ഇതിഹാസത്തെ ഉണ്ടാക്കാമെങ്കിൽ നിലയ്ക്കു നിർത്താനും സ്പെയിൻ പഠിച്ചിരിക്കും! സൂപ്പർ താരങ്ങളില്ലാത്ത ലോക ജേതാക്കൾ

1 day ago 3

2026 ലോകകപ്പിൽ ഒരു കളി പോലും തോൽക്കാതെ ഫൈനൽ വരെയെത്തിയിട്ടും, ഈ ലോകകപ്പിലെ ടോപ് ഫേവറീറ്റുകളായിരുന്നില്ല സ്പെയിൻ. അർജന്റീനയ്ക്കും ഫ്രാൻസിനും ശേഷം ലോകകപ്പ് ജയിക്കാൻ സാധ്യതയുള്ള മറ്റൊരു ടീമെന്ന പരിഗണന മാത്രമാണ് സ്പെയിനുണ്ടായിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ കാബോ വെർദെയോടു സമനില വഴങ്ങിയതോടെ പഴയ പാസിങ് ഗെയിമിന്റെ ശാപം സ്പെയിനെ ഇപ്പോഴും പിന്തുടരുന്നുണ്ടെന്നും വാദിച്ചവർ ഏറെയാണ്. ഒടുവിൽ ബ്രസീലും ഫ്രാൻസും ഇംഗ്ലണ്ടും ലോകകപ്പിൽനിന്നു പുറത്തായപ്പോഴും ഫൈനൽ വരെ നെഞ്ചുംവിരിച്ചെത്തി ലൂയിസ് ഡി ലാ ഫ്യുയന്റെ യുവനിര. ലോകകപ്പിനു മുൻപേ ഫ്രാൻസിനെ തോല്‍പിക്കാൻ സാധിക്കുന്നവർ കപ്പടിക്കുമെന്നു പറഞ്ഞത് എത്ര ശരി. സ്പെയിൻ ആദ്യം ഫ്രാൻസിനെ സെമിയിൽ വീഴ്ത്തി. ഇപ്പോഴിതാ നിലവിലെ ലോക ചാംപ്യൻമാരെ തന്നെ മുട്ടുകുത്തിച്ചു വിശ്വകിരീടം ഉയർത്തി.

What you should work next

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന കൂടി മുന്നേറിയതോടെയാണ് ഫൈനലിന്റെ ചിത്രം തെളിഞ്ഞത്. അപ്പോഴും കിരീട സാധ്യതയിൽ രണ്ടാമൻമാർ മാത്രമായിരുന്നു സ്പെയിൻ. കാരണം സ്പെയിനിന്റെ തന്ത്രങ്ങൾ വർഷങ്ങളോളം അവിടെ ക്ലബ്ബ് ഫുട്ബോൾ കളിച്ച മെസ്സിക്ക് മനസ്സിലാകാതെ പോകുമോയെന്നതായിരുന്നു മറു ചോദ്യം. അപ്പോഴും മറന്നു പോകുന്നൊരു കാര്യമുണ്ട്. ഇതിഹാസ താ‌ത്തെ കളി പഠിപ്പിച്ചതു സ്പെയിനും അവിടത്തെ ക്ലബ്ബായ ബാർസിലോനയുമാണ്. ഒരു മെസ്സിയെ ഉണ്ടാക്കി വിട്ട സ്പാനിഷ് ക്ലബ്ബാണ് ഇപ്പോഴത്തെ സ്പെയിന്‍ ദേശീയ ടീമിലെ ഭൂരിഭാഗം പേരുടെയും ഉറവിടം. ക്ലബ്ബ് ഫുട്ബോളിൽ മെസ്സിയെ വളർത്താനാകുമെങ്കില്‍ ആ മെസ്സിയെ എങ്ങനെ തടയണമെന്നും സ്പെയിൻ പഠിച്ചിട്ടുണ്ടാകും. അതാണ് അര്‍ജന്റീന ടീമും അവരുടെ ആരാധകരും മറന്നുപോയത്. ലോകകപ്പ് ഫൈനലിൽ മെസ്സിയിലേക്കു പന്തെത്താനുള്ള എല്ലാ വഴികളും വെട്ടിമുറിച്ച സ്പാനിഷ് പ്രതിരോധം, മെസ്സിയെന്ന താരം ഗ്രൗണ്ടിലില്ലെന്ന അവസ്ഥയിലേക്കാണു കാര്യങ്ങളെത്തിച്ചത്.

 AFP

സ്പാനിഷ് താരം മാർക് കുക്കുറെയ്യയുടെ വിജയാഹ്ലാദം, നിരാശയോടെ നില്‍ക്കുന്ന മെസ്സി. Photo: AFP

ഫൈനലിനു തൊട്ടുമുൻപ് സ്പാനിഷ് ടീമിന് പ്രതിസന്ധികളേറെ നേരിടേണ്ടിവന്നു. യുവതാരം ലമീൻ യമാലിന്റെയും പെഡ്രോ പോറോയുടെയും പരുക്കാണു ഫൈനലിനു മുൻപ് സ്പെയിനെ കൂടുതൽ അലട്ടിയിരുന്നതെങ്കിൽ അപ്രതീക്ഷിതമായി മറ്റൊരു പ്രതിസന്ധി കൂടി ടീമിനു മുന്നിലെത്തി. ശനിയാഴ്ച ശക്തമായ കാറ്റും ഇടിമിന്നലും കാരണം ടീമിന്റെ പരിശീലനം റദ്ദാക്കേണ്ടിവന്നു. തുടർന്ന് സ്പാനിഷ് താരങ്ങളെല്ലാം ഇൻ‍ഡോർ വാം അപ് മാത്രമാണു ചെയ്തത്. എന്നാൽ ഗ്രൗണ്ടിലെ പരിശീലനത്തേക്കാൾ കണക്കുകൂട്ടലുകള്‍ക്കും കൃത്യതയ്ക്കും വില കൽപിക്കുന്ന സ്പെയിൻ വൃത്തിയായി അതിനെയെല്ലാം മറികടന്നു. ലൂയിസ് ഡി ലാ ഫ്യുയന്റെ എന്ന പരിശീലകന്റെയും യുവതാരങ്ങളുടെ ഒരു സംഘത്തിന്റേയും വിജയമാണിത്.

ടിക്കി– ടാക്കയുടെ സുവർണകാലം, പിന്നീടിങ്ങോട്ട് തിരിച്ചടികളുടെ കാലം

സ്പാനിഷ് ഫുട്ബോളിന്റെയും ടിക്കി– ടാക്കയുടെയും സുവർണ കാലം 2010 ലോകകപ്പായിരുന്നു. മൃഗീയമായ പന്തടക്കവും ചെറിയ വിജയമാർജിനുകളുമായി സ്പെയിൻ തേരോട്ടം നടത്തിയ ലോകകപ്പ്. ലാ റോജയുടെ കന്നിക്കിരീട നേട്ടത്തിനു ചുക്കാൻ പിടിച്ചതിൽ ഇതിഹാസ പരിശീലകൻ വിസെന്റെ ഡെൽ ബോസ്കിന്റെ തലയും, സ്പെയിനിലെ എക്കാലത്തെയും മികച്ച താരങ്ങളും ഒരു പോലെ പങ്കുവഹിച്ചു. അന്ന് ലോകകപ്പ് വിജയിച്ച താരങ്ങളെ നോക്കുക. ബാർസിലോനയിൽനിന്ന് ഇനിയെസ്റ്റ, കാർലോസ് പുയോൾ, ചാവി, സെർജിയോ ബുസ്കെറ്റ്സ്, ജെറാദ് പിക്കെ, റയൽ മഡ്രിഡിന്റെ ഐകർ കസിയസ്, സാബി അലോൻസോ, സെർജിയോ റാമോസ്. ഇവര്‍ക്കു പുറമേ, ഡേവിഡ് വിയ, സെസ് ഫാബ്രിഗസ്, ഫെർണാണ്ടോ ടോറസ്, ജെസ്യൂസ് നവാസ് എന്നിവരും. ക്ലബ്ബ് ഫുട്ബോളിലെ വൈരങ്ങള്‍ മാറ്റിവച്ച് ഇവരെല്ലാം നിന്നു പൊരുതിയതോടെ കലാശപ്പോരിൽ നെതർലൻഡ്സിനെ 1–0ന് കീഴടക്കിയാണ് സ്പെയിന്‍ കപ്പടിച്ചത്. ഈ ടൂർണമെന്റിലാകെ സ്പെയിൻ വഴങ്ങിയത് ആകെ രണ്ടു ഗോളുകൾ മാത്രമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വിജയത്തിനപ്പുറം കഷ്ടകാലമായിരുന്നു പിന്നീടുള്ള ലോകകപ്പുകളിൽ സ്പെയിനെ കാത്തിരുന്നത്. 2014 ബ്രസീൽ എഡിഷനിൽ സ്പെയിൻ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. നെതർലൻഡ്സിനോടും (1–5), ചിലെയോടും (0–2) തോറ്റ സ്പെയിൻ, ഓസ്ട്രേലിയയ്ക്കെതിരെ (3–0) മാത്രമാണു വിജയിച്ചത്. 2018ൽ റഷ്യൻ ലോകകപ്പിൽ പ്രീക്വാർട്ടർ കളിച്ച സ്പെയിൻ, റഷ്യയോട് ഷൂട്ടൗട്ടിൽ തോറ്റു പുറത്താകുകയായിരുന്നു.

What you should work next

ഖത്തറിലെ നാണക്കേട്

2022 ഖത്തർ ലോകകപ്പിനു ശേഷമാണ് ലൂയിസ് ഡി ലാ ഫ്യുയന്റെ സ്പാനിഷ് സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഖത്തറില്‍ പ്രീക്വാര്‍ട്ടറിൽ മൊറോക്കോയോടു തോറ്റു പുറത്തായ ടീമിന്റെ ഏറ്റവും വലിയ ബാധ്യത 2010ല്‍ ടീമിനെ കിരീടത്തിലെത്തിച്ച ‘ടിക്കി ടാക്ക’ ശൈലിയും ഭീകരമായ പൊസഷൻ ഗെയിമുമായിരുന്നു. പിന്നിൽനിന്ന് കളി നെയ്ത് എതിരാളികളെ അങ്ങേയറ്റം സമ്മർദത്തിലാക്കി കളി പിടിക്കുന്ന സ്പാനിഷ് ശൈലിക്ക് ഖത്തറിലും മികച്ച തുടക്കം ലഭിച്ചെങ്കിലും കൊള്ളാവുന്ന എതിരാളികൾ വന്നതോടെ കയ്യിൽനിന്നു പോയി. കോസ്റ്ററിക്കയെ 7–0ന് തോല്‍പിച്ച് തുടങ്ങിയ സ്പെയിൻ, ജർമനിയോട് സമനിലയും ജപ്പാനോട് 2–1ന്റെ തോല്‍വിയും വഴങ്ങി. ക്വാർട്ടർ ഫൈനൽ വരെയെത്തിയെങ്കിലും മൊറോക്കോയോടു സ്പെയിൻ പതറുകയായിരുന്നു. 120 മിനിറ്റും ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ ഷൂട്ടൗട്ടിലായിരുന്നു മൊറോക്കോയുടെ വിജയം. 

1000 പെനാൽറ്റികൾ എടുക്കാൻ പരിശീലിച്ചതായുള്ള ലൂയി എൻറിക്വെയുടെ പരാമർശങ്ങൾ തോൽവിക്കു ശേഷം സ്പെയിനെ തിരിഞ്ഞുകൊത്തി. ടീമാകെ നാണക്കേടിലായി. എൻറിക്വെ രാജിവച്ചൊഴിഞ്ഞപ്പോഴാണ് ലൂയിസ് ഡി ലാ ഫ്യുയന്റെ പരിശീലകനായി എത്തുന്നത്. ടീം നന്നായി കളിച്ചിട്ടും തോറ്റു എന്ന പേരു ദോഷം ഏറെക്കാലമായി സ്പാനിഷ് ടീമിനെ വേട്ടയാടുന്നുണ്ട്. ഖത്തറിലും അതു തന്നെയായിരുന്നു ടീമിന്റെ ശാപം. 1000 നു മുകളിൽ പാസുകൾ പിറന്നിട്ടും ഗോളടിക്കാൻ അറിയാത്തവരെന്ന കുറ്റപ്പെടുത്തലുകൾ മാറ്റിയെടുക്കുകയായിരുന്നു ഫ്യുവന്റെയുടെ ആദ്യത്തെ ദൗത്യം. പാസിങ് ഗെയിമിന്റെ സൗന്ദര്യം വിട്ടുപോകാതെ തന്നെ ഗോളടിക്കാനും കളി എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും പോകാതെ ജയിക്കാനും ഫ്യുവന്റെ ഈ ടീമിനെ പഠിപ്പിച്ചു. 2024 യൂറോ കപ്പ് ജയിച്ച് പഠിച്ചതെല്ലാം കൃത്യമാണെന്ന് സ്പെയിൻ പരീക്ഷിച്ചുറപ്പിച്ചു. 2026 ലോകകപ്പിൽ വിജയകരമായി നടപ്പാക്കി. ഫലം ലോകകപ്പിലെ രണ്ടാം കിരീടം.

ലൂയിസ് ഡി ലാ ഫ്യുയന്റെ എന്ന ‘അച്ഛൻ’

ഗ്രൗണ്ടിൽ ടച്ച് ലൈനിനു സമീപത്തുനിന്ന് അമിത രോഷ പ്രകടനങ്ങളോ വാഗ്വാദങ്ങളോ നടത്തുന്നത് സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യുയന്റെയുടെ രീതിയല്ല. താരങ്ങളുടെ പ്രകടനത്തിൽ അങ്ങേയറ്റം അഭിമാനം മാത്രമാണ് അദ്ദേഹത്തിൽ കാണാനാകുക. കാരണം സ്പാനിഷ് ടീമിലെ താരങ്ങളിൽ പലരും കരിയറിന്റെ തുടക്കം മുതൽ ഫ്യുവന്റെയ്ക്കു കീഴിൽ കളിച്ചുവളർന്നവരാണ്. ഏറെക്കാലം സ്പാനിഷ് ജൂനിയർ ടീമിന്റെ പരിശീലകനായിരുന്നു ഫ്യുവന്റെ. അതിനാൽ സ്വന്തം കളിക്കാരുടെ ശക്തിയും ദൗർബല്യവും അവരെക്കാൾ മനസ്സിലാകും ഫ്യുവന്റെയ്ക്ക്. പരിശീലകൻ ആഗ്രഹിക്കുന്ന ഗെയിം പ്ലാനും നീക്കങ്ങളും ടീമിലെ താരങ്ങൾക്കെല്ലാം മനപാഠമാണ്. സ്പെയിനിന്റെ പാരമ്പര്യമായി മാറിയ പാസിങ് ഗെമിനൊപ്പം, ഈ ചടുലമായ നീക്കങ്ങളും കൂടി ചേരുന്നതാണ് സമകാലിക ഫുട്ബോളിൽ അവരുടെ കളിയഴക്. ലോകകപ്പിനു മുൻപേ ഫേവറീറ്റുകളായിരുന്നെങ്കിലും അതിവേഗ നീക്കങ്ങളുമായി കളം നിറയുന്ന ഫ്രാൻസിനു മുന്നിൽ സ്പെയിൻ വീണു പോകുമെന്നു പ്രവചിച്ചവര്‍ ഏറെയാണ്. ലമീൻ യമാൽ എന്ന യുവ സൂപ്പർ താരം അധികം ഗോളുകളൊന്നും നേടാതിരുന്നിട്ടും ഈ ലോകകപ്പിൽ സ്പെയിൻ എങ്ങനെ ഇത്രവരെ എത്തിയെന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു ആ മത്സരം.

കിലിയൻ എംബപെ– ഒസ്മാൻ ഡെംബലെ ഫ്രഞ്ച് സഖ്യത്തെ സ്പെയിനിന്റെ പ്രതിരോധ നിര എങ്ങനെ പൂട്ടിയിട്ടു എന്നതു കണ്ട് ഫുട്ബോൾ ലോകം ഞെട്ടിത്തരിച്ചുനിന്നതാണ്. യുവത്വത്തിന്റെ വേഗതയും അസാമാന്യ പ്രതിഭയുമുള്ള എംബപെയെ നിലയ്ക്കു നിർത്താമെങ്കിൽ ഇതിഹാസതാരം മെസ്സിയുടെ അനുഭവ സമ്പത്തിനെ തടയാമെന്നും സ്പാനിഷ് പ്രതിരോധം തെളിയിച്ചു. വളർന്നു വരുന്ന സൂപ്പർ താരമായി ലമീൻ യമാലിനെ ലോകം വാഴ്ത്തുമ്പോഴും ഇപ്പോഴത്തെ സ്പാനിഷ് നിരയിൽ ഒരു സൂപ്പര്‍ താരമില്ലെന്നതാണു സത്യം. യമാലും ഒയർസബാലും പെദ്രിയും കുക്കുറെയ്യയും അവിടെ തുല്യരാണ്. ഗോളടിക്കാന്‍ മാത്രം നിയോഗിച്ചതുപോലെ എതിരാളികളുടെ ബോക്സിനു സമീപത്തു ‘വീടു വച്ചു’ നിൽക്കുന്ന ആരെയും ഈ ടീമിൽ കാണാനാകില്ല. മുന്നേറ്റനിരയിലെ ലമീന്‍ യമാല്‍ പ്രതിരോധത്തിലിറങ്ങി പന്തു രക്ഷപ്പെടുത്തുന്നതും, പ്രതിരോധ താരം മാർക് കുക്കുറെയ്യ സ്പെയിനിനായി അവസരങ്ങൾ മുതലാക്കി ഗോളടിക്കുന്നതും അതു കൊണ്ടാണ്.

English Summary:

Spain's 2026 World Cup triumph is analyzed, focusing connected Luis de la Fuente's tactical brilliance and the improvement of their 'Tiki-taka' style. Despite not being pre-tournament favorites, Spain demonstrated a mastery of the game, overcoming challenges and defeating apical contenders to assertion their 2nd World Cup title.

Read Entire Article