Published: March 04, 2026 12:36 PM IST
2 minute Read
കൊൽക്കത്ത∙ ട്വന്റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിന് ഒരുങ്ങാൻ ഇന്നലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലെത്തിയ ദക്ഷിണാഫ്രിക്കയുടെയും ന്യൂസീലൻഡിന്റെയും താരങ്ങൾ ഡ്രസിങ് റൂമിലേക്ക് പോകും മുൻപ്, സ്റ്റേഡിയത്തിലെ ക്ലബ് ഹൗസിനു മുന്നിൽ ഒരു നിമിഷം നിന്നു. ഈഡനിൽ, വിവിധ രാജ്യാന്തര മത്സരങ്ങളിൽ സെഞ്ചറി നേടിയ താരങ്ങളുടെ പേരു പതിച്ച ബോർഡിലെ പേരുകൾ വായിക്കുകയായിരുന്നു അവരിൽ പലരും. ഡാരിൽ കല്ലിനൻ മുതൽ അൽവിരോ പീറ്റേഴ്സൻ വരെ 7 ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പേര് ബോർഡിൽ തിളങ്ങിനിൽക്കുന്നതു കണ്ട് എയ്ഡൻ മാർക്രത്തിന്റെയും സംഘത്തിന്റെയും മനസ്സു നിറഞ്ഞു.
എന്നാൽ, എത്ര തിരഞ്ഞിട്ടും ഒരു കിവീസ് താരത്തിന്റെ പേര് കണ്ടെത്താൻ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർക്കും സംഘത്തിനും കഴിഞ്ഞില്ല. ടൂർണമെന്റിൽ ആദ്യമായാണ് ഇരു ടീമുകളും കൊൽക്കത്തയിൽ മത്സരത്തിനിറങ്ങുന്നത്. ഈഡനിലെ ചരിത്രവും സമീപകാല ഫോമും പരിഗണിച്ചാൽ, ടൂർണമെന്റിൽ അജയ്യരായി തുടരുന്ന ദക്ഷിണാഫ്രിക്ക തന്നെയാണ് ഫേവ്റിറ്റുകൾ. മറുവശത്ത്, ഗ്രൂപ്പ് ഘട്ടത്തിലെ പിഴവുകളെല്ലാം തിരുത്തി, ഫൈനൽ സ്വപ്നം കണ്ടാണ് കിവീസ് സംഘം ഇന്നിറങ്ങുക. മത്സരം രാത്രി 7 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ത്രോഡൗൺ ക്ലാസ്ഇന്നലെ നെറ്റ്സിൽ എത്തിയ കിവീസ് ബാറ്റർമാരെല്ലാം ത്രോഡൗൺ സ്പെഷലിസ്റ്റുകളുടെ സഹായത്തോടെ പവർ ഹിറ്റിങ് പരിശീലനത്തിലായിരുന്നു. ടൂർണമെന്റിൽ ഇതുവരെ 200നു മുകളിൽ സ്കോർ ചെയ്യാൻ കിവീസിനു സാധിച്ചിട്ടില്ല. അഫ്ഗാനെതിരെ നേടിയ 183 റൺസാണ് അവരുടെ ഉയർന്ന ടോട്ടൽ. ഈ റൺക്ഷാമം മറികടക്കാനാണ്, ഇന്നലെ പവർ ഹിറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ടിം സെയ്ഫർട്ട്, മാർക്ക് ചാപ്മാൻ, ജിമ്മി നീഷം തുടങ്ങിയവരായിരുന്നു പവർ ഹിറ്റിങ് പരിശീലനത്തിൽ പങ്കെടുത്തത്.
സോധിയുടെ സങ്കടംകിവീസിനായി ഇന്നലെ നെറ്റ്സിൽ ഏറ്റവുമധികം പന്തെറിഞ്ഞത് ലെഗ് സ്പിന്നർ ഇഷ് സോധിയാണ്. ഭൂരിഭാഗം മത്സരങ്ങളും ശ്രീലങ്കയിലെ സ്പിൻ പിച്ചുകളിൽ കളിച്ചിട്ടും, ഒരിക്കൽപോലും താളം കണ്ടെത്താൻ സോധിക്കു സാധിച്ചിട്ടില്ല. സെമിയിലെങ്കിലും ഫോമിലേക്കുയരാനാണ് ഇന്നലെ നെറ്റ്സിൽ മണിക്കൂറുകളോളം സോധി വിയർപ്പൊഴുക്കിയത്. എന്നാൽ, പരിശീലനപ്പിച്ചിൽ പോലും കാര്യമായ ടേണോ ബൗൺസോ സോധിയുടെ പന്തുകൾക്കു കിട്ടിയില്ല.
ക്വിന്റനടി കമിങ്ദക്ഷിണാഫ്രിക്കയ്ക്കായി നെറ്റ്സിൽ ആദ്യം ബാറ്റ് ചെയ്യാനെത്തിയത് ക്വിന്റൻ ഡികോക്കാണ്. ഇടംകൈ സ്പിന്നർമാർക്കും ലെഗ് സ്പിന്നർമാർക്കും എതിരെയാണ് ഡികോക്ക് ബാറ്റ് ചെയ്തത്. ഐപിഎലിൽ ഉൾപ്പെടെ ഒട്ടേറെത്തവണ ഈഡനിൽ കളിച്ചു പരിചയമുള്ള ഡികോക്കിന്റെ ഫോം ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നിർണായകമാണ്.
ഷോർട്ട് റണ്ണപ് സ്ട്രാറ്റജി
ബോളിങ് റണ്ണപ് പകുതിയിൽ അധികം കുറച്ച്, ആയാസ രഹിതമായാണ് ദക്ഷിണാഫ്രിക്കൻ പേസർമാർ ഇന്നലെ നെറ്റ്സിൽ പന്തെറിഞ്ഞത്. കൃത്യമായ ലൈനും ലെങ്തും കണ്ടെത്താനും വേരിയേഷനുകൾ പരീക്ഷിക്കാനുമാണ് ഈ ഷോർട്ട് റണ്ണപ് സ്ട്രാറ്റജി പ്രയോജനപ്പെടുത്തുന്നത്. ക്വിന മപാക, മാർക്കോ യാൻസൻ, കോർബിൻ ബോഷ് എന്നിവർ ഈ സ്ട്രാറ്റജി പരീക്ഷിച്ചപ്പോൾ പരമാവധി പേസിൽ പന്തെറിഞ്ഞ്, താളം കണ്ടെത്തുന്നതിലായിരുന്നു ആൻറിച് നോർട്യയുടെ ശ്രദ്ധ.
5–0രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഇതിനു മുൻപ് 5 തവണയാണ് ദക്ഷിണാഫ്രിക്കയും ന്യൂസീലൻഡും ഏറ്റുമുട്ടിയത്. 5 തവണയും ദക്ഷിണാഫ്രിക്ക ജേതാക്കളായി. ഈ ലോകകപ്പിൽ ഗ്രൂപ്പ് മത്സരത്തിൽ ന്യൂസീലൻഡിനെതിരെ 7 വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കൻ വിജയം.
English Summary:







English (US) ·