‘ഇതിലും ഭേദം ഗിൽ, ലോകകപ്പ് ടീമിൽനിന്നു പുറത്താക്കണം’; കുറ്റിക്കൊപ്പം ടീമിൽനിന്നും തെറിച്ചോ?: കാര്യവട്ടത്ത് കളിക്കാൻ സഞ്ജുവിന് യോഗമില്ലേ?

1 month ago 6

ഗുവാഹത്തി ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ, ഗുവാഹത്തിയിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി ഡ്രസിങ് റൂമിലേക്ക് തലകുനിച്ചു മടങ്ങിയ സഞ്ജു സാംസൺ മനസ്സിൽ എന്താകും വിചാരിച്ചിട്ടുണ്ടാകുക? എന്തുതന്നെയായാലും ആരാധകരുടെ മനസ്സിൽ അത് ഇന്ത്യൻ ടീമിൽനിന്നുള്ള സഞ്ജുവിന്റെ മടക്കം കൂടിയാണ്. ഇനി ഒരു തിരിച്ചുവരവ് താരത്തിന് ഉണ്ടാകുമോ എന്നു കണ്ടറിയണം. കരിയറിലെ തന്നെ ഏറ്റവും നിർണായക മത്സരത്തിലാണ് നേരിട്ട ആദ്യ പന്തിൽ തന്നെ സംപൂജ്യനായി സഞ്ജുവിന് മടങ്ങേണ്ടി വന്നത്.

ആദ്യ രണ്ടു മത്സരങ്ങളിലും ചെറിയ സ്കോറിൽ മടങ്ങിയ താരം, തിരിച്ചടികൾക്കും വിമർശനങ്ങൾക്കും ബാറ്റുകൊണ്ട് മറുപടി പറയുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് മിന്നർപ്പിണർ പോലെ മാറ്റ് ഹെൻറിയുടെ പന്ത് സഞ്ജുവിന്റെ കുറ്റിതെറിപ്പിച്ചത്. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിൽ തന്റെ ഭാവി സഹതാരത്തിന്റെ ആ ബോൾ ഒരുപക്ഷേ ഇന്ത്യൻ ടീമിലെ സഞ്ജുവിന്റെ സ്ഥാനം കൂടിയാകും തെറിപ്പിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിലും വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ചാണ് പുറത്തായതെന്ന് ന്യായീകരിക്കുകയെങ്കിലും ചെയ്യാമായിരുന്നെങ്കിൽ മൂന്നാം മത്സരത്തിലെത്തുമ്പോൾ അതു പൂർണമായും സാങ്കേതിക പിഴവുകൊണ്ടുള്ള പുറത്താകലാണ്.

ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ തഴഞ്ഞ് ട്വന്റി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ ലോകകപ്പിൽ ഇന്ത്യൻ ഓപ്പണറായേക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ന്യൂസീലൻഡ് പരമ്പരയിലെ മൂന്നു മത്സരങ്ങളിലെ പ്രകടനത്തോടെ സഞ്ജുവിനുനേരേ ചോദ്യങ്ങളുയർന്നു തുടങ്ങി. ലോകകപ്പ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പർ, ഓപ്പണിങ് ബാറ്റർ എന്നീ സ്ഥാനങ്ങൾ സഞ്ജുവിന് ഇനി ലഭിക്കുന്ന കാര്യം കണ്ടറിയണം. പരമ്പരയിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം കിട്ടുമോയെന്നും ഉറപ്പില്ല.

നാലാം മത്സരം മുതൽ തിലക് വർമ തിരിച്ചെത്തിയാൽ സഞ്ജു പുറത്താകുമെന്ന് ഉറപ്പാണ്. അതല്ലെങ്കിൽ തിലകിനു പകരം ടീമിലുള്ള ശ്രേയസ്സ് അയ്യർക്ക് അവസരം നൽകിയേക്കും. ഓപ്പണങ്ങിൽ ലെഫ്റ്റ്– റൈറ്റ് കോംബിനേഷനാണ് ഇന്ത്യ പരീക്ഷിക്കുന്നതെന്നതാണ് സഞ്ജുവിനുള്ള ഏക ആനുകൂല്യം. ഇഷാനും അഭിഷേകും ഇടംകയ്യൻ ബാറ്റർമാരാണ്. 

പരമ്പരയിലെ അവസാന മത്സരം 31നു തിരുവനന്തപുരത്താണ്. സ്വന്തം നാട്ടിൽ ഇതുവരെ ഒരു രാജ്യാന്തര മത്സരം കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിട്ടില്ല. ഇത്തവണ എന്തായാലും അതു സംഭവിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് നിർഭാഗ്യം ഫോംഔട്ടിന്റെ രൂപത്തിലെത്തിയത്. 2019ൽ തിരുവനന്തപുരത്ത് കളിച്ച വെസ്റ്റിൻഡീസിനെതിരെ ട്വന്റി20 മത്സരത്തിനുള്ള ടീമിലും സഞ്ജു ഉണ്ടായിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ സ്ഥാനം കിട്ടിയില്ല. ഇത്തവണയും അത് ആവർത്തിക്കുകയാണെങ്കിൽ കാര്യവട്ടത്ത് സഞ്ജുവിന്റെ കളി കാണാൻ ടിക്കറ്റ് എടുത്തവർക്കു നിരാശയാകും ഫലം.

Players similar Yashasvi Jaiswal doing Skin attraction successful bath portion singing songs and frauds similar Sanju Samson keeps connected playing T20i aft accordant nonaccomplishment of 20 innings 💔pic.twitter.com/LwUWLbzpAW

— 𝙎. (@KLfied_) January 25, 2026

യുവതാരങ്ങളിൽ ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യൻ താരങ്ങളിലൊരാളായ സഞ്ജുവിനെതിരെ ഇതാദ്യമായി സമൂഹമാധ്യമങ്ങളിലും മുറവിളി ഉയർന്നു കഴിഞ്ഞു.സഞ്ജുവിനെ ടീമിൽനിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും ട്രോളുകളും മീമുകളും നിറയുന്നത്. ലോകകപ്പ് സ്ക്വാഡിൽനിന്നു വരെ താരത്തെ പുറത്താക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. യശ്വസി ജയ്‌സ്വാൾ പോലുള്ള താരങ്ങൾ പുറത്തിരികുമ്പോഴാണ് സ‍ഞ്ജുവിനെ പോലുള്ളവർ ടീമിൽ കയറിപ്പറ്റുന്നതെന്നും സഞ്ജു ഇനി വിരമിക്കണമെന്നും ചിലർ ആവശ്യപ്പെടുന്നു. ഇതിലും ഭേദം ശുഭ്മാൻ ഗിൽ ആണെന്നും ഇനി വാട്ടർ ബോയ് ആയി ബെഞ്ചിരിലിരിക്കാമെന്നും ട്രോളുകളുണ്ട്.

∙ ഇനി പരാതിക്ക് സ്കോപ്പില്ല2025 ജനുവരി മുതൽ ഈ ജനുവരി വരെ ഒൻപതു ഇന്നിങ്സുകളിലാണ് സഞ്ജു ഓപ്പണറായി ഇറങ്ങിയത്. ആകെ 104 റൺസാണ് ഈ ഒൻപത് ഇന്നിങ്സുകളിൽനിന്ന് സഞ്ജു നേടിയത്. 37 റൺസാണ് ഉയർന്ന സ്കോർ. ശരാശരി 11.55. ഇതിൽ ഒരു തവണ മാത്രമാണ് സഞ്ജുവിന്റെ ഇന്നിങ്സ് പവർപ്ലേയ്ക്കു ശേഷവും നീണ്ടത്. ഈ കണക്കുകൾ പറയും ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ ഭാവി.

ഈ ഒരു വർഷത്തിനിടെ പല തവണ പല പൊസിഷനുകളിൽ സഞ്ജു മാറി മാറി കളിച്ചിട്ടുണ്ടെന്നത് വസ്തുതയാണെങ്കിലും ഇനി ന്യായീകരണങ്ങൾ ഇടമില്ല എന്നതാണ് വസ്തുത. ഇന്ത്യൻ ടീമിലെ പോസ്റ്റർ ബോയ് ആയ, രണ്ടു ഫോർമാറ്റുകളിൽ ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിനു കിട്ടാത്ത പരിഗണന സഞ്ജുവിന് ലഭിക്കുമെന്ന് ചിന്തിക്കാൻ സാധിക്കില്ല.

2025 ജനുവരി മുതൽ ഓപ്പണറായി ഇറങ്ങി സഞ്ജുവിന്റെ സ്കോറുകൾ:26(20), 5(7), 3(6), 1(3), 16(7), 37(22),10(7), 6(5), 0(1)

ഒൻപത് ഇന്നിങ്സുകളിൽനിന്ന് ആകെ 104 റൺസ് | ശരാശരി 11.55 | സ്ട്രൈക്ക് റേറ്റ് 133.33

ന്യൂസീലൻഡിനെതിരെ സംപൂജ്യനായി മടങ്ങിയതോടെ ട്വന്റി20യിൽ ഏറ്റവും കൂടുതൽ ഡക്കുള്ള രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നാണംകെട്ട റെക്കോർഡും സഞ്ജുവിന്റെ പേരിലായി. 47 ഇന്നിങ്സുകളിൽ ഇത് ഏഴാം തവണയാണ് സഞ്ജു റൺസ് നേടാതെ പുറത്താകുന്നത്. മുൻ ക്യാപ്റ്റൻ വിരാട് കോലിയും ഏഴു തവണ സംപൂജ്യനായി മടങ്ങിയിട്ടുണ്ട്. അതു പക്ഷേ 117 ഇന്നിങ്സുകളിൽനിന്നാണെന്നു മാത്രം. 151 ഇന്നിങ്സുകളിൽ 12 തവണ ഡക്കായ രോഹിത് ശർമയാണ് പട്ടികയിൽ ഒന്നാമത്. 96 ഇന്നിങ്സുകൾ കളിച്ച സൂര്യകുമാർ യാദവ് ആറു തവണ സംപൂജ്യനായി പുറത്തായി.

English Summary:

Sanju Samson's caller show raises concerns astir his spot successful the Indian cricket team. His dismissal successful the caller lucifer has sparked statement astir his aboriginal and imaginable inclusion successful the T20 World Cup squad. His spot successful the squad whitethorn beryllium successful jeopardy pursuing a drawstring of mediocre performances.

Read Entire Article