Published: April 01, 2026 07:29 PM IST Updated: April 01, 2026 11:17 PM IST
2 minute Read
ലക്നൗ∙ പകരക്കാരനായി ഇറങ്ങി ഡൽഹി ക്യാപിറ്റൽസിനെ അനായാസ വിജയത്തിലെത്തിച്ച് ഇന്ത്യൻ യുവതാരം സമീർ റിസ്‍വി. ഇംപാക്ട് പ്ലേയറായി ബാറ്റിങ്ങിനിറങ്ങിയ സമീർ റിസ്‍വി അർധ സെഞ്ചറിയുമായി തകർത്തടിച്ചപ്പോൾ, ആറു വിക്കറ്റ് വിജയമാണ് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 47 പന്തിൽ 70 റണ്‍സുമായി പുറത്താകാതെനിന്ന റിസ്‍വിയാണു കളിയിലെ താരം. 4.3 ഓവറിൽ നാലിന് 26 റൺസെന്ന നിലയിൽനിന്നാണ് ഡൽഹിയെ യുവതാരം രക്ഷിച്ചെടുത്തത്.
ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഡൽഹി ഓപ്പണർ കെ.എൽ. രാഹുലിനെ ഗോൾഡൻ ഡക്കാക്കി പേസർ മുഹമ്മദ് ഷമി ലക്നൗവിന് മികച്ച തുടക്കമാണു നൽകിയത്. നിതിഷ് റാണ (15), പതും നിസംഗ (ഒന്ന്), ക്യാപ്റ്റൻ അക്ഷർ പട്ടേല്‍ (പൂജ്യം) എന്നിവരെ ഡൽഹിക്കു പവർപ്ലേ ഓവറുകളിൽ തന്നെ നഷ്ടമായി. ലക്നൗ മികച്ചൊരു വിജയം പ്രതീക്ഷിച്ചിരിക്കെയാണ് സമീർ റിസ്‍വിയിലൂടെ ഡല്‍ഹിയുടെ തിരിച്ചുവരവ്. ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻസ് സ്റ്റബ്സും റിസ്‍വിക്കു പിന്തുണയുമായി നിലയുറപ്പിച്ചതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 32 പന്തുകൾ നേരിട്ട സ്റ്റബ്സ് 39 റൺസുമായി പുറത്താകാതെനിന്നു. 37 പന്തിൽ റിസ്‍വി അർധ സെഞ്ചറി പിന്നിട്ടു. അബ്ദുൽ സമദ് എറിഞ്ഞ 18–ാം ഓവറിലെ ആദ്യ പന്ത് സിക്സർ തൂക്കി സമീർ റിസ്‍വി ഡൽഹിയുടെ വിജയമാഘോഷിക്കുകയായിരുന്നു.
ലക്നൗവിനായി പ്രിൻസ് യാദവ് രണ്ടും മൊഹ്സിൻ ഖാൻ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 18.4 ഓവറില്‍ 141 റൺസെടുത്തു പുറത്തായി. 25 പന്തിൽ 36 റൺസടിച്ച അബ്ദുൽ സമദാണ് ലക്നൗവിന്റെ ടോപ് സ്കോറർ. മിച്ചൽ മാര്‍ഷും (28 പന്തിൽ 35) ബാറ്റിങ്ങിൽ പിടിച്ചുനിന്നു. ക്യാപ്റ്റൻ ഋഷഭ് പന്തുൾപ്പടെ നാലു മുൻനിര ബാറ്റർമാർ തുടക്കത്തിൽ തന്നെ പുറത്തായതാണ് ലക്നൗവിനെ ചെറിയ സ്കോറിൽ ഒതുക്കിയത്.
ഒരു ഭാഗത്ത് ഓപ്പണർ മിച്ചൽ മാർഷ് പിടിച്ചുനിൽക്കാൻ ശ്രമിച്ചപ്പോഴും ഋഷഭ് പന്ത് (ഏഴ്), എയ്ഡൻ മാർക്രം (11), ആയുഷ് ബദോനി (പൂജ്യം), നിക്കോളാസ് പുരാൻ (എട്ട്) എന്നിവർ അതിവേഗം പുറത്തായതാണ് ലക്നൗവിന് തിരിച്ചടിയായത്. 71 റൺസെടുക്കുന്നതിനിടെ ലക്നൗവിന്റെ അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. പവർപ്ലേയിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 48 റൺസെടുത്ത ശേഷമായിരുന്നു കൂട്ടത്തകർച്ച. മധ്യനിരയിൽ അബ്ദുൽ സമദിനു പുറമേ, മുകുൾ ചൗധരി (14), ഇംപാക്ട് പ്ലേയർ ഷഹബാസ് അഹമ്മദ് (15) എന്നിവരും രണ്ടക്കം കടന്നു. ഡൽഹിക്കു വേണ്ടി ലുങ്കി എൻഗിഡി, ടി. നടരാജൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും സ്വന്തമാക്കി.
ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവൻ– കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), പതും നിസംഗ, നിതിഷ് റാണ, അക്ഷർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റന്‍ സ്റ്റബ്സ്, ഡേവിഡ് മില്ലർ, വിപ്രജ് നിഗം, ലുങ്കി എൻഗിഡി, കുൽദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ.
ലക്നൗ സൂപ്പർ ജയന്റ്സ്– എയ്ഡൻ മാർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പുരാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), ആയുഷ് ബദോനി, അബ്ദുൽ സമദ്, മുകുള്‍ ചൗധരി, മൊഹ്സിൻ ഖാൻ, മുഹമ്മദ് ഷമി, ആൻറിച് നോർട്യ, പ്രിൻസ് യാദവ്.
English Summary:








English (US) ·