Published: February 03, 2026 09:30 AM IST
1 minute Read
ലഹോർ ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാക്കിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് പാക്ക് ക്രിക്കറ്റ് ടീം മുൻ താരം ഡാനിഷ് കനേരിയ. ഈ തീരുമാനം പാക്കിസ്ഥാനെ ക്രിക്കറ്റ് ടീമിനു വൻ തിരിച്ചടിയാകുമെന്നും ഇന്ത്യൻ ടീമിനെ നേരിടാനുള്ള ഭയംകൊണ്ടാണ് മത്സരത്തിൽനിന്നു പിന്മാറുന്നെന്ന പ്രതീതി സൃഷ്ടിക്കുമെന്നും കനേരിയ പറഞ്ഞു.
What you should work next
‘‘ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുന്നതിൽ യാതൊരു യുക്തിയുമില്ല. ടൂർണമെന്റിൽനിന്നു പുറത്തായ ബംഗ്ലദേശിനെ പിന്തുണയ്ക്കുകയാണെന്ന വിചാരത്തിലാണ് പാക്കിസ്ഥാൻ. പക്ഷേ ഇതു സ്വന്തം ക്രിക്കറ്റിനെ എവിടെ എത്തിക്കുമെന്ന് അവർ ആലോചിക്കണം. ഇന്ത്യയെ നേരിടാൻ പാക്കിസ്ഥാൻ ഭയപ്പെടുന്നെന്ന സന്ദേശമാണ് ഇതു നൽകുന്നത്.
‘‘ഈ തീരുമാനത്തോടെ, സെമിഫൈനലിലേക്കോ നോക്കൗട്ടിലേക്കോ പ്രവേശിക്കുന്നതു പാക്കിസ്ഥാനു പ്രയാസകരമായി. ഇതു വളരെ തെറ്റായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം വരുമാനം ഉണ്ടാക്കുന്ന ഒന്നാണെന്നു പാക്കിസ്ഥാൻ വിശ്വസിക്കുന്നുവെങ്കിൽ, യഥാർഥത്തിൽ ഇപ്പോൾ അങ്ങനെയല്ല. കാരണം ഇന്ത്യ കളിക്കുന്നതു പോലൊരു ബ്രാൻഡ് ക്രിക്കറ്റ് പാക്കിസ്ഥാൻ കളിക്കുന്നില്ല. ട്വന്റി20 ലോകകപ്പായാലും ഏകദിന ലോകകപ്പായാലും ഇന്ത്യ എപ്പോഴും പാക്കിസ്ഥാനെ തോൽപ്പിച്ചിട്ടുണ്ട്,.’’– ഡാനിഷ് കനേരിയ ഐഎഎൻഎസിനോട് പറഞ്ഞു.
ട്വന്റി20 ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയെ പാക്കിസ്ഥാൻ നേരിടേണ്ടി വരുന്ന സാധ്യതയെക്കുറിച്ചും കനേരിയ പറഞ്ഞു. ‘‘ഇത്തരം തീരുമാനങ്ങളുടെ അനന്തരഫലങ്ങൾ ഓർക്കണം. ആഴത്തിൽ ആലോചിക്കാതെ വൈകാരികമായി ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല. തീരുമാനങ്ങൾ ശ്രദ്ധാപൂർവം, വിവേകത്തോടെ എടുക്കണം.
നിങ്ങൾ ആദ്യ മത്സരം കളിക്കുന്നില്ല, പക്ഷേ പിന്നീട് ഇന്ത്യയെ സെമിഫൈനലിലോ ഫൈനലിലോ നേരിടേണ്ടി വന്നാൽ, ഫൈനൽ കളിക്കില്ലെന്ന് പറഞ്ഞ് ട്രോഫി കൈമാറുമോ? നിങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങി പോരാടണം, അവിടെ നിന്ന് ജയിക്കണം. അപ്പോൾ നിങ്ങൾ എല്ലാത്തിനും പ്രതികാരം ചെയ്തതായി തോന്നും. പക്ഷേ ഇങ്ങനെ ബഹിഷ്കരിക്കുന്നത് ഒരു വ്യത്യാസവും വരുത്തുന്നില്ല.’’ –കനേരിയ കൂട്ടിച്ചേർത്തു. ഈ തീരുമാനത്തിൽ പല പാക്കിസ്ഥാൻ താരങ്ങളും അസ്വസ്ഥരാണെന്നും പക്ഷേ അവർ അതിനെക്കുറിച്ച് തുറന്നു പറയാൻ കഴിയാത്ത ഒരു അവസ്ഥയിലാണെന്നും കനേരിയ വ്യക്തമാക്കി.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാൻ ഞായറാഴ്ച വൈകിട്ടു സമൂഹമാധ്യമമായ എക്സിലൂടെയാണു പ്രഖ്യാപിച്ചത്. നിഷ്പക്ഷ വേദിയായ കൊളംബോയിൽ 15നാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിൽ കളിക്കില്ലെന്നു നിലപാടെടുത്ത ബംഗ്ലദേശിനെ ലോകകപ്പിൽനിന്നു പുറത്താക്കിയതിന്റെ തുടർച്ചയാണ് ഈ സംഭവവും. ഏഴിന് ആരംഭിക്കുന്ന ലോകകപ്പിൽ, പാക്കിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ്.
English Summary:







English (US) ·