Published: April 23, 2026 10:39 AM IST
2 minute Read
ലക്നൗ∙ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ നേടിയ ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരം ഭാര്യ റിവാബയ്ക്കു സമർപ്പിച്ച് രാജസ്ഥാൻ റോയൽസ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. രണ്ടു വർഷത്തിനു ശേഷമാണ് ഐപിഎലിൽ ജഡേജ മത്സരത്തിലെ താരമാകുന്നത്. ലക്‌നൗവിനെതിരായ മത്സരത്തിന്റെ തലേദിവസം, ടീമിനായി താൻ വിജയം കൊണ്ടുവരുമെന്ന് ഭാര്യ പ്രവചനം നടത്തിയിരുന്നതായി പുരസ്കാരം ഏറ്റുവാങ്ങിയക്കൊണ്ട് ജഡേജ പറഞ്ഞു. ബിജെപി നേതാവായ റിവാബ, ഗുജറാത്ത് സർക്കാരിൽ വിദ്യാഭ്യാസമന്ത്രിയാണ്.
‘‘പ്ലെയർ ഓഫ് ദി മാച്ച് നേടിയതിൽ സന്തോഷമുണ്ട്. ഞാൻ ഈ പുരസ്‌കാരം ഗുജറാത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് (ഭാര്യ റിവാബ) സമർപ്പിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ നന്നായി കളിക്കുമെന്ന് അവൾ ഇന്നലെ പറഞ്ഞിരുന്നു, അത് സംഭവിക്കുകയും ചെയ്തു. പന്ത് സ്വിങ് ചെയ്യുന്നതിനാൽ വിക്കറ്റിൽ ബാറ്റ് ചെയ്യുന്നത് എളുപ്പമായിരുന്നില്ല. എനിക്ക് കഴിയുന്നത്ര നേരം ക്രീസിൽ നിൽക്കണമെന്നുണ്ടായിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ അവസാന ഓവറുകളിൽ നമുക്ക് റൺസ് കണ്ടെത്താൻ സാധിക്കും, ഞങ്ങൾ അത് ചെയ്തു.’’– ജഡേജ പറഞ്ഞു. ഐപിഎലിലെ 17–ാം പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരമാണ് ജഡേജ സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ ഈ പുരസ്കാരം നേടിയവരിൽ നാലാം സ്ഥാനത്താണ് താരം. രോഹിത് ശർമ (21), വിരാട് കോലി (19), എം.എസ്.ധോണി (18) എന്നിവരാണ് മുന്നിൽ.
മത്സരത്തിൽ, ലക്നൗ താരം നിക്കൊളാസ് പുരാന്റെ വിക്കറ്റു വീഴ്ത്തിയ ശേഷം ജഡേജ നടത്തിയ ആഘോഷപ്രകടനവും ശ്രദ്ധനേടി. വിക്കറ്റു നേടിയതിനു പിന്നാലെ ജഴ്സിയുടെ പോക്കറ്റിലേക്ക് കൈ ഇട്ടായിരുന്നു ജഡേജയുടെ ആഘോഷം. ഇതിനെക്കുറിച്ചു താരം മത്സരശേഷം പറഞ്ഞു. ‘‘അതെ, അദ്ദേഹം എന്റെ പോക്കറ്റിലുണ്ട് (ചിരിക്കുന്നു). ഒന്നുമില്ല, വെറുതെ യാദൃശ്ചികമായി എന്റെ മനസ്സിൽ ഒരു ചിന്ത വന്നു, ഞാൻ അത് ചെയ്തു.’’ആ നിമിഷത്തെക്കുറിച്ച് ജഡേജ പറഞ്ഞു.
ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 40 റൺസിനാണ് രാജസ്ഥാൻ റോയൽസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ അവസാന ഓവർ വരെ പൊരുതിയ രവീന്ദ്ര ജഡേജയാണ് (29 പന്തിൽ 43 നോട്ടൗട്ട്) രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ലക്നൗവിനായി മുഹമ്മദ് ഷമി, പ്രിൻസ് യാദവ്, മൊഹ്സിൻ ഖാൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ലക്നൗ 18 ഓവറിൽ 119ന് ഓൾഔട്ടായി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 6ന് 159. ലക്നൗ 18 ഓവറിൽ 119ന് പുറത്ത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗവിന് തുടക്കത്തിൽ തന്നെ ഓപ്പണർ ആയുഷ് ബദോനിയെയും (0) ക്യാപ്റ്റൻ ഋഷഭ് പന്തിനെയും (0) നഷ്ടമായി. വൈകാതെ എയ്ഡൻ മാർക്രവും (0) വീണതോടെ ലക്നൗ പതറി. നാലാം വിക്കറ്റിൽ 43 റൺസ് ചേർത്ത മിച്ചൽ മാർഷ് (41 പന്തിൽ 55)– നിക്കൊളാസ് പുരാൻ (25 പന്തിൽ 22) സഖ്യം ലക്നൗവിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും പുരാനെ ജഡേജയും മാർഷിനെ നാന്ദ്രെ ബർഗറും വീഴ്ത്തിയതോടെ ലക്നൗ തോൽവി സമ്മതിച്ചു. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചർ മൂന്നും നാന്ദ്രെ ബർഗർ, ബ്രിജേഷ് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
English Summary:







English (US) ·