ഇതൊക്കെ നിസാരം, ഡൽഹിയെ 75ന് ഓൾഔട്ടാക്കി, 6.3 ഓവറിൽ വമ്പൻ വിജയത്തിലെത്തി ആർസിബി, 9000 ഐപിഎൽ റൺസുമായി കോലി

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: April 27, 2026 09:22 PM IST Updated: April 27, 2026 10:23 PM IST

1 minute Read

 RCB
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ആർസിബി താരങ്ങൾ. Photo: RCB

ന്യൂഡൽഹി∙ ഇന്ത്യന്‍ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ‍ഡൽഹി ക്യാപിറ്റൽസിനെ നിലം തൊടീക്കാതെ റോയൽ‍ ചാലഞ്ചേഴ്സ് ബെംഗളൂരു. ഒൻപതു വിക്കറ്റിന്റെ വമ്പൻ വിജയമാണ് ആർസിബി ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ‍ സ്വന്തമാക്കിയത്. ഡൽഹി ഉയർത്തിയ 76 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 6.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 81 പന്തുകൾ ബാക്കി നിൽക്കെയാണ് ബെംഗളൂരുവിന്റെ വിജയം. സീസണിലെ ആറാം വിജയത്തോടെ 12 പോയിന്റുമായി ആർസിബി രണ്ടാം സ്ഥാനത്തെത്തി. അതേസമയം അഞ്ചാം തോൽവി വഴങ്ങിയ ഡൽഹി ഏഴാമതാണ്. 

മറുപടി ബാറ്റിങ്ങിൽ 11 പന്തിൽ 20 റൺസെടുത്ത ജേക്കബ് ബെതലിന്റെ വിക്കറ്റാണ് ബെംഗളൂരുവിനു നഷ്ടമായത്. വിരാട് കോലിയും (15 പന്തിൽ 23), ദേവ്ദത്ത് പടിക്കലും (13 പന്തിൽ 34) പുറത്താകാതെനിന്നു. ഐപിഎലിൽ 9,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡിലേക്ക് ഈ മത്സരത്തോടെ വിരാട് കോലി എത്തി. എട്ട് സെഞ്ചറികളും 74 അർധ സെഞ്ചറികളുമാണ് കോലി കരിയറിൽ സ്വന്തമാക്കിയിട്ടുള്ളത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് ഹോം ഗ്രൗണ്ടിൽ 75 റൺസിനു പുറത്തായി. പവർപ്ലേയിൽ ആര്‍സിബി പേസർമാരായ ഭുവനേശ്വർ കുമാറും ജോഷ് ഹെയ്സൽവു‍ഡും തകർത്തെറിഞ്ഞതോടെ 3.5 ഓവറിൽ എട്ട് റൺസെടുക്കുന്നതിനിടെ ഡൽഹിയുടെ ആറു വിക്കറ്റുകൾ വീണു. ഇരു പേസർമാരും മൂന്നു വീതം വിക്കറ്റുകൾ പങ്കിട്ടെടുക്കുകയായിരുന്നു. 

സലി‍ൽ പരാഖ് (പൂജ്യം), കെ.എൽ. രാഹുൽ (ഒന്ന്), നിതീഷ് റാണ (ഒന്ന്), സമീർ റിസ്‍വി (പൂജ്യം), ട്രിസ്റ്റൻ സ്റ്റബ്സ് (അഞ്ച്), ക്യാപ്റ്റൻ അക്ഷർ പട്ടേൽ (പൂജ്യം)  എന്നിവരാണ് ആദ്യ ആറോവറുകളിൽ പുറത്തായ ഡൽഹി ബാറ്റര്‍മാർ. ഐപിഎല്‍ ചരിത്രത്തിൽ പവര്‍പ്ലേ ഓവറിൽ കൂടുതൽ വിക്കറ്റുകൾ വീണ ഇന്നിങ്സാണ് ഡൽഹിയുടേത്. 2011 ൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഡക്കാൻ ചാർജേഴ്സ് കൊച്ചി ടസ്കേഴ്സിനെതിരെ ഇതുപോലെ ആറു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 13 റൺസാണ് ആദ്യ ആറോവറുകളിൽനിന്ന് ഡൽഹി നേടിയത്. ഐപിഎലിലെ എക്കാലത്തെയും ചെറിയ സ്കോർ. 

ഇംപാക്ട് പ്ലേയറായി ഇറങ്ങി 33 പന്തിൽ 30 റൺസെടുത്ത അഭിഷേക് പൊറേലാണ് ‍ഡൽഹിയുടെ ടോപ് സ്കോറർ. 17–ാം ഓവറിൽ ജോഷ് ഹെയ്സൽവുഡിന്റെ പന്തിലാണ് അഭിഷേക് പുറത്താകുന്നത്. ഡേവിഡ് മില്ലർ (18 പന്തിൽ 19), കൈൽ ജെയ്മിസൻ (13 പന്തിൽ 12) എന്നിവരും ഡല്‍ഹി നിരയിൽ രണ്ടക്കം കടന്നു. 3.3 ഓവറുകൾ പന്തെറിഞ്ഞ ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ്, 12 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. റാസിഖ് സലാം, സുയാഷ് ശർമ, ക്രുനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

English Summary:

Indian Premier League, Delhi Capitals vs Royal Challengers Bengaluru Match Live Updates

Read Entire Article