Published: June 07, 2026 10:11 AM IST Updated: June 07, 2026 03:13 PM IST
1 minute Read
-
ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യാൻ അമേരിക്കയിലെത്തിയ മനോരമ ലേഖകൻ എഴുതുന്നു..
ന്യൂയോർക്ക്∙ ഈ മണ്ണിൽ കാൽ തൊടുന്നവരെല്ലാം കൊളംബസ് ആകുന്നു, അവർ അമേരിക്കയെ കണ്ടെത്തുന്നു! ഇന്ത്യ തേടി പുറപ്പെട്ട കൊളംബസ് ആകസ്മികമായാണ് അമേരിക്ക കണ്ടെത്തിയതെങ്കിൽ കാൽപന്ത് മാമാങ്കം തേടി പുറപ്പെടുന്നവരെല്ലാം അമേരിക്കയെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. സമുദ്രങ്ങൾ താണ്ടിയെത്തുന്നവരോടു ന്യൂയോർക്ക് എയർപോർട്ടിൽ ആതിഥേയർ പറയുന്നു, ‘വെൽകം എബോർഡ്’. സഹ ആതിഥേയരായ മെക്സിക്കോ പറയുന്നു, ‘ബയൻവേനീഡോസ് (സ്വാഗതം).. കാനഡ പറയുന്നു, ഗ്ലാഡ് ടു ഹാവ് യു ഇൻ കാനഡ!
What you should work next
അബുദാബിയിൽനിന്നു ന്യൂയോർക്കിലേക്കുള്ള ഇത്തിഹാദ് വിമാനത്തിൽ ഒരു സീറ്റിന്റെ അരികിലിരുന്നു ദക്ഷിണ കൊറിയക്കാരി മിൻ യുങ് സംശയം പ്രകടിപ്പിച്ചു: ‘ഞങ്ങളുടെ ടീം ലോകകപ്പ് കളിക്കുന്നുണ്ട്. ഞങ്ങളുടെ സൺ ഹ്യുങ് മിൻ ലോകം ആരാധിക്കുന്ന താരവുമാണ്. പക്ഷേ, നിങ്ങളുടെ രാജ്യം ലോകകപ്പ് കളിക്കുന്നില്ല. നിങ്ങൾക്കു ലോകമറിയുന്ന താരങ്ങളുമില്ല. പിന്നെന്തിനു നിങ്ങൾ ഇന്ത്യക്കാർ കൂട്ടത്തോടെ ലോകകപ്പിനു പോകുന്നു? മാധ്യമങ്ങൾ അവിടെയെത്തി റിപ്പോർട്ട് ചെയ്യുന്നു? സ്വന്തം ടീമോ താരങ്ങളോ കളിക്കുമ്പോഴല്ലേ ആരാധന വേണ്ടൂ?’ ആ ചോദ്യത്തിന്റെ മറുപടി നമ്മുടെ നാവിലല്ല, ഹൃദയത്തിലാണെന്നു മിൻ യുങ്ങിനെ പറഞ്ഞു മനസ്സിലാക്കുന്നതെങ്ങനെ!
ഭൂഖണ്ഡങ്ങൾക്കപ്പുറത്ത് അർജന്റീനയിലുള്ള ലയണൽ മെസ്സിയുടെ പേരുമായി വളരുന്ന കുട്ടികൾ ഞങ്ങളുടെ നാട്ടിലുണ്ട്, അങ്ങു പോർച്ചുഗലിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടം പതിച്ചോടുന്ന അനേകായിരം വാഹനങ്ങൾ ഞങ്ങളുടെ നിരത്തുകളിലുണ്ട്, നെയ്മാറിന്റെ പരുക്ക് ഭേദമാകാൻ വഴിപാടു നേരുന്നവരുണ്ട്, എർലിങ് ഹാളണ്ടിന്റെയും ഹാരി കെയ്നിന്റെയും ലൂക്കാ മോഡ്രിച്ചിന്റെയും കിലിയൻ എംബപെയുടെയും വിർജിൽ വാൻ ദെയ്ക്കിന്റെയും മുഖപടമുള്ള മൊബൈൽ ഫോൺ കണികണ്ടുണരുന്നവരുണ്ട്. സ്വന്തം കരിയർ എങ്ങോട്ടെന്നറിയില്ലെങ്കിലും ലമീൻ യമാലിന്റെയും വിനീസ്യൂസ് ജൂനിയറിന്റെയും നിക്കോ പാസിന്റെയും ശോഭനഭാവിയെക്കുറിച്ചു സ്വപ്നം കാണുന്ന ചെറുപ്പക്കാരുണ്ട്. ഹൃദയം മുറിയുന്ന ആരാധനയാൽ അർജന്റീനയുടെയും ബ്രസീലിന്റെയും ജഴ്സിയുടെ നിറത്തിൽ പെയിന്റടിച്ച കൊച്ചുവീട്ടിലിരുന്നു പലരും ആത്മഗതം ഉരുവിടുന്നുമുണ്ട്: ‘പാവം ക്രിസ്റ്റ്യാനോ. ഇത്തവണ അങ്ങേർക്കു കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ. അയാൾകൂടി അത് അർഹിക്കുന്നുണ്ട്.’
ന്യൂയോർക്കിൽ വിമാനമിറങ്ങിയതും ഇമിഗ്രേഷൻ വിൻഡോകൾക്കപ്പുറത്ത് ബാഗുകൾക്കു വേണ്ടി തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തെ നോക്കി കൊറിയക്കാരി മിൻ പറഞ്ഞു: പല രാജ്യക്കാർ, പല നിറക്കാർ, പല ഭാഷക്കാർ, പല സംസ്കാരങ്ങളിലുള്ളവർ. ഇവരെയെല്ലാം ലോകത്തിന്റെ പല ഭാഗത്തുനിന്ന് ഇവിടെ ഒന്നിപ്പിക്കാൻ കഴിയണമെങ്കിൽ അതു ഫുട്ബോളിനു മാത്രം സാധ്യമാകുന്ന മാജിക് ആണല്ലേ!’ ചിരിച്ചുകൊണ്ടു മിൻ നടന്നു നീങ്ങി. അവരുടെ യാത്രയുടെ ഉദ്ദേശ്യം ചോദിക്കാൻ വിട്ടുപോയത് അബദ്ധമായല്ലോ എന്നോർക്കെ അൽപം ദൂരെ ഓൺലൈൻ ടാക്സി പിക്കപ് പോയിന്റിന്റെ പരിസരത്തു ഫുട്ബോൾ താരങ്ങളുടെ പടം പതിച്ച പോസ്റ്ററിനു മുന്നിൽ അവർ മിഴിനട്ടു നിൽക്കുന്നതു കണ്ടു. പ്രിയപ്പെട്ട ആരെയോ പോസ്റ്ററിൽ തിരയുന്നതു പോലെ. യാത്രോദ്ദേശ്യം ഊഹിച്ചതു തന്നെ! മിൻ പറഞ്ഞ ഫുട്ബോളിന്റെ മാന്ത്രികതയ്ക്കു തുടക്കമാകാൻ ഇനി 4 ദിവസം മാത്രം. യുദ്ധവാർത്തകളോ വിദ്വേഷ പ്രചാരണങ്ങളോ ഇനിയില്ല, പൗരത്വം ബാധകമല്ലാത്ത, കളിക്കളത്തിലെ യുദ്ധം മാത്രം.
English Summary:





English (US) ·