Published: April 01, 2026 10:45 PM IST
1 minute Read
ലക്നൗ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ ഓപ്പണറായിറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിനു നിരാശയോടെ മടക്കം. ഒൻപതു പന്തുകൾ നേരിട്ട പന്ത് ഏഴു റൺസ് മാത്രമെടുത്താണു പുറത്തായത്. ആദ്യ ഓവറിൽ ഒരു ഫോറടിച്ച് തുടങ്ങിയ പന്ത് ദൗർഭാഗ്യകരമായ രീതിയിലാണ് റൺഔട്ടായത്. ഡൽഹിയുടെ ഇന്ത്യൻ പേസർ മുകേഷ് കുമാർ എറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്തിലായിരുന്നു ലക്നൗ ക്യാപ്റ്റൻ നാടകീയമായി പുറത്തായത്.
മുകേഷിന്റെ പന്ത് നോൺസ്ട്രൈക്കറുടെ നേരെയാണ് മിച്ചൽ മാർഷ് അടിച്ചത്. മുകേഷിന്റെ കയ്യിൽ തട്ടിയ ശേഷം ബോൾ വിക്കറ്റിലേക്കു പതിക്കുകയായിരുന്നു. ഈ സമയത്ത് ക്രീസ് വിട്ട് ഇറങ്ങിയ ഋഷഭ് പന്ത് നോൺസ്ട്രൈക്കേഴ്സ് എന്‍ഡിൽനിന്ന് റൺഔട്ട് ആകുകയായിരുന്നു. എന്താണു സംഭവിച്ചതെന്നു മനസ്സിലാകാതെ നിന്ന പന്ത്, പിന്നീട് നിരാശയോടെ മടങ്ങി. ഡഗ് ഔട്ടിലേക്കു പോകുമ്പോൾ രോഷം പ്രകടിപ്പിക്കുന്ന ഋഷഭ് പന്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
മത്സരത്തിൽ അപ്രതീക്ഷിതമായാണ് ഋഷഭ് പന്ത് ഓപ്പണറുടെ റോളിലേക്കെത്തിയത്. ട്വന്റി20 ദേശീയ ടീമിലേക്കു തിരിച്ചെത്താൻ ശ്രമിക്കുന്ന താരത്തിന് ഐപിഎൽ സീസണിലെ പ്രകടനം നിർണായകമാണ്. ഡൽഹിക്കെതിരെ തിളങ്ങാൻ സാധിക്കാതെ പന്ത് പുറത്തായതിനു പിന്നാലെ ലക്നൗ ടോപ് ഓർഡർ തകർന്നുവീണു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 18.4 ഓവറില്‍ 141 റൺസെടുത്തു പുറത്തായി. 25 പന്തിൽ 36 റൺസടിച്ച അബ്ദുൽ സമദാണ് ലക്നൗവിന്റെ ടോപ് സ്കോറർ.
ഋഷഭ് പന്തിനു പുറമേ മുൻനിരയിൽ എയ്ഡൻ മാർക്രം (11), ആയുഷ് ബദോനി (പൂജ്യം), നിക്കോളാസ് പുരാൻ (എട്ട്) എന്നിവരും അതിവേഗം പുറത്തായതാണ് ലക്നൗവിന് തിരിച്ചടിയായത്. 71 റൺസെടുക്കുന്നതിനിടെ ലക്നൗവിന്റെ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. പവർപ്ലേയിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 48 റൺസെടുത്ത ശേഷമായിരുന്നു കൂട്ടത്തകർച്ച.
English Summary:








English (US) ·