Published: April 06, 2026 01:01 PM IST Updated: April 06, 2026 09:59 PM IST
1 minute Read
ചെന്നൈ ∙ ഐപിഎലിൽ ഈ സീസണിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ ചെന്നൈ സൂപ്പർ കിങ്സിനായിട്ടില്ല. തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റ് ടീം പോയിന്റ് പട്ടികയിൽ അവസാനസ്ഥാനത്താണ്. ഞായറാഴ്ച റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ 43 റൺസിനാണ് ചെന്നൈ തോൽവി ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു, ടിം ഡേവിഡ് (25 പന്തിൽ 70 നോട്ടൗട്ട്), ദേവ്ദത്ത് പടിക്കൽ (29 പന്തിൽ 50), രജത് പാട്ടിദാർ (19 പന്തിൽ 48 നോട്ടൗട്ട്) എന്നിവരുടെ ബലത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 250 റൺസ്. സീസണിലെ ഏറ്റവുമുയർന്ന ടീം ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിൽ തുടക്കം പാളിയെങ്കിലും അവസാന നിമിഷംവരെ പൊരുതിയ ചെന്നൈയുടെ പ്രതീക്ഷകൾ 207 റൺസിൽ അവസാനിച്ചു.
ഇതിനിടെ, വെള്ളിയാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ തോൽവിക്കു ശേഷം ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് പറഞ്ഞതിനെതിരെ വിമർശനം ഉയർന്നു. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്തു ചെന്നൈ 209 റൺസാണ് എടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ്,ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ അർധസെഞ്ചറിയുടെയടക്കം ബാറ്റിങ് മികവിൽ അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന് ശേഷം പിച്ചിനെക്കുറിച്ച് സിഎസ്‌കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന് വ്യത്യസ്തമായ അഭിപ്രായമാണുണ്ടായിരുന്നത്. ‘‘സത്യം പറഞ്ഞാൽ, ഇതൊരു നല്ല സ്കോറാണെന്ന് എനിക്ക് തോന്നി. പിച്ച് ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായിരുന്നു എന്നത് ശരിയാണ്, എന്നാൽ സ്പിന്നർമാർക്ക് പന്ത് അല്പം ഗ്രിപ്പ് ചെയ്യുന്നുണ്ടായിരുന്നു, പന്ത് ബാറ്റിലേക്ക് കൃത്യമായി വരുന്നുണ്ടായിരുന്നില്ല. സ്ലോവർ ബോളുകളും ഗ്രിപ്പ് ചെയ്യുന്നുണ്ടായിരുന്നു.’’– ക്യാപ്റ്റൻ പറഞ്ഞു.
മുൻ ഇന്ത്യൻ താരവും മുൻ സിഎസ്‌കെ ബാറ്ററുമായ സുബ്രഹ്മണ്യം ബദരിനാഥ് പിച്ചിനെക്കുറിച്ചുള്ള ഗെയ്‌ക്‌വാദിന്റെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ചു. ‘‘ഇതു വിശ്വസിക്കാൻ നമ്മൾ വിഡ്ഢികളാണോ? പിച്ച് എങ്ങനെയാണ് സ്ലോ ആകുന്നത്? ചെന്നൈ 209 റൺസ് എടുത്തു. റൺ ചേസിങ്ങിൽ പഞ്ചാബ് ഒരു മിനിറ്റോ ഒരു പന്തോ ഒരു ഓവറോ പോലും സമ്മർദത്തിലായിരുന്നില്ല. അങ്ങനെയെങ്കിൽ പിച്ച് എങ്ങനെ സ്ലോ ആകും?’’– ബദരിനാഥ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ‘‘സിഎസ്‌കെ ശരിക്കും ഒരു ആശയക്കുഴപ്പത്തിലാണ്. ആയുഷ് മാത്രെയും ഋതുരാജ് ഗെയ്‌ക്‌വാദും നല്ലൊരു കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ അവരുടെ മിഡിൽ ഓർഡർ തീർത്തും ശൂന്യമാണ്. കാർത്തിക് ശർമ, പ്രശാന്ത് വീർ, സർഫറാസ് ഖാൻ എന്നിവർക്ക് പരിചയസമ്പത്തില്ല. ഓവർട്ടനെ കളിപ്പിച്ചുമില്ല. ശിവം ദുബെയ്ക്ക് മാത്രമാണ് മിഡിൽ ഓർഡറിൽ എന്തെങ്കിലും അനുഭവസമ്പത്തുള്ളത്.’’– ബദരിനാഥ് കൂട്ടിച്ചേർത്തു.
English Summary:








English (US) ·