Published: May 11, 2026 09:17 PM IST
1 minute Read
മുംബൈ∙ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിനിടെ കൊൽക്കത്തയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ ബംഗാൾ സർക്കാരിനെയും പൊലീസിനെയും പഴിച്ച് സംഘാടകനായ ശതാദ്രു ദത്ത. കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്കെത്തിയ മെസ്സിക്കു ചുറ്റും ‘വിഐപികൾ’ വളഞ്ഞതോടെ ഗാലറിയിലുണ്ടായിരുന്ന ആരാധകർ പ്രതിഷേധിച്ചിരുന്നു. സ്റ്റേഡിയത്തിലെ കസേരകളും ബാരിക്കേഡുകളും ആരാധകർ തകർത്തിരുന്നു.
സംഭവം രാജ്യാന്തര തലത്തിൽ തന്നെ നാണക്കേടുണ്ടാക്കിയതോടെ ശതാദ്രു ദത്തയെ പൊലീസ് പിടികൂടി. വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സിനിമാ സ്റ്റൈലിലെത്തിയ പൊലീസ് മുഖ്യസംഘാടകനെ പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായി 38 ദിവസം ശതാദ്രു കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പരസ്യമായി മാപ്പു പറഞ്ഞു.
എന്നാൽ മെസ്സിയുടെ പര്യടനത്തിന് ആവശ്യമായ സുരക്ഷ നൽകാൻ കൊൽക്കത്ത പൊലീസ് തയാറായില്ലെന്ന് ദത്ത മാധ്യമങ്ങളോടു പറഞ്ഞു. തന്റെ അറസ്റ്റില്‍ മെസ്സി പ്രതിഷേധിച്ചതായും ദത്ത അവകാശപ്പെട്ടു. ‘‘എന്നെ അന്ന് സംസാരിക്കാൻ പോലും അനുവദിച്ചില്ല. ഒരു ദിവസം കിട്ടുന്നതിനു വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. അവരുടെ പരാജയം മറച്ചുവയ്ക്കാൻ എന്നെ ബലിയാടാക്കി. ഭരണകൂടത്തിന്റെയും പൊലീസിന്റെയും പരാജയം മറച്ചുവച്ചു. ഞാൻ ഒരു സംഘാടകനാണ്. അവിടെ നിയമം നടപ്പാക്കാൻ എനിക്കു സാധിക്കില്ല. മൈതാനം ഒഴിച്ചിടുമെന്നാണു ഞാൻ കരുതിയത്. എന്നാൽ ചിത്രങ്ങൾ എടുക്കുന്നതിനു വേണ്ടി മാത്രമായി സ്വാധീനമുള്ള കുറേ പേർ ഗ്രൗണ്ടിലേക്കു കയറുന്നതാണു ഞാൻ കണ്ടത്. പൊലീസുകാർ പോലും അതിൽ ഉണ്ടായിരുന്നു. ഇവരെയൊന്നും തടയാൻ എനിക്കു സാധിച്ചില്ല. അതാണു ശരിക്കും സുരക്ഷാ വീഴ്ച.’’
‘‘ആൾക്കൂട്ടത്തിൽനിന്ന് അപരിചിതർ സ്പർശിച്ചതോടെ മെസ്സി അസ്വസ്ഥനായി. മെസ്സിയുടെ സുഹൃത്ത് റോഡ്രിഗോ ഡി പോളിനെ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ ആരോ മാന്തി. എന്റെ സംഘാടനത്തിൽ പിഴവുണ്ടായിരുന്നെങ്കില്‍ മറ്റിടങ്ങളിലും പ്രശ്നം വരുമായിരുന്നില്ലേ? ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിൽ പ്രശ്നങ്ങളൊന്നുമില്ലാതെ പരിപാടികൾ നടന്നു. അവിടങ്ങളിൽ പരിപാടി നല്ല രീതിയിൽ നടത്താനുള്ള സൗകര്യങ്ങൾ പൊലീസ് ഞങ്ങൾക്കു ചെയ്തുതന്നു. കൊൽക്കത്തയിൽ അതുണ്ടായില്ല. മെസ്സി ഒരു മാന്യനാണ്. ഇത്രയും സംഭവിച്ചിട്ടും അദ്ദേഹം എന്നെ പിന്തുണച്ച് കൂടെനിന്നു.’’– ശതാദ്രു ദത്ത പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു മെസ്സിയുടെ ഇന്ത്യാ സന്ദർശനം.
English Summary:







English (US) ·