ഇന്ത്യ-വിൻഡീസ് ഒന്നാം ഏകദിനം: ടീമുകൾ 23ന് കാര്യവട്ടത്ത് എത്തും; ടിക്കറ്റ് വിൽപന തുടങ്ങി: നിരക്കുകൾ ഇങ്ങനെ

1 day ago 4

മനോരമ ലേഖകൻ

Published: September 17, 2026 07:31 PM IST Updated: September 17, 2026 08:01 PM IST

3 minute Read


കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ആദ്യ ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, തൃശൂർ ടൈറ്റൻസ് ടീം ഉടമ സജാദ് സേഠിന് കൈമാറി നിർവഹിക്കുന്നു. കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി.നായർ, സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ സമീപം. (KCA)
കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ആദ്യ ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, തൃശൂർ ടൈറ്റൻസ് ടീം ഉടമ സജാദ് സേഠിന് കൈമാറി നിർവഹിക്കുന്നു. കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി.നായർ, സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ സമീപം. (KCA)

തിരുവനന്തപുരം∙ കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഈ മാസം 27ന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ടിക്കറ്റ് ജീനി (Ticketgenie.in) എന്ന പ്ലാറ്റ്ഫോമിലൂടെ കാണികൾക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, ഫിനസ് ഗ്രൂപ്പ് എം.ഡിയും കെസിഎൽ ചാംപ്യന്മാരായ തൃശൂർ ടൈറ്റൻസ് ടീം ഉടമയുമായ സജാദ് സേഠിന് ടിക്കറ്റ് കൈമാറി ആദ്യ വിൽപന നിർവഹിച്ചു. ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീജിത്ത് വി.നായർ, സെക്രട്ടറി വിനോദ് എസ്.കുമാർ എന്നിവർ പങ്കെടുത്തു.

What you should work next

ഗാലറി ടിക്കറ്റുകൾക്ക് 650 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പവലിയൻ ടിക്കറ്റിന് 1250 രൂപയും, പവലിയൻ എ, ജെ എന്നിവയ്ക്ക് യഥാക്രമം 1800 രൂപയും 2000 രൂപയുമാണ് വില. എലൈറ്റ് പവലിയൻ ടിക്കറ്റുകൾക്ക് 2500 രൂപയും കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്ക് 5000 രൂപയുമാണ് നിരക്ക്. എല്ലാവിധ നികുതികളും ഉൾപ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധമാണ്.

ഔദ്യോ​ഗിക പ്ലാറ്റ്ഫോമിലൂടെ മാത്രം ടിക്കറ്റ് വാങ്ങണമെന്ന് കെസിഎ അഭ്യർഥിച്ചു.ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വാങ്ങാം. ടിക്കറ്റ് സംബന്ധമായ സഹായത്തിനും കാണികളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനുമായി ബോക്സ് ഓഫിസും പ്രത്യേക ഹെൽപ് ഡെസ്കും സജ്ജീകരിക്കും. ഇവയുടെ സ്ഥലം, പ്രവർത്തന സമയം തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും കെസിഎ വ്യക്തമാക്കി. സെപ്റ്റംബർ 23ന് വെസ്റ്റിൻഡീസ് , ഇന്ത്യൻ ടീമുകൾ തിരുവനന്തപുരത്ത് എത്തും.

24, 25 തീയതികളിൽ ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ വെസ്റ്റിൻഡീസ് ടീമും, വൈകിട്ട് 5:30 മുതൽ രാത്രി 8:30 വരെ ഇന്ത്യൻ ടീമും തിരുവനന്തപുരത്ത് പരിശീലനം നടത്തും. 26ന് ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ ഇന്ത്യൻ ടീമും, വൈകിട്ട് 5:30 മുതൽ രാത്രി 8:30 വരെ വെസ്റ്റിൻഡീസ് ടീമുമായിരിക്കും പരിശീലനത്തിന് ഇറങ്ങുക. 27ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മത്സരത്തിന് തുടങ്ങും. തിരുവനന്തപുരത്തെ ആദ്യ മത്സരത്തിന് ശേഷം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാം ഏകദിനം നടക്കുന്നത്. മൂന്നാം മത്സരം ഒക്ടോബർ 3ന് മൊഹാലി പിസിഎ സ്റ്റേഡിയത്തിൽ നടക്കും.

കാര്യവട്ടം ഗ്രീൻഫീൽഡിൽ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത്. 2018 നവംബർ ഒന്നിന് നടന്ന സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിനത്തിലും ഇന്ത്യയും വെസ്റ്റ് ഇൻഡീസുമാണ് ഏറ്റുമുട്ടിയത്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിൻഡീസ് ടീം വീണ്ടും തലസ്ഥാനത്ത് എത്തുന്നത്. 2023 ജനുവരിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ഇവിടെ നടന്ന രണ്ടാമത്തെ ഏകദിനം. അന്ന് വിരാട് കോലി പുറത്താകാതെ നേടിയ 166 റൺസിന്റെ മികവിൽ ഇന്ത്യ 390 റൺസ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 73 റൺസിന് പുറത്താക്കി 317 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

വിദ്യാർഥികൾക്ക് 300 രൂപ

സ്കൂൾ‌-കോളജ് വിദ്യാർഥികൾക്ക് രാജ്യാന്തര മത്സരം നേരിൽ കാണാൻ ടിക്കറ്റ് നിരക്കിൽ കെസിഎ ഇളവ് പ്രഖ്യാപിച്ചു. എന്റർടെയ്ൻമെന്റ് ടാക്സ് ഉൾപ്പെടെ 300 രൂപയാണ് നിരക്ക്. ഇതിനായുള്ള പ്രത്യേക ടിക്കറ്റ് കൺസെഷൻ നടപടിക്രമങ്ങളും അസോസിയേഷൻ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള ഗ്രൂപ്പ് ബുക്കിങ്ങുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ടിക്കറ്റുകൾ ആവശ്യമുള്ള സ്ഥാപനങ്ങൾ, മേധാവി സാക്ഷ്യപ്പെടുത്തിയ ഔദ്യോഗിക ലെറ്റർഹെഡിലുള്ള അപേക്ഷ generalconvener@keralacricket.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയോടൊപ്പം വിദ്യാർഥികളുടെ മുഴുവൻ പേരും സ്കൂൾ/കോളജ് ഐഡി കാർഡ് നമ്പറും സമർപ്പിക്കണം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് പത്ത് വിദ്യാർത്ഥികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

പതിനഞ്ച് വയസ്സിൽ താഴെയുള്ള വിദ്യാർഥികൾക്കൊപ്പം നിർബന്ധമായും ഒരു അധ്യാപകൻ ഉണ്ടായിരിക്കണം. ഓരോ പത്ത് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകൻ എന്ന ക്രമത്തിൽ 300 രൂപ ടിക്കറ്റിൽ അധ്യാപകർക്കും പ്രവേശനം അനുവദിക്കും. അപേക്ഷകൾ പരിശോധിച്ച് ബുക്കിങ് ഉറപ്പുവരുത്തിയ ശേഷം കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥാപനത്തെ അറിയിക്കും. തുടർന്ന് നിശ്ചിത തുക അടച്ച് വിവരങ്ങൾ അസോസിയേഷനെ അറിയിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടിൽ പണം എത്തിയെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ടിക്കറ്റുകൾ അനുവദിക്കുകയുള്ളൂ. അപൂർണ്ണമായതോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കില്ലെന്നും കെസിഎ അറിയിച്ചു.

കാണികൾക്ക് സൗജന്യ കുടിവെള്ളം

സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് ആവശ്യത്തിന് സൗജന്യ കുടിവെള്ളം ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരം വീക്ഷിക്കാനായി പ്രതീക്ഷിക്കുന്നത് 35,000 കാണികളെയാണ്. ഇവർക്കായി ഒരാൾക്ക് മൂന്ന് ലീറ്റർ വെള്ളമെന്ന നിലയിൽ 1,05,000 ലിറ്റർ കുടിവെള്ളം ​സ്റ്റേഡിയത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി ക്രമീകരിക്കും. കൂടാതെ, 21,000 ലിറ്റർ അധിക ബഫർ സ്റ്റോക്കും സജ്ജമാക്കും. ഇതിനു പുറമെ യുവി ഫിൽറ്റേഡ് വാട്ടറും പവലിയനുകളിൽ ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. സൗജന്യ കുടിവെള്ള സംവിധാനങ്ങൾക്ക് പുറമെ പ്രത്യേക വാട്ടർ സെയിൽ കൗണ്ടറുകളും അംഗീകൃത ഫുഡ് സ്റ്റാളുകളിലും കുടിവെള്ളം വാങ്ങുന്നതിനുള്ള സൗകര്യമുണ്ടാകും. കൂടാതെ, മെഡിക്കൽ സഹായം, അടിയന്തര സേവനങ്ങൾ, സുരക്ഷ, പ്രവേശന-പുറത്തിറക്കൽ ക്രമീകരണങ്ങൾ, വ്യക്തമായ ദിശാസൂചനകൾ, കാണികളുടെ സഞ്ചാരം എന്നിവയ്ക്കും പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും കെസിഎ അറിയിച്ചു.‌

ടിക്കറ്റിൽ അറിയാം പാർക്കിങ് വിവരങ്ങൾ

മത്സരദിവസം സ്റ്റേഡിയത്തിലെത്തുന്ന കാണികൾക്ക് വാഹന പാർക്കിങ് സു​ഗമമാക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ടിക്കറ്റിൽ തന്നെ പാർക്കിങ് വിവരങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേക ലിങ്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ കാണികൾക്കായി അനുവദിച്ചിട്ടുള്ള വിവിധ പാർക്കിങ് കേന്ദ്രങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കാനാകും. ഇതുവഴി സ്റ്റേഡിയത്തിലേക്ക് പുറപ്പെടുന്നതിന് മുൻപുതന്നെ അനുയോജ്യമായ പാർക്കിങ് കേന്ദ്രങ്ങൾ മനസ്സിലാക്കി യാത്ര ആസൂത്രണം ചെയ്യാൻ കാണികൾക്ക് സാധിക്കും. പ്രവേശന കവാടങ്ങൾ, സ്റ്റാൻഡുകൾ, പാർക്കിങ്, ഗതാഗത നിയന്ത്രണം, കാണികളുടെ സഞ്ചാരം തുടങ്ങിയവ സംബന്ധിച്ച വിശദമായ നിർദേശങ്ങൾ മത്സരത്തിന് മുൻപായി കെസിഎയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിലൂടെയും അറിയിക്കും.

കായികമന്ത്രി ഒരുക്കങ്ങൾ വിലയിരുത്തി

മത്സരത്തിന് മുന്നോടിയായി കായികമന്ത്രി ഒ.ജെ.ജനീഷ് കുമാർ കെസിഎ അധികൃതരുമായി കൂടിക്കാഴ്ച നടത്തി ഒരുക്കങ്ങൾ വിലയിരുത്തി. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീജിത്ത് വി.നായർ, അപ്പക്സ് കൗൺസിൽ അംഗം നൗഫൽ എന്നിവരുമായാണ് മന്ത്രി ചർച്ച നടത്തിയത്. സ്റ്റേഡിയത്തിൽ എത്തുന്ന ക്രിക്കറ്റ് ആരാധകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിൽ സുരക്ഷാ സംവിധാനങ്ങൾ, കുടിവെള്ള വിതരണം, വിപുലമായ പാർക്കിങ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിവരുന്നതായി കെസിഎ ഭാരവാഹികൾ മന്ത്രിയെ അറിയിച്ചു.

19ന് ഉന്നതതല സുരക്ഷാ യോഗം

മത്സരത്തോടനുബന്ധിച്ചുള്ള ഉന്നതതല സുരക്ഷാ-ഏകോപന യോഗം സെപ്റ്റംബർ 19ന് രാവിലെ 11.30ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ചേരും. സിറ്റി പൊലീസ് കമ്മീഷണർ വിളിച്ചുചേർക്കുന്ന യോഗത്തിൽ ജില്ലാ കലക്ടർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കെസിഎ ഭാരവാഹികളും പങ്കെടുക്കും. സുരക്ഷാ യോഗത്തിന് ശേഷം പ്രവേശനം, പാർക്കിങ്, ഗതാഗത നിയന്ത്രണം, അനുവദനീയവും നിരോധിതവുമായ വസ്തുക്കൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ നിർദേശങ്ങൾ നൽകും. നിലവിലെ സുരക്ഷാ നിർദേശങ്ങൾ പ്രകാരം ബോട്ടിൽ, നാണയങ്ങൾ, ടിന്നുകൾ, ക്യാനുകൾ, ബാക്ക്പാക്കുകൾ, ക്യാമറകൾ, പവർ ബാങ്കുകൾ, കുടകൾ,ഹെൽമറ്റ് തുടങ്ങിയവ സ്റ്റേഡിയത്തിനുള്ളിലേക്ക് അനുവദിക്കില്ല. വലിയ പതാകകളും ബാനറുകളും അനുവദിക്കില്ല. കറൻസി നോട്ടുകൾ കൊണ്ടുവരാം. അന്തിമ സുരക്ഷാ നിർദേശങ്ങൾ മത്സരത്തിന് മുൻപായി പ്രത്യേക മാച്ച്-ഡേ സ്പെക്ടേറ്റർ അഡ്വൈസറിയായി പ്രസിദ്ധീകരിക്കും.

English Summary:

Cricket lucifer tickets for the upcoming India vs West Indies bid are present disposable for booking online done the Ticketgenie platform. The Kerala Cricket Association has announced assorted summons categories and pricing, with peculiar concessions for students.

Read Entire Article