Published: February 08, 2026 12:17 PM IST
1 minute Read
മുംബൈ∙ തൊട്ടതെല്ലാം പൊന്നാക്കി മാത്രം ശീലമുള്ള വൈഭവിന്റെ കരിയർ ബെസ്റ്റ് ഇന്നിങ്സായിരുന്നു അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കണ്ടത്. 55 പന്തിൽ സെഞ്ചറി തികച്ച താരം 80 പന്തിൽ അടിച്ചെടുത്തത് 15 വീതം സിക്സും ഫോറുമടക്കം 175 റൺസ്. ബൗണ്ടറികളിലൂടെ മാത്രം 150 റൺസ്! ആ കരുത്തിൽ ഇന്ത്യ ലോകകപ്പിൽ ആറാം കിരീടത്തിൽ മുത്തമിടുകയും ചെയ്തു. ടൂർണമെന്റിലുടനീളം തകർത്തടിച്ച വൈഭവ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് ടൂർണമെന്റും.
ഐപിഎലിൽ തിളങ്ങിയപ്പോൾ മുതൽ തന്നെ വൈഭവിനെ സീനിയർ ടീമിലേക്ക് എടുക്കണമെന്ന മുറവിളി ആരംഭിച്ചിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ കാഴ്ചവച്ച തകര്‍പ്പന്‍ ഫോമിന് പിന്നാലെ ഈ ആവശ്യത്തിന്റെ ശക്തി കൂടുകയും ചെയ്തു. എന്നാല്‍ ഐസിസി നിയമങ്ങളാണ് വൈഭവിനെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍നിന്നു അകറ്റി നിര്‍ത്തുന്നത്. ഐസിസിയുടെ മിനിമം പ്രായപരിധിയാണ് വൈഭവിന് തടസമാകുന്നത്. രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിക്കാന്‍ താരത്തിന് കുറഞ്ഞത് 15 വയസ്സുണ്ടായിരിക്കണമെന്നാണ് ഐസിസി ചട്ടം. യുവ കായികതാരങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി 2020ലാണ് ഈ നിയമം കൊണ്ടുവന്നത്. 2011 മാര്‍ച്ച് 27ന് ജനിച്ച വൈഭവിന് നിലവില്‍ 14 വയസ്സാണ്. വൈഭവിന് ഇന്ത്യന്‍ ടീമിലെത്താന്‍ 2026 മാര്‍ച്ച് 27 കഴിയണം.
2026 അണ്ടര്‍ 19 ലോകകപ്പിലെ മികച്ച താരമാണെങ്കിലും 2028, 2030 വര്‍ഷങ്ങളിലെ ലോകകപ്പ് ടൂര്‍ണമെന്‍റുകളിൽ വൈഭവിന് പങ്കെടുക്കാന്‍ സാധിക്കില്ല. അപ്പോഴും വൈഭവ്, 19 വയസ്സിൽ താഴെയാണെങ്കിലും ബിസിസിഐയുടെ നിയമമാണ് അവിടെ താരത്തിന് തിരിച്ചടിയാകുന്നത്. ‘വണ്‍– ടൂര്‍ണമെന്‍റ്’ എന്ന നയമാണ് ബിസിസിഐ പിന്തുടരുന്നത്. ഇതു പ്രകാരം പ്രധാന ടൂർണമെന്റുകളിൽ ഒരു തവണയിൽ കൂടുതൽ കളിക്കാൻ സാധിക്കില്ല. പുതിയ പ്രതിഭകൾക്ക് അവസരം നൽകുന്നതിനാണ് ബിസിസിഐ ഈ നയം പിന്തുടരുന്നത്. മുൻ ഇന്ത്യൻ താരവും കോച്ചുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ നിർദേശപ്രകാരമാണ് ഈ നയം നടപ്പാക്കിയത്.
∙ ‘ഉറങ്ങിയില്ല’ഫൈനല്‍ മത്സരത്തിന് മുന്‍പ് ശരിക്കും ഉറങ്ങാന്‍ സാധിച്ചില്ലെന്ന് വൈഭവ് സൂര്യവംശി പറഞ്ഞു. അതിനുള്ള കാരണവും താരം വെളിപ്പെടുത്തി. ‘‘രാത്രി ഞാൻ ഉറങ്ങിയില്ല, ഒന്നോ രണ്ടോ മണിക്കൂർ മാത്രമേ ഉറങ്ങാൻ കഴിഞ്ഞുള്ളൂ. അതൊരു വലിയ മത്സരമായിരുന്നു. സാധാരണ മത്സരം പോലെ കളിക്കും എന്ന് പറയാമെങ്കിലും സമ്മർദമുണ്ട്. മറ്റു ടീമുകളിൽ ഒരു പക്ഷേ വീണ്ടും അണ്ടര്‍ 19 ലോകകപ്പ് കളിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ ഇന്ത്യയില്‍ അതിന് കഴിയില്ല.അതുകൊണ്ട് ഫൈനൽ കളിക്കുന്നതും ജയിക്കുന്നതും മറക്കാനാവാത്ത നിമിഷമാണ്’’– വൈഭവ് പറഞ്ഞു.
സെഞ്ചറിക്ക് അരികിലെത്തിയപ്പോള്‍ വിവേകത്തോടെ കളിക്കാനാണ് ഒപ്പം ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റൻ ആയുഷ് മാത്രെ ആവശ്യപ്പെട്ടതെന്നും വൈഭവ് പറഞ്ഞു. ‘‘സെഞ്ചറിക്ക് അരികിലെത്തിയപ്പോൾ സിംഗിളെടുക്കാനും പക്വതയോടെ കളിക്കാനുമാണ് ആയുഷ് ആവശ്യപ്പെട്ടത്. ക്രീസിലുള്ളിടത്തോളം സമയം ആക്രമിച്ച് കളിച്ചാല്‍ ഇംഗ്ലണ്ടിനെ തോൽപ്പിക്കാന‍് കഴിയുമെന്ന് എനിക്കറിയാം. ഒന്നാം ഇന്നിങ്സില്‍ തന്നെ മത്സരം അനുകൂലമാക്കാന്‍ സാധിച്ചു. എന്‍റെ മാത്രം പ്രകടനമല്ല, എല്ലാവരുടെയും സംഭാവന കൊണ്ടാണ് 411 റണ്‍സിലെത്തിയത്.’’– വൈഭവ് പറഞ്ഞു.
English Summary:







English (US) ·