ഇംഗ്ലണ്ടിനെ വിറപ്പിച്ച ശേഷം കീഴടങ്ങി നേപ്പാൾ, രക്ഷപെട്ടത് സാം കറന്റെ 20–ാം ഓവറിൽ, നാല് റൺസ് വിജയം

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: February 08, 2026 07:58 PM IST

1 minute Read

 INDRANIL MUKHERJEE / AFP
ഇംഗ്ലണ്ട്– നേപ്പാൾ മത്സരത്തിൽനിന്ന്. Photo: INDRANIL MUKHERJEE / AFP

Follow Us

Facebook

WhatsApp

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ വമ്പൻ അട്ടിമറിയിൽനിന്നു രക്ഷപെട്ട് ഇംഗ്ലണ്ട്. ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ നാലു റൺസിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന ഓവറില്‍ 10 റൺസ് വേണമെന്നിരിക്കെ അഞ്ച് റൺസ് നേടാൻ മാത്രമാണു നേപ്പാളിനു സാധിച്ചത്.

അവസാന ഓവറിൽ ബൗണ്ടറികളൊന്നും വഴങ്ങാതിരുന്ന പേസർ സാം കറനാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരികെയെത്തിച്ചത്. മികച്ച വിജയലക്ഷ്യമുയർത്തിയിട്ടും ദുർബലരായ നേപ്പാളിനെതിരെ ബോളർമാർ റൺസ് വാരിക്കോരി കൊടുത്തത് ഇംഗ്ലണ്ടിന് ഞെട്ടലായി. 20 പന്തിൽ 39 റൺസെടുത്ത ലോകേഷ് ബാം പുറത്താകാതെനിന്നെങ്കിലും നേപ്പാളിനെ വിജയത്തിലെത്തിക്കാൻ സാധിക്കാതെ പോയി. 29 പന്തിൽ 44 റൺസടിച്ച ദീപേന്ദ്ര സിങ് എയ്റിയാണ് മറുപടി ബാറ്റിങ്ങിൽ നേപ്പാളിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ രോഹിത് പൗഡൽ (34 പന്തിൽ 39), കുശാൽ ബുർതൽ (17 പന്തിൽ 29) എന്നിവരും തിളങ്ങിയതോടെയാണ് വിജയത്തിനടുത്തുവരെ നേപ്പാൾ എത്തിയത്. എങ്കിലും നാലു റണ്‍സകലെ തോൽവി സമ്മതിക്കേണ്ടിവന്നു.

ടോസ്‍ വിജയിച്ച് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിനായി ജേക്കബ് ബെതലും ക്യാപ്റ്റൻ ഹാരി ബ്രൂക്കും അർധ സെഞ്ചറി നേടി. 35 പന്തിൽ 55 റൺസെടുത്ത ബെതൽ, നാലു വീതം സിക്സുകളും ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. ബ്രൂക്ക് മൂന്ന് സിക്സും നാലു ഫോറും അടിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച വില്‍ ജാക്സ് 18 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു. നേപ്പാളിനായി ദീപേന്ദ്ര സിങ് എയ്റി, നന്ദൻ യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾവീതം വീഴ്ത്തി. ഷേർ മലയ്ക്കും സന്ദീപ് ലാമിച്ഛനെയ്ക്കും ഓരോ വിക്കറ്റുകളുണ്ട്.

ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ന്യൂസീലൻഡ് അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത അഫ്ഗാൻ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തപ്പോൾ, കിവീസ് 17.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു.

English Summary:

England narrowly escaped a large upset successful the T20 World Cup, securing a four-run triumph against Nepal. Despite mounting a people of 185, England's bowlers conceded runs freely, leaving the squad successful daze against a weaker opponent.

Read Entire Article