Published: March 28, 2026 10:30 AM IST
1 minute Read
ലഹോർ∙ വിവാദമായ സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെ പേസർ നസീം ഷായ്ക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) ഉദ്ഘാടന മത്സരത്തിനിടെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനെ പരിഹസിച്ചു പങ്കുവച്ച പോസ്റ്റിനു പിന്നാലെ കേന്ദ്ര കരാറിലെ നിബന്ധനകളും മാധ്യമ നിയന്ത്രണങ്ങളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
What you should work next
പിഎസ്എൽ മത്സരത്തിന് മുന്നോടിയായി മറിയം നവാസിന് ലഭിച്ച പരിഗണനയെ ചോദ്യം ചെയ്തായിരുന്നു നസീം ഷായുടെ പോസ്റ്റ്. മറിയം നവാസിനെ ‘റാണി’ എന്ന് പരിഹസിക്കുകയും ചെയ്തു. വേഗത്തിൽ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും പിന്നീട് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് വിശദീകരണം നൽകുകയും ചെയ്തെങ്കിലും ആരാധകർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. താരത്തിനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചതായി പിസിബി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പിഎസ്എലിൽ റാവൽപിണ്ടി പിൻഡിസ് താരമായ നസീം, പെഷവാർ സാൽമിക്കെതിരായ മത്സരത്തിൽ കളിച്ചേക്കും.
എന്താണ് വിവാദം?പിഎസ്‌ലിലെ ഉദ്ഘാടന മത്സരത്തിന്, ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ മുഖ്യാതിഥിയായി മറിയം നവാസ് എത്തിയിരുന്നു. പിസിബി മേധാവി മൊഹ്സിൻ നഖ്‌വി അവരെ സ്വീകരിക്കുകയും ഫ്രാഞ്ചൈസി ഉടമകൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഇരു ടീമിലെയും കളിക്കാർക്കും മുഖ്യമന്ത്രിയെ പരിചയപ്പെടുത്തി. തൊട്ടുപിന്നാലെ, നസീം ഷായുടെ എക്സ് അക്കൗണ്ടിൽ നിന്നുള്ള ഒരു പോസ്റ്റ് പാക്കിസ്ഥാൻ ആരാധകർക്കിടയിൽ വലിയ വിവാദത്തിന് തിരികൊളുത്തി.
മറിയം നവാസിനെ നഖ്‌വി അഭിവാദ്യം ചെയ്യുന്ന പിസിബി വിഡിയോ ആയിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്. ‘‘എന്തിനാണ് ലോർഡ്‌സിലെ റാണിയെപ്പോലെ അവരെ പരിഗണിക്കുന്നത്?’’– എന്നായിരുന്നു കുറിപ്പ്. പോസ്റ്റ് പെട്ടെന്ന് തന്നെ നീക്കം ചെയ്യുകയും പോസ്റ്റ് മനഃപൂർവം ഇട്ടതല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും നസീം വിശദീകരണം നൽകുകയും ചെയ്തു. എന്നാൽ അതൊന്നും വിവാദം തണുപ്പിച്ചില്ല. തുടർന്നാണ് പിസിബിയുടെ നടപടി.
ആരാണ് മറിയം നവാസ്?പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളായ മറിയം നവാസ് 2024 ഫെബ്രുവരിയിലാണ് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മറിയം (52). പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ് ഷരീഫ് കുടുംബം. രാജ്യത്തെ 53% ജനസംഖ്യയുള്ള, സമ്പദ്ഘടനയുടെ 60% കൈകാര്യം ചെയ്യുന്ന പ്രവിശ്യയായ പഞ്ചാബിൽ മുഖ്യമന്ത്രിയാകുന്ന ഷരീഫ് കുടുംബത്തിലെ നാലാമത്തെ അംഗമാണ് മറിയം. 2011 മുതൽ സജീവ രാഷ്ട്രീയത്തിലുള്ള മറിയം തീപ്പൊരി പ്രസംഗകയാണ്. സൈനിക ഓഫിസർ മുഹമ്മദ് സഫ്ദർ ആണ് ഭർത്താവ്. 3 മക്കളുണ്ട്.
English Summary:








English (US) ·