Published: August 01, 2026 04:57 PM IST Updated: August 02, 2026 09:39 AM IST
1 minute Read
ഗ്ലാസ്ഗോ ∙ ബോക്സിങ്ങിൽ വനിതാ താരങ്ങൾ ഇടിച്ചുനേടിയ സ്വർണത്തിന്റെ കരുത്തിൽ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ വേട്ട ടോപ് ഗിയറിലേക്കു മാറ്റി ഇന്ത്യ. ഇന്നലെ മാത്രം ഇന്ത്യ നേടിയത് 6 സ്വർണം ഉൾപ്പെടെ 15 മെഡലുകൾ. വനിതകളുടെ ബോക്സിങ്ങിൽ പ്രീതി പവാർ (54 കിലോഗ്രാം), ജാസ്മിൻ ലംബോറിയ (57 കിലോഗ്രാം), സാക്ഷി ചൗധരി (51 കിലോഗ്രാം), പ്രിയ ഘങ്ഘാസ് (60 കിലോഗ്രാം) അരുന്ധതി ചൗധരി (70 കിലോഗ്രാം) എന്നിവരും പുരുഷൻമാരുടെ പാരാ ഷോട്പുട്ടിൽ (എഫ്57) സോമൻ റാണയുമാണ് (13.40 മീ) സ്വർണം സ്വന്തമാക്കിയത്. റാണയ്ക്കൊപ്പം മത്സരിച്ച ശുഭം ജുയാൽ (13.28 മീ) വെള്ളി നേടിയതോടെ പാരാ ഷോട്പുട് ഇന്ത്യയ്ക്കു സമ്മാനിച്ചത് ഇരട്ടി സന്തോഷം. പുരുഷൻമാരുടെ ബോക്സിങ്ങിൽ ജാദുമണി സിങ്ങും (55 കിലോഗ്രാം) വനിതകളുടെ 75 കിലോഗ്രാമിൽ ലവ്‌ലിന ബോർഗോഹെയ്നും ഫൈനലിൽ പരാജയപ്പെട്ടതോടെ വെള്ളിയുമായി മടങ്ങി.പുരുഷൻമാരുടെ ട്രിപ്പിൾ ജംപിൽ ഡബിൾ മെഡലുകളാണ് ഇന്ത്യ ഇന്നലെ ചാടിയെടുത്തത്. പ്രവീൺ ചിത്രവേൽ (16.58മീ) വെള്ളി നേടിയപ്പോൾ, സെൽവ പ്രഭു (16.52 മീ) വെങ്കലം ചാടിപ്പിടിച്ചു.പുരുഷൻമാരുടെ ഡെക്കാത്‌ലണിൽ വെങ്കലം നേടിയ തേജസ്വിൻ ശങ്കർ (7976 പോയിന്റ്) ചരിത്രം രചിച്ചു. കോമൺവെൽത്ത് ഗെയിംസ് ഡെക്കാത്‌ലണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് തേജസ്വിൻ സ്വന്തം പേരിലാക്കിയത്. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളിയും (85.83 മീ), തന്റെ ആദ്യ കോമൺവെൽത്ത് മത്സരത്തിനായി എത്തിയ യശ്‌വീർ സിങ് (85.41 മീ) വെങ്കലവും നേടി. വനിതകളുടെ ജൂഡോയിൽ ഉന്നതി ഹൂഡ (63 കിലോഗ്രാം) വെങ്കലം സ്വന്തമാക്കി. 23–ാം കോമൺവെൽത്ത് ഗെയിംസ് ഇന്ന് അവസാനിക്കാൻ ഇരിക്കെ ഇന്ത്യയ്ക്ക് ആകെ 35 മെഡലുകളായി (11 സ്വർണം, 16 വെള്ളി, 8 വെങ്കലം).
English Summary:
Commonwealth Games 2026, Day Eight Live Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·