വളരെ മികച്ച പിച്ചാണ്. ഇംഗ്ലണ്ട് രണ്ടാമതു ബാറ്റു ചെയ്യുകയാണെങ്കിൽ അവർക്കാണു കൂടുതൽ സാധ്യത. എന്തായാലും മുംബൈയിൽ റണ്ണൊഴുകും. ഇന്ത്യയുടെ ഒന്നോ, രണ്ടോ ബാറ്റർമാർ മാത്രമാണു നന്നായി കളിക്കുന്നത്. ഇന്ത്യയുടെ മൊത്തത്തിലുള്ള ബാറ്റിങ് കണ്ടാൽ അവർ ഫോമിൽ അല്ലെന്നു മനസ്സിലാകും. ഇഷാന്‍ കിഷൻ പാക്കിസ്ഥാനെതിരെ മാത്രമാണു തിളങ്ങിയത്.’’
‘‘അഭിഷേക് ശർമ ഫോമിൽ അല്ല. തിലക് വർമയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. സൂപ്പർ എട്ടിൽ കടന്ന ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തിളങ്ങിയിട്ടില്ല. സഞ്ജുവും ബുമ്രയും നന്നായി കളിക്കുന്നുണ്ട്. ഇങ്ങനെയൊരു ഇന്ത്യൻ ടീം തിളങ്ങുമെന്ന് നമുക്ക് ഉറപ്പുപറയാൻ സാധിക്കില്ല. ഇംഗ്ലണ്ടാണ് ഈ മത്സരത്തിലെ ഫേവറീറ്റ്സ്’’- ആമിര്‍ വ്യക്തമാക്കി.
English Summary:







English (US) ·