ഇത്തിരിക്കുഞ്ഞന്മാരോട് വിറച്ച് ഇന്ത്യ, പുകഴ്പെറ്റ ബാറ്റിങ്നിര ചീട്ടു കൊട്ടാരം പോലെ തകർന്നു; തോളിലേറ്റി ക്യാപ്റ്റൻ സൂര്യ

1 month ago 6

മുംബൈ ∙ മുൻനിര ബാറ്റർമാർക്ക് അടിതെറ്റിയെങ്കിലും, നിലതെറ്റാതെ പൊരുതിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും (49 പന്തിൽ 84 നോട്ടൗട്ട്) അവസരത്തിനൊത്തുയർന്ന ബോളർമാരുടെയും മികവിൽ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ 29 റൺസിനാണ് യുഎസ്എയെ ഇന്ത്യ വീഴ്ത്തിയത്. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ 161 റൺസ് നേടിയപ്പോൾ യുഎസിന് 132 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്കോർ: ഇന്ത്യ 20 ഓവറിൽ 9ന് 161. യുഎസ്എ 20 ഓവറിൽ 8ന് 132. സൂര്യകുമാർ യാദവാണു പ്ലെയർ ഓഫ് ദ് മാച്ച്. ഇന്ത്യയുടെ അടുത്ത മത്സരം 12നു ഡൽഹിയിലാണ്; എതിരാളികൾ നമീബിയ.

162 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയ്ക്കു തുടക്കം മുതൽ അടിതെറ്റി. രണ്ടാം ഓവറിൽ ഓപ്പണർ ആന്ദ്രെസ് ഹൗസിനെ (6) വീഴ്ത്തിയ മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 3ന് 13 എന്ന നിലയിലേക്കു വീണ യുഎസ്എയെ നാലാം വിക്കറ്റിൽ 58 റൺസ് ചേർത്ത മിലിന്ദ് കുമാർ (34)– സഞ്ജയ് കൃഷ്ണമൂർത്തി (37) സഖ്യമാണ് താങ്ങിനിർത്തിയത്. വിജയത്തെക്കാളുപരി 20 ഓവറും ബാറ്റ് ചെയ്യുക എന്നതിലായിരുന്നു യുഎസ്എയുടെ ശ്രദ്ധ. മധ്യനിരയിൽ ശുഭം രഞ്ജൻ (37) കൂടി ചെറുത്തുനിൽപിന്റെ ഭാഗമായതോടെ യുഎസ്എ സ്കോർ 100 കടന്നു. എന്നാൽ അവസാന ഓവറുകളിൽ വീണ്ടും പിടിമുറുക്കിയ ഇന്ത്യൻ ബോളർമാർ, യുഎസ്എയെ 132ൽ പിടിച്ചുകെട്ടി. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് 3 വിക്കറ്റ് നേടിയപ്പോൾ അർഷ്ദീപ് സിങ്ങും അക്ഷർ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

വീണിട്ടും വീഴാതെ..ലോക ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്മാരായ യുഎസ്എയ്ക്കു മുന്നിൽ ഇന്ത്യയുടെ പുകഴ്പെറ്റ ബാറ്റിങ്നിര ചീട്ടു കൊട്ടാരം പോലെ തകർന്നുവീഴുന്ന കാഴ്ചയ്ക്കാണ് വാങ്കഡെ സാക്ഷിയായത്. ഇന്ത്യക്കാരാൽ നിറഞ്ഞ യുഎസ്എ, നിലവിലെ ചാംപ്യന്മാരായ ഇന്ത്യയെ ചെറുതായൊന്നു വിറപ്പിച്ചു. 49 പന്തിൽ 10 ഫോറും 4 സിക്സും സഹിതം 84 റൺസുമായി ഇന്ത്യൻ ഇന്നിങ്സിനെ ഒറ്റയ്ക്കു തോളിലേറ്റിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് കളി രക്ഷപ്പെടുത്തിയത്.

ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത യുഎസ്എയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു തുടക്കം. 13–ാം ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന പരിതാപകരമായ അവസ്ഥയിലേക്ക് ഇന്ത്യൻ ഇന്നിങ്സിനെ തള്ളിയിടാൻ യുഎസിന്റെ ബോളർമാർക്കു സാധിച്ചു.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച യുഎസ് ബോളർ ഷാഡ്‌ലി വാൻ സ്കാൽക്‌വൈക് 4 ഓവറിൽ 25 റൺസ് വഴങ്ങി നേടിയ 4 വിക്കറ്റുകളാണ് ഇന്ത്യയുടെ കുതിപ്പിനു തുടക്കത്തിൽ വിലങ്ങിട്ടത്. രണ്ടാം ഓവറില്‍ അലി ഖാനിന്റെ രണ്ടാം പന്തിൽ ഡീപ് മിഡ് വിക്കറ്റിൽ സഞ്ജയ് കൃഷ്ണമൂർത്തിക്കു ക്യാച്ച് നൽകി അഭിഷേക് പൂജ്യനായി മടങ്ങിയപ്പോൾ ഗാലറികൾ ഞെട്ടലോടെ നിശ്ശബ്ദമായി. നേരിട്ട ആദ്യ പന്തിൽ തന്നെയായിരുന്നു അഭിഷേകിന്റെ മടക്കം. വൺഡൗണായി ഇറങ്ങിയ തിലക് വർമ (25) പതിവു ശൈലിയിൽ തകർപ്പനടികൾക്കു നോക്കിയെങ്കിലും അതും ഏറെനേരം നീണ്ടുനിന്നില്ല.

 ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ പുറത്തായപ്പോൾ യുഎസ്എ താരങ്ങളുടെ ആഹ്ലാദം. (Photo by Punit PARANJPE / AFP)

ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ പുറത്തായപ്പോൾ യുഎസ്എ താരങ്ങളുടെ ആഹ്ലാദം. (Photo by Punit PARANJPE / AFP)

വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കാൻ പറ്റാതെ, ശിവം ദുബെ (0), റിങ്കു സിങ് (6), ഹാർദിക് പാണ്ഡ്യ (5) എന്നിവർ മടങ്ങിയതോടെ ഇന്ത്യ 6ന് 77 എന്ന നിലയിലായി. സൂര്യകുമാറിനു കൂട്ടായി ഏഴാം വിക്കറ്റിൽ അക്ഷർ പട്ടേൽ എത്തിയതോടെ കളിയുടെ സ്വഭാവം മാറി. 11 പന്തിൽ 14 റൺസേ നേടിയുള്ളൂവെങ്കിലും അക്ഷർ പട്ടേൽ സൂര്യകുമാറിനു മികച്ച കൂട്ടാളിയായി.

വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കി ക്ഷമയോടെ പിടിച്ചുനിന്നതാണ് സൂര്യകുമാറിന്റെ ഇന്നിങ്സിന്റെ സവിശേഷത. അവസാന 2 ഓവറുകളിൽ മാത്രമാണു തകർപ്പനടിക്കു സൂര്യ മുതിർന്നത്. നേത്രാവൽക്കർ എറിഞ്ഞ അവസാന ഓവറിൽ 21 റൺസ് അടിച്ചെടുക്കാനും ഇന്ത്യൻ ക്യാപ്റ്റനു കഴിഞ്ഞു. സഞ്ജു സാംസണു പകരം ഇഷാൻ കിഷൻ ടീമിൽ ഇടംപിടിച്ചു. ജസ്പ്രീത് ബുമ്രയ്ക്കു വിശ്രമം അനുവദിച്ചപ്പോഴാണ് മുഹമ്മദ് സിറാജിന് പകരം അവസരം ലഭിച്ചത്.

Read Entire Article