Published: September 04, 2026 09:56 AM IST
1 minute Read
ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന വനിതാ താരമെന്ന റെക്കോർഡുമായി സ്മൃതി മന്ഥന തകർത്തടിച്ച (64 പന്തിൽ 124) വനിതാ ഏഷ്യാകപ്പ് മത്സരത്തിൽ, ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്ക്ക് 137 റൺസിന്റെ കൂറ്റൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, സ്മൃതിയുടെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഹോങ്കോങ് 56 റൺസിന് ഓൾഔട്ടായി. സ്കോർ: ഇന്ത്യ 20 ഓവറിൽ 5ന് 193. ഹോങ്കോങ് 16.2 ഓവറിൽ 56ന് ഓൾഔട്ട്. സ്മൃതിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
What you should work next
തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ ടൂർണമെന്റിന്റെ സെമിഫൈനലിൽ കടന്നു. നാളെ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ഒന്നാം വിക്കറ്റിൽ ഷെഫാലി വർമയ്ക്കൊപ്പം (17 പന്തിൽ 28) 8 ഓവറിൽ 74 റൺസ് ചേർത്ത സ്മൃതി ഇന്ത്യയുടെ അടിത്തറ ഭദ്രമാക്കി. എന്നാൽ, ഷെഫാലി പുറത്തായതോടെ ഇന്ത്യയുടെ സ്കോറിങ് വേഗം കുറഞ്ഞു. പിന്നാലെയെത്തിയ പ്രതിക റാവൽ (10), റിച്ച ഘോഷ് (11), ഹർമൻപ്രീത് കൗർ (10) എന്നിവർ നിലയുറപ്പിക്കും മുൻപേ മടങ്ങി. ഇതോടെ, സ്കോറിങ്ങിന്റെ ചുമതല ഏറ്റെടുത്ത സ്മൃതിയാണ് ഇന്ത്യൻ ടോട്ടൽ 190 കടത്തിയത്. 7 സിക്സും 14 ഫോറും അടങ്ങുന്നതാണ് ഇന്ത്യൻ താരത്തിന്റെ ഇന്നിങ്സ്.
മറുപടി ബാറ്റിങ്ങിൽ 3 പേർക്കു മാത്രമാണ് ഹോങ്കോങ് നിരയിൽ രണ്ടക്കം കാണാൻ സാധിച്ചത്. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും നന്ദനി ശർമ, പ്രേമ റാവത്ത്, ശ്രീ ചരണി എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
‘എന്റെ കുടുംബത്തിന്’രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന താരമായി ഇന്ത്യയുടെ സ്മൃതി മന്ഥന. വിവിധ ഫോർമാറ്റുകളിലായി 18 സെഞ്ചറിയാണ് സ്മൃതിയുടെ പേരിലുള്ളത്. രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന (10880) റെക്കോർഡും സ്മൃതി സ്വന്തമാക്കി.
ഹോങ്കോങ്ങിനെതിരായ സെഞ്ചറി തന്റെ കുടുംബത്തിന് സമർപ്പിക്കുന്നതായി സ്മൃതി പറഞ്ഞു. ‘‘ഇതെല്ലാം ഒരുപാട് കാര്യങ്ങളുടെ ഫലമാണ്; ഇത് എന്റെ കുടുംബത്തിനായി സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’ മത്സരശേഷം സ്മൃതി പറഞ്ഞു.
English Summary:






English (US) ·