ഇന്ത്യയ്ക്കെതിരെ കളിക്കാൻ രഹസ്യമായി ഗുളികകളും കുത്തിവയ്‌പുകളും എടുത്തു, സച്ചിന്റെ വിക്കറ്റിനായി പന്തയം വച്ചു: വെളിപ്പെടുത്തി അക്തർ

3 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: February 26, 2026 05:56 PM IST

1 minute Read

ശുഐബ് അക്തർ (ഫയൽ ചിത്രം) (Photo by DESHAKALYAN CHOWDHURY / AFP)
ശുഐബ് അക്തർ (ഫയൽ ചിത്രം) (Photo by DESHAKALYAN CHOWDHURY / AFP)

ലഹോർ ∙ ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് വൈര്യം തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. മത്സരങ്ങൾ ഇന്ത്യൻ ടീമിന് അനുകൂലമായി, ഏകപക്ഷീയമായി മാറുന്ന ഇന്നത്തെ സാഹചര്യത്തിൽനിന്നു വ്യത്യസ്തമായി, അന്ന് ഇന്ത്യയ്ക്ക് പാക്കിസ്ഥാൻ കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു.

വസീം അക്രം, വഖാർ യൂനിസ്, ശുഐബ് അക്തർ, സഖ്‌ലെയ്ൻ മുഷ്താഖ് തുടങ്ങിയവർ ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിൽ അവരുടെ പ്രകടനം മറ്റൊരു തലത്തിലേക്ക് ഉയർത്താറുണ്ടായിരുന്നു. ലോകം കണ്ട ഏറ്റവും വേഗമേറിയ ബോളറായ അക്തർ, ഈ വൈര്യം നേരിട്ട് അനുഭവിച്ച വ്യക്തിയാണ്. സച്ചിൻ തെൻഡുൽക്കറിൽനിന്നും വീരേന്ദ്ര സേവാഗിൽനിന്നും പലതവണ ‘തല്ല്’ വാങ്ങിയിട്ടുണ്ടെങ്കിലും, ചില മത്സരങ്ങളിൽ അക്തർ ഇന്ത്യയുടെ മോഹങ്ങൾ തല്ലിക്കെടുത്തുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇപ്പോൾ വർഷങ്ങൾക്കിപ്പുറം, 1998-99ലെ പാക്കിസ്ഥാന്റെ ഇന്ത്യൻ പര്യടനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ശുഐബ് അക്തർ. ഇന്ത്യയ്ക്കെതിരെ കളിക്കാനായി കാൽമുട്ടിലെ വേദന കുറയ്ക്കാൻ താനും സഖ്‌ലെയ്ൻ മുഷ്താഖും ഗുളികകൾ കഴിക്കുകയും കുത്തിവയ്പ്പുകൾ എടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അക്തറുടെ വെളിപ്പെടുത്തി.

‘‘ചെന്നൈയിലും ഡൽഹിയിലുമായി സഖ്‌ലെയ്ൻ മുഷ്താഖ് പത്തിലധികം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, സച്ചിന്റെ വിക്കറ്റിനായി ഞങ്ങൾ തമ്മിൽ പന്തയം വയ്ക്കുമായിരുന്നു. സച്ചിനെ താൻ പുറത്താക്കുമെന്ന് അവൻ പറയും. എന്നാൽ ഞാൻ പുറത്താക്കുമെന്ന് ഞാനും വാദിക്കും. അതായിരുന്നു ഞാൻ ചെയ്തുവന്നിരുന്നത്. ‘ഇല്ല, ഇത്തവണ ഞാൻ അത് ചെയ്യും, ഇത് എന്റെ ഊഴമാണ്’ എന്ന് ഞാൻ പറയുമായിരുന്നു.’’– അക്തർ പറഞ്ഞു.

‘‘നീര് നിറഞ്ഞത് കാരണം എന്റെ കാൽമുട്ടുകൾ വീർത്തിരിക്കുകയായിരുന്നു. 1996ൽ അദ്ദേഹത്തിന്റെ മുട്ടുകൾക്ക് പരുക്കേറ്റിരുന്നു, 1997ൽ എനിക്കും പരുക്കേറ്റു. മത്സരത്തിൽ കളിക്കാൻ സാധിക്കുന്നതിനായി ഞങ്ങൾ രണ്ടുപേരും രഹസ്യമായി വേദനസംഹാരി ഗുളികകളും കുത്തിവയ്പ്പുകളും എടുക്കുമായിരുന്നു. ഏതെങ്കിലും മുതിർന്ന താരങ്ങൾ ഇത് അറിഞ്ഞിരുന്നെങ്കിൽ അവർ സഖ്‌ലെയ്നെ പുറത്താക്കുമായിരുന്നു. ഞാൻ എന്തായാലും അവരുടെ ലക്ഷ്യ‍‍‍മായിരുന്നു.’’– അക്തർ കൂട്ടിച്ചേർത്തു

2012-13 ലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ദ്വിരാഷ്ട്ര പരമ്പരയിൽ പരസ്പരം കളിച്ചത്. നയതന്ത്ര ബന്ധത്തിലെ വിള്ളൽ മൂലം നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. ട്വന്റി20 ലോകകപ്പിൽ ഈ മാസം 15നു നടന്ന മത്സരത്തിൽ പാക്കിസ്ഥനെ ഇന്ത്യ തോൽപ്പിച്ചിരുന്നു.

English Summary:

Shoaib Akhtar's revelation astir utilizing painkillers and injections to play against India during the 1998-99 circuit highlights the aggravated India Pakistan cricket rivalry of the past.

Read Entire Article