Published: March 14, 2026 07:54 PM IST Updated: March 14, 2026 07:54 PM IST
1 minute Read
കൊൽക്കത്ത∙ ഐഎസ്‌എലിലെ ആവേശകരമായ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ, സീസണിൽ അക്കൗണ്ട് തുറന്നു. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇഞ്ചറി ടൈമിൽ മലയാളി താരം മുഹമ്മദ് അജ്‌സൽ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് 1-1 എന്ന നിലയിൽ സമനില പിടിച്ചത്.
സന്ദീപ് സിങ്, ഐബാൻ, ഹോർമിപാം റൂയിവ, ഫാലോ എൻഡിയായെ, നവോച്ച സിംഗ് എന്നിവരടങ്ങിയ പ്രതിരോധ നിരയെയാണ് ഹെഡ് കോച്ച് ദവീദ് കറ്റാല ഇന്ന് കളത്തിലിറക്കിയത്. വിബിൻ മോഹനൻ, ഡാനിഷ് ഫാറൂഖ്, എബിദാസ് എന്നിവർ മധ്യനിരയിലും കെവിൻ യോക്ക്, മുഹമ്മദ് അജ്‌സൽ എന്നിവർ മുന്നേറ്റനിരയിലും അണിനിരന്നു. സെനഗൽ താരം ഫാലോ എൻഡിയായെയുടെ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയിലെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് പത്താം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനൽറ്റി ലഭിച്ചു. കിക്ക് എടുത്ത സ്‌പെയിൻ താരം എസെജാരി ലക്ഷ്യം കണ്ടതോടെ ആതിഥേയർ ലീഡ് നേടി. ഗോൾ വഴങ്ങിയെങ്കിലും പതറാതെ കളിച്ച ബ്ലാസ്റ്റേഴ്‌സ് സമനിലയ്ക്കായി മികച്ച മുന്നേറ്റങ്ങൾ നടത്തി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഫാലോ നടത്തിയ ഹെഡർ ശ്രമം നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്.
രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാൾ ലീഡ് വർധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉറച്ചുനിന്നു. ഗോൾകീപ്പർ അർഷ് ഷെയ്ഖിന്റെ പ്രകടനവും പ്രതിരോധ നിരയുടെ ഒത്തിണക്കവും ആതിഥേയരെ തടഞ്ഞുനിർത്തി. മധ്യനിരയിൽ എബിദാസിന്റെ മികച്ച കളി ടീമിന് മത്സരത്തിലേക്ക് തിരിച്ചുവരാൻ ആവശ്യമായ ഊർജ്ജം നൽകി.
മത്സരം അവസാനത്തോടടുത്തപ്പോൾ ഈസ്റ്റ് ബംഗാൾ വിജയമുറപ്പിച്ചെന്ന് തോന്നിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുക്കാൻ തയാറായില്ല. ഒടുവിൽ ഇഞ്ചറി ടൈമിൽ (90+2 മിനിറ്റ്) ലഭിച്ച കോർണർ കിക്ക് കൃത്യമായി തലകൊണ്ട് വലയിലെത്തിച്ച് മുഹമ്മദ് അജ്‌സൽ ബ്ലാസ്റ്റേഴ്‌സിന് വിലപ്പെട്ട സമനില സമ്മാനിച്ചു അവസാന നിമിഷം വരെ പൊരുതി നേടിയ ഈ സമനിലയും പോയിന്റും ബ്ലാസ്റ്റേഴ്‌സിന് വരും മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും. ടീമിന്റെ പോരാട്ടവീര്യം പ്രകടമായ മത്സരത്തിന് ശേഷം അടുത്ത പോരാട്ടങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് ഇനി തയാറെടുക്കും.
English Summary:







English (US) ·