Published: August 23, 2026 04:01 PM IST Updated: August 23, 2026 10:20 PM IST
2 minute Read
ലക്നൗ∙ ഐപിഎലിലും അഭ്യന്തര ക്രിക്കറ്റിലും തിളങ്ങി ഇന്ത്യൻ ടീമിലും സാന്നിധ്യമറിയിച്ച ലെഗ് സ്പിന്നർ കാൺ ശർമ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 38–ാം വയസ്സിലാണ് താരത്തിന്റെ പടിയിറക്കം. ഇന്ത്യക്കായി ഒരു ടെസ്റ്റും രണ്ട് ഏകദിനങ്ങളും ഒരു ട്വന്റി20യും കളിച്ചിട്ടുള്ള കാൺ ശർമ, 2014 നവംബറിലാണ് ഒടുവിൽ രാജ്യാന്തര മത്സരം കളിച്ചത് ‘‘എന്റെ ലക്ഷ്യസ്ഥാനം എത്തിക്കഴിഞ്ഞു, എനിക്ക് ഇപ്പോൾ 38 വയസ്സായി, ഇനി കളിക്കുന്നതിൽ അർഥമില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ കൂടുതൽ കളിക്കുന്നതിനനുസരിച്ച് ടീമിലെ ഒരു യുവതാരത്തിന്റെ അവസരമായിരിക്കും ഇല്ലാതാകുന്നത്. ഇനി ഒരിക്കലും ഇന്ത്യൻ ടീമിലേക്ക് ഒരു വിളി വരില്ലെന്ന് ബോധ്യമുള്ളപ്പോൾ കളിയിൽ തുടരുന്നതിൽ അർഥമില്ല. അതിനാൽ ഞാൻ എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സംസാരിച്ചു, ഇതാണ് ശരിയായ സമയമെന്ന് അവരും പറഞ്ഞു.’’– കാൺ ശർമ പറഞ്ഞു.
What you should work next
യുപിയിലെ മീററ്റ് സ്വദേശിയായ കാൺ, 2014ലാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡിലായിരുന്നു താരത്തിന്റെ ഏക ടെസ്റ്റ് മത്സരം; ഇംഗ്ലണ്ടിനെതിരെ ബെർമിങ്ഹാമിൽ ഒരു ട്വന്റി20യും കളിച്ചു. അതേ വർഷം തന്നെ ശ്രീലങ്കയ്‌ക്കെതിരെയാണ് കാൺ തന്റെ രണ്ട് ഏകദിന മത്സരങ്ങൾ കളിച്ചത്. പിന്നീട് ആർ.അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യയുടെ സ്പിൻ വിഭാഗത്തിൽ സ്ഥാനം ഉറപ്പിച്ചതോടെ ശർമയ്ക്ക് ദേശീയ ടീമിലേക്ക് തിരിച്ചെത്തുക ബുദ്ധിമുട്ടായി. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പരിചയസമ്പത്തുള്ള താരം, 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 270 വിക്കറ്റുകളും, 123 ലിസ്റ്റ്-എ മത്സരങ്ങളിൽ നിന്ന് 153 വിക്കറ്റുകളും, 191 ട്വന്റി20കളിൽനിന്ന് നിന്ന് 168 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ആഭ്യന്തര മത്സരങ്ങളിൽ റെയിൽവേസ്, ആന്ധ്ര, വിദർഭ എന്നീ ടീമുകളെ പ്രതിനിധീകരിച്ചു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾക്കൊപ്പം 90-ലധികം ഐപിഎൽ മത്സരങ്ങൾ കളിച്ച താരം, നാല് തവണ ഐപിഎൽ കിരീടം നേടിയ ടീമുകളുടെ ഭാഗമായിട്ടുണ്ട്. തുടർച്ചയായി മൂന്ന് ഐപിഎൽ കിരീടങ്ങൾ നേടുന്ന ആദ്യ താരം എന്ന ബഹുമതിയും കാണിന്റെ പേരിലുണ്ട്: സൺറൈസേഴ്സ് ഹൈദരാബാദ് (2016), മുംബൈ ഇന്ത്യൻസ് (2017), ചെന്നൈ സൂപ്പർ കിങ്സ് (2018). 2021ൽ ചെന്നൈയ്ക്കൊപ്പം തന്നെയായിരുന്നു നാലാം കിരീടവും.
‘‘ഞാൻ ഒരിക്കലും സ്വപ്നം കാണാത്തതെല്ലാം ദൈവം എനിക്ക് തന്നു. ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോൾ, ഇന്ത്യക്കായി കളിക്കണമെന്നും ഇന്ത്യൻ ടീമിനായി മൂന്ന് ഫോർമാറ്റുകളിലും കളിക്കണമെന്നുമായിരുന്നു എന്റെ സ്വപ്നം. മൂന്ന് ഫോർമാറ്റുകളിലും കളിക്കാൻ കഴിയുന്ന കളിക്കാർ വളരെ കുറവാണ്. ഞാൻ കഠിനാധ്വാനം ചെയ്തു, പരമാവധി ശ്രമിച്ചു. ആ മത്സരങ്ങൾ ഞാൻ കളിക്കുമെന്നത് എവിടെയോ വിധിയിൽ എഴുതിവച്ചിട്ടുണ്ടായിരുന്നു, അതിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ കുടുംബം, സുഹൃത്തുക്കൾ, കോച്ചുകൾ, ട്രെയിനർമാർ, വിവിധ രഞ്ജി-ഐപിഎൽ ടീമുകൾ എന്നിവരോടെല്ലാം ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഫിസിയോമാരും ട്രെയിനർമാരും ഗ്രൗണ്ട് സ്റ്റാഫുകളുമെല്ലാം എന്റെ കരിയറിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട്.’’– കാൺ ശർമ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ് ലഭിച്ചതാണ് തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമെന്നും കാൺ ശർമ പറഞ്ഞു. ‘‘ടെസ്റ്റ് ക്യാപ് ലഭിച്ചത് എന്റെ ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനത്തുണ്ടാകും. അത് തീർച്ചയായും ഏറ്റവും മികച്ച ദിവസമായിരുന്നു. ഇന്ത്യക്കായി കളിച്ചതും അതിൽ നിന്ന് ലഭിച്ച അറിവുകളും എപ്പോഴും സവിശേഷമായിരിക്കും. കളിച്ചപ്പോഴൊക്കെയും ഞാൻ എന്റെ പരമാവധി നൽകി, എപ്പോഴും പഠിക്കാനും മെച്ചപ്പെടാനും ശ്രമിച്ചു. എനിക്ക് വിട പറയാനും 283-ാം നമ്പർ തൊപ്പി അഴിച്ചുവയ്ക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു.’’– കാൺ പറഞ്ഞു.
English Summary:






English (US) ·