Published: June 23, 2026 02:20 AM IST Updated: June 23, 2026 06:38 AM IST
1 minute Read
പെൻസിൽവേനിയ∙ ഫിലഡൽഫിയ സ്റ്റേഡിയത്തിലെ കനത്ത മഴയിലും ഇറാഖിന്റെ നെഞ്ചിൽ കനൽ കോരിയിട്ട് ഫ്രഞ്ച് പട. ഇടിത്തീപോലെ പെയ്തിറങ്ങിയ മൂന്നു ഗോളുകൾക്ക് ഇറാഖിന് മറുപടിയില്ലാതായതോടെ തകർപ്പൻ ജയത്തോടെ ഫ്രാൻസ് ലോകകപ്പ് നോക്കൗട്ടിൽ. 14, 54, 66 മിനിറ്റുകളിലാണ് ഫ്രാൻസ്, ഇറാഖിന്റെ വല കുലുക്കിയത്. കിലിയൻ എംബപെ രണ്ടു ഗോളുകളും ഉസ്മാൻ ഡെംബലെ ഒരു ഗോളും നേടി.
What you should work next
മത്സരത്തിൽ നേടിയ ഇരട്ടഗോളോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാം സ്ഥാനക്കാരൻ, ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പമെത്തി എംബപെ. മെസ്സി മാത്രമാണ് (18 ഗോൾ) ഇനി എംബപെയ്ക്ക് മുന്നിലുള്ളത്.
14–ാം മിനിറ്റിലായിരുന്നു എംബപെയുടെ വണ്ടർ ഗോൾ. ബോക്സിന് പുറത്തുനിന്നു പോസ്റ്റിന്റെ വലതുവശം ലക്ഷ്യമാക്കി എംബാപെ ഷൂട്ട് ചെയ്ത ബോൾ ഉയർന്നുപൊങ്ങി, ഡൈവ് ചെയത് ഗോൾകീപ്പറുടെ കയ്യുടെ അറ്റത്തുകൂടെ വലയ്ക്കകത്തേക്ക്. തുടർന്ന് ഫ്രാൻസ് പലതവണ ഇറാഖിന്റെ പോസ്റ്റ് ലക്ഷ്യമാക്കി ആക്രമണം നടത്തിയെങ്കിലും ടീമിന്റെ പ്രതിരോധം മറികടക്കാനായില്ല. എംബപെയുടെ ആദ്യ ഗോളിന് ശേഷം പ്രതിരോധത്തിലൂന്നിയ കളിയാണ് ഇറാഖും മുന്നോട്ടുവച്ചത്. ആദ്യ പകുത് അവസാനിച്ചപ്പോൾ ഫ്രാൻസ്–1 ഇറാഖ്–0.
മത്സരത്തിന്റെ 30-ാം മിനിറ്റിൽ ആരംഭിച്ച മഴ ഹാഫ് ടൈം അടുത്തതോടെ കനത്തു. ഇടിമിന്നൽ കൂടെ ശക്തമായതോടെ ഹാഫ് ടൈമിനു പിന്നാലെ മത്സരം നിർത്തിവച്ചു. പിന്നീട് രണ്ടു മണിക്കൂറിന് ശേഷമാണ് പുനരാരംഭിച്ചത്. രണ്ടാം പകുതി ആരംഭിച്ചപ്പോൾ, ഫിലഡൽഫിയ സ്റ്റേഡിയത്തിൽ മഴ നനഞ്ഞ് തണുത്ത ആരാധകർക്കായി ആവേശത്തിന്റെ നെരിപ്പോട് കത്തിച്ചിട്ടു ഫ്രാൻസ്. പത്ത് മിനിറ്റ് ഇടവേളയിൽ നേടിയത് രണ്ടു ഗോളുകൾ.
54–ാം മിനിറ്റിൽ ഇറാഖ് ഗോൾ കീപ്പർക്ക് പറ്റിയ പിഴവ് മുതലെടുത്തായിരുന്നു എംബപെയുടെ രണ്ടാം ഗോൾ. ഇറാഖ് താരം ബോക്സിനകത്തുവച്ച് പാസ് ചെയ്ത പന്ത് ഗോൾ കീപ്പർക്ക് കൺട്രോൾ ചെയ്യാനായില്ല. തൊട്ടടുത്ത് നിന്ന ഫ്രാൻസ് താരം ഉസ്മാൻ ഡെംബലെ പന്ത് പിടിച്ചെടുത്ത്, പോസ്റ്റിന് മുന്നിലായി നിന്ന എംബപെയ്ക്ക് കൈമാറി. കിട്ടിയ അവസരം മനോഹരമായി എംബപെ മുതലാക്കി. മത്സരത്തിലെ എംബപെയുടെ രണ്ടാം ഗോൾ, ഫ്രാൻസിന്റെയും.
തുടർന്ന് 66–ാം മിനിറ്റിലാണ് ഫ്രാൻസിന്റെ മൂന്നാം ഗോൾ പിറക്കുന്നത്. ബോക്സിന് പുറത്തുനിന്ന് മൈക്കൽ ഒലീസെ നീട്ടിനൽകിയ പാസ് സ്വീകരിച്ച ഡെംബലെ വലതുവിങ്ങിൽ നിന്നു തൊടുത്തുവിട്ട ഡയഗണൽ ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ ഇറാഖിന്റെ വല കുലുക്കി. രണ്ടാം പകുതിയിൽ ഒരുപിടി മികച്ച അവസരങ്ങൾ ഫ്രാൻസിന് ലഭിച്ചെങ്കിലും അവ മുതലാക്കാൻ ടീമിനായില്ല. മത്സരത്തിലുടനീളം വലിയ അവസരങ്ങളൊന്നും കിട്ടാതെപോയ ഇറാഖിന് 75–ാം മിനിറ്റിൽ ലഭിച്ച സുവർണാവസരവും നഷ്ടമായി.
ഫ്രഞ്ച് പോസ്റ്റ് ലക്ഷ്യമാക്കി അലി അൽ ഹമദി നൽകിയ ക്രോസ് വലയിലേക്ക് തട്ടിയിടാൻ റെബിൻ സുലാക സ്ലൈഡ് ചെയ്ത് എത്തിയെങ്കിലും പന്ത് മിസ് ആയി. പോസ്റ്റിന്റെ വലതുവശത്തുകൂടെ പന്ത് പുറത്തേക്ക് തെറിച്ചു. 80-ാം മിനിറ്റിൽ കിലിയൻ എംബപെയ്ക്ക് ലഭിച്ച അവസരവും ഗോളാക്കാൻ താരത്തിനായില്ല. 88–ാം മിനിറ്റിലും 90-ാം മിനിറ്റിലും സമാനമായ അവസരങ്ങൾ എംബപെയ്ക്ക് ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. റഫറി ഫൈനൽ വിസിൽ മുഴക്കിയപ്പോൾ ഫ്രാൻസ്–3 ഇറാഖ് – 0.
English Summary:





English (US) ·