Published: June 05, 2026 07:46 PM IST
1 minute Read
ലണ്ടൻ∙ ഇന്ത്യയിലെ സാഹചര്യങ്ങളിൽ ഒരു ജീവിതം വിരാട് കോലി ആഗ്രഹിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റന്‍. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനൊപ്പം ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെയാണ് വിരാട് കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് ലിവിങ്സ്റ്റൻ മനസ്സു തുറന്നത്. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളിൽനിന്നു വിരമിച്ച ശേഷം കുടുംബത്തോടൊപ്പം യുകെയിലാണ് കോലി താമസിക്കുന്നത്. ഏകദിന, ഐപിഎൽ മത്സരങ്ങൾക്കു വേണ്ടി ഇന്ത്യയിലെത്തുന്ന കോലി, സാധാരണയായി മത്സരങ്ങൾ പൂർത്തിയാകുന്നതിനു പിന്നാലെ യുകെയിലേക്കു മടങ്ങിപ്പോകുന്നതാണു പതിവ്.
ഇന്ത്യയിലെ പ്രശസ്തിക്കും ആരാധക ബഹളങ്ങൾക്കും നടുവിൽ കുഞ്ഞുങ്ങളെ വളർത്താൻ താൽപര്യമില്ലാത്തതിനാലാണ് കോലി ഇന്ത്യ വിട്ടതെന്ന് താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കോലിയുമായുള്ള ബന്ധത്തെക്കുറിച്ച് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോണാണ് ലിയാം ലിവിങ്സ്റ്റനോടു ചോദിച്ചത്. ആർസിബിയുടെ മുൻ താരം കൂടിയാണ് ലിവിങ്സ്റ്റൻ. എപ്പോഴും പിന്തുണ നൽകുന്ന ആളാണ് കോലിയെന്നും ഗ്രൗണ്ടിൽ ഇറങ്ങിയാൽ അങ്ങേയറ്റം മത്സര ബുദ്ധിയോടെയാണ് കോലി നില്‍ക്കുകയെന്നും ലിവിങ്സ്റ്റൻ പ്രതികരിച്ചു. ‘‘ഗ്രൗണ്ടിലിറങ്ങിയാൽ മത്സരങ്ങൾ വിജയിക്കുക ലക്ഷ്യമിട്ടാണ് അദ്ദേഹം നിൽക്കുക. എന്നാല്‍ ഗ്രൗണ്ട് വിട്ടാൽ കോലി മറ്റൊരാളാണ്. വളരെ ശാന്തസ്വഭാവക്കാരനായ സ്നേഹമുള്ള വ്യക്തി. കുടുംബത്തിനൊപ്പം സമയം ചെലവിടാൻ അദ്ദേഹം താൽപര്യപ്പെടുന്നു.’’– ലിവിങ്സ്റ്റന്‍ പറഞ്ഞു.
‘‘ഇന്ത്യയിൽ ജീവിക്കുന്ന ജീവിതം അദ്ദേഹത്തിന് താൽപര്യമില്ല. എല്ലായ്പ്പോഴും ആളുകൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത് കോലിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്.’’–ലിവിങ്സ്റ്റൻ വ്യക്തമാക്കി. 2026 ഐപിഎലിൽ ആർസിബിക്കായി തകർത്തടിച്ച കോലി 16 മത്സരങ്ങളിൽനിന്ന് 675 റൺസാണ് സ്കോർ ചെയതത്. അഞ്ച് അര്‍ധ സെഞ്ചറികളും ഒരു സെഞ്ചറിയും താരം നേടി. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽനിന്ന് പരുക്കിനെ തുടർന്ന് കോലി പുറത്തായിരുന്നു.
English Summary:





English (US) ·