ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ചില പേരുകൾ എഴുതിച്ചേർക്കപ്പെടുന്നതും ഓർക്കപ്പെടുന്നതും നിർണായക പ്രകടനങ്ങളിലൂടെയാണ്. 2026 ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്‌സിനായി പാഡ് കെട്ടിയ 22കാരനായ കൂപ്പർ കാനലിയാണ് ഇപ്പോഴത്തെ ട്രെന്‍ഡിങ് താരം. ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും തിളങ്ങിയെങ്കിലും ഐപിഎലിന്റെ സമ്മർദത്തിന് മുൻപിൽ ഈ യുവതാരം എങ്ങനെ പതറാതെ നിൽക്കുമെന്ന് ആശങ്കപ്പെട്ടവർക്ക് ഗുജറാത്ത് ടൈറ്റൻസിനെതിരായ അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം കൃത്യമായ മറുപടിയായിരുന്നു.
∙ ഫോമില്ലായ്മയിൽ നിന്നുള്ള ഉദയം
ഐപിഎലിലേക്ക് എത്തുമ്പോൾ കൂപ്പർ കാനലിയുടെ പക്കൽ വലിയ സ്കോറുകളുടെ പിൻബലമില്ലായിരുന്നു. കൃത്യമായി പറഞ്ഞാൽ, താളം കണ്ടെത്താൻ കഷ്ടപ്പെടുന്ന ഒരു ബാറ്ററെയാണ് സമീപകാല കണക്കുകളിൽ കണ്ടത്. 2025-26 ബിഗ് ബാഷ് ലീഗ് സീസനിന്റെ തുടക്കത്തിൽ രണ്ടു മികച്ച ഇന്നിങ്സുകൾ കളിച്ചെങ്കിലും പിന്നീട് അങ്ങോട്ട് കാനലിക്ക് അടിപതറി. തുടർന്നുള്ള 10 മത്സരങ്ങളിൽ നിന്ന് വെറും 73 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
ഓസ്‌ട്രേലിയൻ ദേശീയ ടീമിനായുള്ള പ്രകടനവും അത്ര മികച്ചതായിരുന്നില്ല. പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു റൺസ് മാത്രം. 2026 ട്വന്റി20 ലോകകപ്പിൽ കിട്ടിയ അവസരങ്ങളാകട്ടെ 3, പുറത്താകാതെ 11 എന്നിങ്ങനെ ചെറിയ സ്കോറുകളിൽ ഒതുങ്ങി. എന്നാൽ, ഈ സംഖ്യകൾക്ക് പിന്നിൽ ഒളിഞ്ഞിരുന്ന ഒരു സവിശേഷതയുണ്ടായിരുന്നു. ബാറ്റിങ്ങിൽ പരാജയപ്പെടുമ്പോഴും പന്തുകൊണ്ട് അദ്ദേഹം തിളങ്ങി. ആ ബിഗ് ബാഷ് സീസണിൽ 6.40 എന്ന മികച്ച എക്കണോമിയിൽ 15 വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി. ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ഏത് പ്രതിസന്ധിയിലും ടീമിന് ഉപകരിക്കാൻ തനിക്ക് കഴിയുമെന്ന് കാനലി തെളിയിച്ചുകൊണ്ടിരുന്നു.
∙ റിക്കി പോണ്ടിങ്ങിന്റെ തന്ത്രപരമായ നീക്കം
പഞ്ചാബ് കിങ്‌സ് ക്യാംപിലെ മാറ്റങ്ങളുടെ ഭാഗമായാണ് കാനലിയെ ഇന്ത്യയിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ജോഷ് ഇംഗ്ലിഷിനെ പഞ്ചാബ് ഒഴിവാക്കിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ലക്നൗ സൂപ്പർ ജയന്റ്‌സിലേക്ക് ഇംഗ്ലിഷ് ചേക്കേറിയതോടെ പഞ്ചാബിന് വിശ്വസ്തനായ ഒരു മൂന്നാം നമ്പർ ബാറ്ററെ ആവശ്യമായി വന്നു. ആ സമയം റിക്കി പോണ്ടിങ് എന്ന ഇതിഹാസ പരിശീലകന്റെ കണ്ണുകൾ ചെന്നുനിന്നത് കൂപ്പർ കാനലിയിലാണ്. 2026ലെ മിനി ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി കടുത്ത പോരാട്ടം നടത്തിയാണ് 3 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് ഈ ഇടംകൈയ്യൻ താരത്തെ സ്വന്തമാക്കിയത്.
∙ അരങ്ങേറ്റത്തിലെ പടയോട്ടം
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം കാനലിയെ സംബന്ധിച്ചിടത്തോളം ഒരു അഗ്നിപരീക്ഷയായിരുന്നു. പ്രിയാൻഷ് ആര്യ തുടക്കത്തിലെ പുറത്തായതോടെ മൂന്നാം നമ്പറിൽ താരത്തിന് ക്രീസിലെത്തേണ്ടി വന്നു. താൻ നേരിട്ട ആദ്യ പന്തുകളിൽ തികഞ്ഞ സംയമനം പാലിച്ച അദ്ദേഹം കളം പിടിച്ചതോടെ പിന്നീട് ഗിയർ മാറ്റി കത്തിക്കയറി.44 പന്തുകളിൽ നിന്ന് പുറത്താകാതെ 72 റൺസ്! അഞ്ച് സിക്സറുകളും അഞ്ച് ഫോറുകളും അടങ്ങിയ ആ ഇന്നിങ്സ് പഞ്ചാബിന്റെ ചേസിങ് സുഗമമാക്കി. മധ്യനിരയിൽ ഒരു തകർച്ച ഉണ്ടായെങ്കിലും കാനലിലിയുടെ പക്വതയാർന്ന ബാറ്റിങ് അഞ്ച് പന്തുകൾ ബാക്കി നിൽക്കെ പഞ്ചാബിനെ വിജയത്തിലെത്തിച്ചു. അർഹിച്ച പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
∙ 'ബിബിഎൽ ടാക്‌സ്' എന്ന പേടിസ്വപ്നം മറികടക്കുമ്പോൾ
ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ തിളങ്ങുന്ന താരങ്ങൾ ഐപിഎലിൽ പരാജയപ്പെടുന്നതിനെ ക്രിക്കറ്റ് ലോകം വിളിക്കുന്നത് 'ബിബിഎൽ ടാക്‌സ്' എന്നാണ്. ഡാർസി ഷോർട്ട്, മാത്യു ഷോർട്ട്, റിച്ചഡ്‌സൺ തുടങ്ങിയവർ ഇതിന് മുൻപത്തെ ഉദാഹരണങ്ങളാണ്. എന്നാൽ കാനലിയുടെ ബിബിഎൽ കണക്കുകൾ (34 മത്സരങ്ങളിൽ നിന്ന് 786 റൺസ്, സ്ട്രൈക്ക് റേറ്റ് 137.41) ഐപിഎലിലും ആവർത്തിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ലഭിക്കുന്നത്. മത്സരത്തിന് മുൻപുള്ള തന്റെ തയാറെടുപ്പിനെക്കുറിച്ച് കാനലി പറഞ്ഞത് ശ്രദ്ധേയമാണ്: ‘ഐപിഎല്ലിന് മുൻപ് ഞാൻ വീട്ടിൽ പോയി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു. അതൊരു റീസെറ്റ് ബട്ടൺ പോലെയായിരുന്നു. മാനസികമായി ഫ്രഷ് ആയി ഐപിഎല്ലിലേക്ക് വരണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.’ ആ മാനസിക വ്യക്തത ഗ്രൗണ്ടിലും പ്രകടമായിരുന്നു.
∙ മെന്റർ ഷോൺ മാർഷും റാഷിദ് ഖാനെ നേരിട്ട രീതിയും
പഞ്ചാബ് കിങ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പേരാണ് ഷോൺ മാർഷ്. ആ ഇടംകൈയ്യൻ ഇതിഹാസത്തെയാണ് കാനലി തന്റെ മാതൃകയായി കാണുന്നത്. ‘അദ്ദേഹത്തിന്റെ ടൈമിങും ഗ്യാപ്പുകളിലൂടെ ബോൾ പായിക്കുന്ന രീതിയും അദ്ഭുതകരമാണ്. എനിക്ക് സംശയങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ അദ്ദേഹത്തെ സമീപിക്കാറുണ്ട്,’ കാനലി പറയുന്നു. മാർഷിന്റെ ശൈലി തന്റെ ബാറ്റിങ്ങിലും കൊണ്ടുവരാൻ താരം ശ്രമിക്കുന്നുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ലോകോത്തര സ്പിന്നർ റാഷിദ് ഖാനെ നേരിട്ട രീതി ക്രിക്കറ്റ് നിരീക്ഷകരെ ഞെട്ടിച്ചു. റാഷിദ് എറിഞ്ഞ 12 പന്തുകളിൽ നിന്ന് 22 റൺസാണ് അടിച്ചെടുത്തത്. ഇതിൽ രണ്ട് പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നു. റാഷിദ് ഖാൻ തന്റെ പഴയ ഫോമിലല്ലെങ്കിലും ഒരു അരങ്ങേറ്റക്കാരൻ ഇത്രയും ആത്മവിശ്വാസത്തോടെ അദ്ദേഹത്തെ നേരിടുന്നത് അപൂർവമായ കാഴ്ചയായിരുന്നു. മുൻ ഇന്ത്യൻ താരം സബാ കരീം പറഞ്ഞതുപോലെ, ‘റാഷിദ് ഖാനെതിരെ ടോൺ സെറ്റ് ചെയ്ത രീതി തന്നെ കാനലി എത്രത്തോളം മികച്ച താരമാണെന്ന് വ്യക്തമാക്കുന്നു.’
∙ റിക്കി പോണ്ടിങ്ങിന്റെ കൈപിടിച്ച്
റിക്കി പോണ്ടിങ് എന്ന പരിശീലകന്റെ സാന്നിധ്യമാണ് കാനലിക്ക് കരുത്താവുന്നത്. ‘കളിക്കളത്തിൽ ശാന്തനായിരിക്കാനും നിന്റെ സ്വാഭാവികമായ കളി പുറത്തെടുക്കാനും മാത്രമാണ് റിക്കി എന്നോട് പറഞ്ഞത്,’ കാനലി വെളിപ്പെടുത്തി. ഒരു യുവതാരത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ പിന്തുണയാണിത്. പഞ്ചാബ് കിങ്‌സ് കാലങ്ങളായി തിരയുന്ന ആ 'വിജയമന്ത്രം' ഒരുപക്ഷേ കൂപ്പർ കാനലിയിലുണ്ടാകാം. ഇംഗ്ലീഷിന് പകരക്കാരനായി എത്തിയെങ്കിലും, ഇംഗ്ലിഷിനേക്കാൾ വലിയ സ്വാധീനം ടീമിൽ ചെലുത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് ഈ പ്രകടനം അടിവരയിടുന്നു.
കൂപ്പർ കാനലി വെറുമൊരു ‘ബാർഗെയ്ൻ പർച്ചേസ്’ അല്ല, മറിച്ച് പഞ്ചാബ് കിങ്‌സിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണ്. സമ്മർദഘട്ടങ്ങളിൽ പതറാത്ത മനസ്സ്, വിക്കറ്റിന് പിന്നിലും മുന്നിലും കളിക്കാനുള്ള വേഗം, ആവശ്യമായ ഘട്ടങ്ങളിൽ പന്തുകൊണ്ട് മാജിക് കാണിക്കാനുള്ള കഴിവ് – ഇതെല്ലാം ഒത്തുചേർന്നപ്പോൾ ഐപിഎലിന് ഒരു പുതിയ സൂപ്പർ താരത്തെ ലഭിച്ചിരിക്കുന്നു. മത്സങ്ങൾ ഇനിയും ബാക്കിയുണ്ട്, എന്നാൽ കാനലിയുടെ തുടക്കം പഞ്ചാബ് ആരാധകർക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. ഐപിഎൽ കിരീടം എന്ന പഞ്ചാബിന്റെ സ്വപ്നത്തിലേക്ക് ഈ ഓസ്‌ട്രേലിയൻ യുവതാരം ഒരു മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്.
English Summary:








English (US) ·