Published: March 27, 2026 09:30 AM IST Updated: March 27, 2026 03:30 PM IST
1 minute Read
രണ്ടരമാസത്തിനപ്പുറം ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് നേരിട്ടു കാണാൻ ആരാധകർക്ക് അവസാന അവസരവുമായി ‘ലാസ്റ്റ് മിനിറ്റ്’ ടിക്കറ്റ് വിൽപ്പനയ്ക്ക് ഏപ്രിൽ ഒന്നിനു തുടക്കം. മൂന്നു ഘട്ടമായി നടത്തിയ ടിക്കറ്റ് വിൽപന ജനുവരിയിൽ അവസാനിച്ചിരുന്നു. നാലാംഘട്ടമായി നടക്കുന്ന വിൽപനയുടെ വിൻഡോ ലോകകപ്പ് അവസാനിക്കുന്നതുവരെ തുറന്നിരിക്കും. ലഭ്യതയനുസരിച്ച് ആദ്യമെത്തുന്നവർക്ക് ആദ്യം ടിക്കറ്റ് എന്ന രീതിയിലായിരിക്കും വിൽപന.
ഫിഫയുടെ വെബ്സൈറ്റിലാണ് (FIFA.com/tickets) ടിക്കറ്റ് വിൽപന. ഏതൊക്കെ മത്സരം, ടീമുകൾ ഏതൊക്കെ, ലഭ്യമായ സീറ്റുകൾ ഏതെല്ലാം തുടങ്ങിയവ ദൃശ്യമാകും. സീറ്റ് തിരഞ്ഞെടുത്തു പണമടച്ചാൽ ടിക്കറ്റ് ഉറപ്പാകും. ഏതൊക്കെ സീറ്റ് എവിടെയെന്നു വേർതിരിച്ചു മനസ്സിലാക്കാൻ സീറ്റ് മാപ്പ് ഓപ്ഷനും ലഭിക്കും. ബുക്ക് ദി ബെസ്റ്റ് സീറ്റ് എന്ന ഓപ്ഷനിൽ പോയാൽ മികച്ച സീറ്റുകൾ വേറിട്ടു ദൃശ്യമാകും. മുൻ ഘട്ടങ്ങളിൽ ടിക്കറ്റ് വാങ്ങിയവർക്ക് അവരുടെ സീറ്റുകൾ ഏതു ഭാഗത്താണെന്ന് ഏപ്രിൽ 1 മുതൽ കൃത്യമായി കാണാം.
ഇഷ്ട ടീമുകളുടെ മത്സരങ്ങൾക്കു ടിക്കറ്റ് ലഭ്യമല്ലെന്നു വെബ്സൈറ്റിൽ കാണിച്ചാലും ഇടയ്ക്കിടെ പരിശോധന തുടർന്നുകൊണ്ടിരിക്കണമെന്നാണു ഫിഫയുടെ അറിയിപ്പ്. ക്രമമനുസരിച്ചു പുതിയ സീറ്റുകൾ നിശ്ചിത ഇടവേളകളിൽ ലഭ്യമായിക്കൊണ്ടിരിക്കും. ആദ്യ ഘട്ടങ്ങളിൽ ടിക്കറ്റ് വാങ്ങിയവർക്ക് റീസെയിൽ വിൻഡോ വഴി ടിക്കറ്റ് വിൽക്കാനുള്ള വിൻഡോയും ഏപ്രിൽ 2നു തുറക്കും. കരിഞ്ചന്തയിലെ വിൽപന തടയാൻ ഫിഫ തന്നെ ഏർപ്പെടുത്തിയ സംവിധാനമാണിത്. ഫിഫ സൈറ്റിലെ ഹോസ്പിറ്റാലിറ്റി എന്ന വിൻഡോയിലൂടെ പാക്കേജ് ടിക്കറ്റുകൾ വാങ്ങാൻ കെൽപ്പുള്ളവർക്കു താമസം, ഭക്ഷണം, യാത്ര തുടങ്ങി ആകർഷകമായ സേവനങ്ങൾ ലഭിക്കും. ടിക്കറ്റ് എടുത്തെന്നു കരുതി വീസ ലഭിക്കണമെന്നില്ല. വീസയുടെ നടപടിക്രമങ്ങൾ വേറെ പൂർത്തിയാക്കണം. യുഎസ് വീസ നടപടി വേഗത്തിലാക്കാൻ ഫിഫ പാസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
50 കോടി ടിക്കറ്റ് അപേക്ഷ!ആദ്യഘട്ട ടിക്കറ്റ് വിൽപനയുടെ സമയത്തു വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി 50 കോടിയോളം ടിക്കറ്റ് അപേക്ഷകളാണു ലഭിച്ചതെന്നു ഫിഫ പറയുന്നു. ഫെബ്രുവരി 27 വരെയുള്ള കണക്കുകൾ പ്രകാരം 10 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. 35 ലക്ഷം കാണികളുടെ 1994ലെ ലോകകപ്പിൽ സൃഷ്ടിച്ച റെക്കോർഡ് ഇത്തവണ തകർക്കപ്പെടുമെന്നാണു സൂചന.
English Summary:








English (US) ·