Published: March 16, 2026 07:23 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ കമ്പനികളുടെ നിയന്ത്രണത്തിലുള്ള വിദേശ ക്രിക്കറ്റ് ഫ്രാഞ്ചൈസികൾ പാക്കിസ്ഥാൻ താരങ്ങളെ വാങ്ങുന്നതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കര്‍. ദ് ഹണ്ട്രഡ് താരലേലത്തിൽ സൺറൈസേഴ്സ് ലീഡ്സ് ടീം 190,000 പൗണ്ട് മുടക്കി പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ വാങ്ങിയതിനു പിന്നാലെയാണ് ഗാവസ്കറുടെ പ്രതികരണം. പാക്ക് താരങ്ങളെ വാങ്ങുന്നതില്‍നിന്ന് ഇന്ത്യൻ ക്ലബ്ബുകൾ പിന്തിരിയണമെന്ന് ഗാവസ്കര്‍ വ്യക്തമാക്കി. സൺറൈസേഴ്സ് അബ്രാറിനെ വാങ്ങിയതിൽ ടീം സമൂഹമാധ്യമങ്ങളിൽ വലിയ സൈബറാക്രമണമാണു നേരിടുന്നത്.
‘‘2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഐപിഎലിൽ ഇന്ത്യൻ ഫ്രാഞ്ചൈസികൾ പാക്ക് താരങ്ങളെ വാങ്ങാറില്ല. പാക്കിസ്ഥാനി താരങ്ങളുടെ വരുമാനത്തിൽനിന്നാണ് അവർ സർക്കാരിലേക്ക് ടാക്സ് അടക്കുന്നത്. ഈ നികുതിപ്പണം ഉപയോഗിച്ച് പാക്ക് സർക്കാർ ആയുധങ്ങൾ വാങ്ങുന്നു. ഇത് പരോക്ഷമായി ഇന്ത്യൻ സൈനികരുടെയും സാധാരണക്കാരുടെയും മരണത്തിലേക്കു നൽകുന്ന സംഭാവനയാകും. അതുകൊണ്ടു തന്നെ പാക്ക് താരങ്ങളെയും കലാകാരന്‍മാരെയും ഇന്ത്യൻ സ്ഥാപനങ്ങള്‍ ഉൾപ്പെടുത്താറില്ല. അതിപ്പോൾ ഇന്ത്യൻ കമ്പനിയാണോ, ഇന്ത്യക്കാരന്റെ വിദേശ കമ്പനിയാണോ എന്നതല്ല, ഇന്ത്യക്കാരനായ ഉടമ നൽകുന്ന പണം ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുകയാണ്. സൺറൈസേഴ്സ് ലീഡ്സിന്റെ കോച്ച് ഡാനിയൽ വെറ്റോറി ന്യൂസീലൻഡുകാരനാണ്. അദ്ദേഹത്തിന് ഇതു മനസ്സിലാകണമെന്നില്ല. അതു കൊണ്ടായിരിക്കാം പാക്ക് താരങ്ങൾ ടീമിൽ വേണമെന്ന് താൽപര്യപ്പെടുന്നത്. പക്ഷേ ഇന്ത്യൻ ഉടമകൾ സാഹചര്യം മനസ്സിലാക്കണം. ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ വിജയിക്കുന്നത്.’’– ഗാവസ്കർ ചോദിച്ചു.
‘‘സണ്‍റൈസേഴ്സ് ടീമിന്റെ ഹോം, എവേ മത്സരങ്ങളിൽ ആരാധകരുടെ പ്രതിഷേധം കാണാൻ സാധ്യതയുണ്ട്. ഇത്തരം തീരുമാനങ്ങളിൽനിന്നു പിന്നോട്ടുപോകാൻ ഇനിയും സമയമുണ്ട്.’’– ഗാവസ്കർ പ്രതികരിച്ചു. അതേസമയം പാക്ക് താരത്തെ സൺറൈസേഴ്സ് വാങ്ങിയതിൽ ഒന്നും െചയ്യാനില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. വിദേശ ലീഗുകളിൽ ആരൊക്കെ വിറ്റുപോകുന്നെന്ന കാര്യത്തിൽ ബിസിസിഐയ്ക്കു തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചു.
English Summary:







English (US) ·