ഇന്ത്യയുടെ റെക്കോർഡ് സ്കോറിൽ പകച്ചു, തോൽവിയറിയാത്ത ഇംഗ്ലണ്ട് തവിടുപൊടി, ഇത് സമ്പൂർണ ആധിപത്യം

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: February 06, 2026 09:06 PM IST Updated: February 06, 2026 09:38 PM IST

2 minute Read

 X@BCCI
ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ബാറ്റിങ്ങിനിടെ. Photo: X@BCCI

Follow Us

Facebook

WhatsApp

ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളിലടക്കം തോൽവി അറിയാതെ ഫൈനൽ വരെ മുന്നേറിയ ടീമുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും. അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ഹരാരെ സ്പോർട്സ് ക്ലബ്ബ് സ്റ്റേഡിയത്തിൽ വാശിയേറിയൊരു പോരാട്ടമായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. പക്ഷേ നടന്നതു മറ്റൊന്ന്! ആദ്യം ബാറ്റു കൊണ്ടും പിന്നീടു പന്തുകൊണ്ടും ഇന്ത്യൻ താരങ്ങൾ സർവാധിപത്യം നടത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ തോൽവിയറിയാത്ത ടീമിന് മറുപടി പോലുമുണ്ടായില്ല. ഫലം 2022ന് ശേഷം ഒരിക്കൽ കൂടി കൗമാര ക്രിക്കറ്റിലെ കലാശപ്പോരിൽ ഇന്ത്യയ്ക്കു മുന്നിൽ തോൽവി.

പരിചിതമായ സാഹചര്യങ്ങളിൽ അല്ലാതിരുന്നിട്ടു കൂടി ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ആധികാരികമായ വിജയങ്ങളുമായാണ് ഇന്ത്യ ഫൈനല്‍ വരെയെത്തിയത്. ഫൈനലിൽ ബാറ്റിങ്ങിൽ തുടങ്ങിയ ആധിപത്യം ബോളർമാരും ആവർത്തിച്ചതോടെ ആറാം കിരീടത്തിലേക്കു വലിയ ബുദ്ധിമുട്ടുകളില്ലാതെയാണ് ഇന്ത്യ എത്തിയത്. ടോസ് മുതൽ ഇങ്ങോട്ട് ഹരാരെയിൽ സംഭവിച്ച കാര്യങ്ങളെല്ലാം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്യാനിറങ്ങുമ്പോൾ ടോപ് ഓർഡർ തകരാതെ നോക്കുകയെന്നതു മാത്രമായിരുന്നു ഇന്ത്യയുടെ ചുമതല. മലയാളി ഓപ്പണർ ആരോൺ ജോർജിനെ ഒൻപതു റൺസിന് ഇംഗ്ലണ്ട് വീഴ്ത്തിയപ്പോൾ, ഇന്ത്യയുടെ വജ്രായുധമാകാൻ വൈഭവ് സൂര്യവംശി– ആയുഷ് മാത്രെ സഖ്യം കാത്തിരിക്കുന്നുണ്ടായിരുന്നു.

ഐസിസി അണ്ടർ 19 ചരിത്രത്തിലെ നോക്കൗട്ട് പ്രകടനങ്ങളിൽ ഏറ്റവും ഉയർന്ന സ്കോറാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 411 റണ്‍സ്. അതിലേക്കു നയിച്ചതാകട്ടെ 14 വയസ്സുകാരന്‍ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങും. 15 വീതം സിക്സുകളും ഫോറുകളും എണ്ണിത്തിട്ടപ്പെടുത്തിയ പോലെ അതിർത്തികടത്തിയ വൈഭവ് 80 പന്തുകളില്‍ അടിച്ചുകൂട്ടിയത് 175 റൺസ്. ഒരുപിടി റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ടുള്ള വൈഭവിന്റെ ബാറ്റിങ് 26–ാം ഓവറിൽ അവസാനിച്ചപ്പോഴാണ് ഇംഗ്ലണ്ട് ബോളർമാർക്കു ശ്വാസം നേരെ വീണത്. സ്കോർ 251 ൽ എത്തിയപ്പോഴായിരുന്നു വൈഭവിന്റെ മടക്കം.

പക്ഷേ പിന്നാലെയെത്തിയ മധ്യനിര താരങ്ങളും തങ്ങളുടെ റോളുകൾ ഗംഭീരമാക്കിയതോടെയാണ് 411 റൺസെന്ന സുരക്ഷിത സ്കോറിലേക്ക് ഇന്ത്യ എത്തിയത്. 51 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ആയുഷ് മാത്രെ 53 റൺസെടുത്തു പുറത്തായി. അഭിഗ്യാൻ കുണ്ടു (31 പന്തിൽ 40), വേദാന്ത് ത്രിവേദി (36 പന്തിൽ 32), വിഹാൻ മൽഹോത്ര (36  പന്തിൽ 30), കനിഷ്ക് ചൗഹാൻ (20 പന്തിൽ 37) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.

തകർത്തെറിഞ്ഞ് ബോളർമാർ, കൂട്ടത്തകർച്ചയിൽനിന്ന് രക്ഷപെടാതെ ഇംഗ്ലണ്ട്

വാലറ്റം പൊരുതിയിട്ടും മധ്യനിരയിലെ കൂട്ടത്തകർച്ചയാണ് ഇംഗ്ലണ്ടിനെ വൻ തോൽവിയിലേക്കു തള്ളിവിട്ടത്. അപ്പോഴും വാലറ്റക്കാരെ കൂട്ടുപിടിച്ച് കാലെബ് ഫാൽകോനർ നടത്തിയ പോരാട്ടം തള്ളിക്കളയാനാകില്ല. 67 പന്തുകൾ നേരിട്ട ഫാൽകോനർ 115 റൺസടിച്ചെങ്കിലും ഇംഗ്ലണ്ട് തോൽവിയുടെ ഭാരം കുറയ്ക്കാൻ മാത്രമാണു സാധിച്ചത്. ബെൻ ‍ഡോകിൻസ് (56 പന്തിൽ 66), ബെൻ മേയസ് (28 പന്തിൽ 45), തോമസ് റ്യു (18 പന്തിൽ 31), ജെയിംസ് മിന്റോ (41 പന്തിൽ 28) എന്നിവരും കുറച്ചെങ്കിലും പിടിച്ചുനിന്നെങ്കിലും അതുമതിയായിരുന്നില്ല.

142ന് മൂന്ന് എന്ന നിലയിൽനിന്ന് 177റൺസിലെത്തുമ്പോൾ ഏഴു വിക്കറ്റുകൾ കളഞ്ഞതാണ് കളി ഇംഗ്ലണ്ടിന്റെ കയ്യിൽനിന്നു പോകാൻ പ്രധാന കാരണം. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ എറിഞ്ഞ 21–ാം ഓവറിലെ നാലാം പന്തിൽ ഇംഗ്ലിഷ് ഓപ്പണര്‍ ബെൻ ഡോകിങ്സ് പുറത്തായി. ഇതേ ഓവറിലെ ആറാം പന്തിൽ മധ്യനിര താരം റാൽഫി ആൽബെർട്ട് റണ്ണൗട്ടായി. സ്കോർ 177 ൽ നിൽക്കെ ഫർഹാൻ അഹമ്മദും (1),സെബാസ്റ്റ്യൻ മോർഗനും (പൂജ്യം) ദീപേഷ് ദേവേന്ദ്രനു മുന്നിൽ പൊരുതാതെ കീഴടങ്ങിയത് ഇംഗ്ലണ്ടിനു വൻ തിരിച്ചടിയായി. പിന്നീടത്തെ ഇംഗ്ലണ്ടിന്റെ പോരാട്ടം പോലും എവിടെയുമെത്താതെ പോയതും മധ്യനിരയിലെ ഈ കൂട്ടത്തകർച്ച കാരണമാണ്. ഇന്ത്യൻ ബോളർമാരില്‍ ആർ.എസ്. അംബരിഷ് മൂന്നും ദീപേഷ് ദേവേന്ദ്രൻ, കനിഷ്ക് ചൗഹാൻ എന്നിവർ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.

English Summary:

India U19 secured a ascendant triumph successful the U19 Cricket World Cup last against England U19. This triumph marks India's sixth U19 World Cup title, showcasing their exceptional show passim the tournament.

Read Entire Article