മുംബൈ∙ കിട്ടിയത്, അതേ ഡോസിൽ തിരിച്ചുകൊടുത്ത് ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. യുഎസ്എയെ 29 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ ടൂർണമെന്റിലെ ആദ്യം വിജയം കുറിച്ചത്. ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് യുഎസ്എയുടെ ഇന്നിങ്സിൽ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസിൽ അവസാനിച്ചു. താരതമ്യേന ചെറിയ വിജയലക്ഷ്യമായിട്ടും പതറാതെ പ്രതിരോധിച്ച ബോളർമാരാണ് ഇന്ത്യയുടെ വിജയശിൽപികൾ. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്‌ദീപ് സിങ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വീതവും വരുൺ ചക്രവർത്തി ഒരു വിക്കറ്റുമെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎസ്എയുടെ ആദ്യ മൂന്നു വിക്കറ്റുകളും പവർപ്ലേയിൽ തന്നെ ഇന്ത്യ വീഴ്ത്തി. രണ്ടാം ഓവറിൽ മുഹമ്മദ് സിറാജാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. ഓപ്പണർ ആൻഡ്രിസ് ഗൗസിനെ (9 പന്തിൽ 6) തിലക് വർമയുടെ കൈകളിൽ എത്തിച്ചു. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ മൊനാങ്ക് പട്ടേലിനെ (0) അർഷ്ദീപും വീഴ്ത്തി. നാലാം ഓവറിൽ സൈതേജ മുക്കമല്ലയെ (7 പന്തിൽ 2) വീഴ്ത്തി സിറാജിന്റെ അടുത്ത സ്ട്രൈക്ക്. ഇതോടെ യുഎസ്എ 3ന് 13 എന്ന നിലയിലേക്ക് വീണു. പവർപ്ലേ അവസാനിക്കുമ്പോൾ 31 റൺസ് മാത്രമാണ് യുഎസ് സ്കോർ ബോർഡിലുണ്ടായിരുന്നത്.
What you should work next
നാലാം വിക്കറ്റിൽ ഒന്നിച്ച മിലിന്ദ് കുമാർ–സഞ്ജയ് കൃഷ്ണമൂർത്തി സഖ്യമാണ് അവരെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 58 റൺസ് കൂട്ടിച്ചേർത്തു. വിജയത്തിലേക്കു ബാറ്റു വീശുന്നതിനു പകരം വിക്കറ്റ് പോകാതെ പരമാവധി പിടിച്ചുനിൽക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. മിലിന്ദ് 34 പന്തിൽ 34 റൺസെടുത്തപ്പോൾ സഞ്ജയ് 31 പന്തിൽ 37 റൺസെടുത്തു. 12–ാം ഓവറിൽ മിലിന്ദിനെ വീഴ്ത്തി വരുൺ ചക്രവർത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
ഇതിനുശേഷം ക്രീസിലെത്തിയ ശുഭം രഞ്ജനെ മാത്രമാണ് (22 പന്തിൽ 37) യുഎസ് നിരയിൽ പിന്നീട് രണ്ടക്കം കടന്നത്. ചെറിയ വെടിക്കെട്ടുമായി ശുഭം, ഒന്നു ശ്രമിച്ചെങ്കിലും വിജയിക്കാൻ അതു മതിയായിരുന്നില്ല. 16–ാം ഓവറിൽ സഞ്ജയ്‌യെയും ഹർമീത് സിങ്ങിനെയും (0) അക്ഷർ അടുത്തടുത്ത പന്തുകളിൽ വീഴ്ത്തി. ഇതോടെ യുഎസ്എ പൂർണായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. 18–ാം ഓവറിൽ മുഹമ്മദ് മൊഹ്സിനെ(9 പന്തിൽ 8) അർഷ്ദീപും അവസാന പന്തിൽ ശുഭത്തിനെ സിറാജും വീണതോടെ യുഎസ് ഇന്നിങ്സിന് അവസാനമായി.
∙ വിറപ്പിച്ച് യുഎസ്ഒരു കാര്യം ഇന്ത്യയ്ക്കു മനസ്സിലായി, ലോകകപ്പ് നിലനിർത്തുക എന്നത് അത്ര സിംപിളല്ല! സന്നാഹ മത്സരത്തിന്റെ ലാഘവത്തോടെ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയെ യുഎസ്എ ശരിക്കും ഞെട്ടിച്ചു. അടുത്തകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത ബാറ്റിങ് തകർച്ചയാണ് യുഎസ്എ യ്ക്കെതിരെ ഇന്ത്യ നേരിട്ടത്. ഒരറ്റത്ത് നങ്കൂരമിട്ട ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൂടി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യയുടെ അവസ്ഥ പരിതാപകരമാകുമായിരുന്നു. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ, യുഎസ്എയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ,നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 161 റൺസെടുത്തത്. അവസാന ഓവറിൽ തകർത്തടിച്ച സൂര്യകുമാർ യാദവ്(49 പന്തിൽ 84*) ആണ് ഇന്ത്യൻ സ്കോർ 160 കടത്തിയത്. 20–ാം ഓവറിൽ 21 റൺസാണ് പിറന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ യുഎസ്എ ബോളർമാർ ഞെട്ടിച്ചു. ആദ്യ ഓവറിൽ സൗരഭ് നേത്രവൽക്കറിനെ നേരിട്ട ഇഷാൻ കിഷൻ ശരിക്കും വിയർത്തു. ആദ്യ പന്തുകളിൽ ടച്ച് കിട്ടാൻ ബുദ്ധിമുട്ടിയ ഇഷാൻ, അഞ്ചാം പന്തിൽ ഒരു സിക്സർ പറത്തി താളം കണ്ടെത്തി. എന്നാൽ രണ്ടാം ഓവറിൽ അലി ഖാനാണ് ഇന്ത്യയെ ശരിക്കും ഞെട്ടിച്ചത്. രണ്ടാ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ അഭിഷേക് ശർമയെ ഗോൾഡ് ഡക്കായി അലി ഖാൻ മടക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾഡൻ ഡക്കാകുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. ഗൗതം ഗംഭീർ,ആശിഷ് നെഹ്റ, ഷാർദുൽ ഠാക്കൂർ, ദീപക് ഹൂഡ എന്നിവരാണ് ഇതിനു മുൻപ് ഇങ്ങനെ പുറത്തായവർ.
രണ്ടാം വിക്കറ്റിൽ ഇഷാനും തിലകും ചേർന്ന് വമ്പൻ അടികളുമായി ഇന്നിങ്സ് മുന്നോട്ടു നീക്കിയെങ്കിലും ആറാം ഓവർ എറിയാൻ എത്തിയ ഷഡ്‌ലി വാൻ ഷാൽക്വിക്ക് ഇന്ത്യയ്ക്ക് കനത്ത പ്രഹരമാണ് നൽകിയത്. രണ്ടാം പന്തിൽ ഇഷാൻ കിഷനെ(16 പന്തിൽ 20) വീഴ്ത്തിയ ഷഡ്‌ലി, അഞ്ചാം പന്തിൽ തിലകിനെയും (16 പന്തിൽ 25), ആറാം പന്തിൽ ശിവം ദുബെയെയും മടക്കുകയായിരുന്നു. ഒരു റൺസിനിടെയാണ് മൂന്നു വിക്കറ്റും വീണത്. ഇതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 4ന് 46 എന്ന നിലയിലായി ഇന്ത്യ. 2024 ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ പവർപ്ലേ സ്കോറാണിത്.
ഇതിനു ശേഷം സൂര്യകുമാർ യാദവ്– റിങ്കു സിങ് സഖ്യം അൽപനേരം ക്രീസിൽ പിടിച്ചുനിന്നെങ്കിലും 12–ാം ഓവറിൽ റിങ്കുവിനെ (14 പന്തിൽ 6) മുഹമ്മദ് മൊഹ്‌സിൻ വീഴ്ത്തി. പിന്നീട് പ്രതീക്ഷ നൽകി ക്രീസിലെത്തിയത് ഉജ്വല ഫോമിലുള്ള ഹാർദിക് പാണ്ഡ്യ. എന്നാൽ തൊട്ടടുത്ത ഓവറിൽ ഹാർദിക്കിനെ (6 പന്തിൽ 5) ഹർമീത് സിങ്ങും മടക്കി. ഇതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി. ഏഴാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവ്– വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ സഖ്യമാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് 41 റൺസ് കൂട്ടിചേർത്തു. ഇന്ത്യൻ ഇന്നിങ്സിലെ ഏറ്റവും വലിയ പാർട്‌ണർഷിപ്പും ഇതും തന്നെ.
11 പന്തിൽ 14 റൺസെടുത്ത അക്ഷറിനെ, 17–ാം ഓവറിൽ ഹർമീത് സിങ് മടക്കി. പിന്നീടെത്തിയ അർഷ്‌ദീപ് സിങ് (6 പന്തിൽ 4) ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 19–ാം ഓവറിൽ ഷഡ്‌ലി വാൻ ഷാൽക്വിക്ക് പുറത്താക്കുകയായിരുന്നു. അവസാന ഓവറിൽ രണ്ടു സിക്സും രണ്ടു ഫോറും സഹിതം 21 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാർ യാദവാണ് ഇന്ത്യൻ സ്കോർ 160 കടത്തിയത്. പത്താമനായി ഇറങ്ങിയ വരുൺ ചക്രവർത്തി (0) അവസാന പന്തിൽ റണ്ണൗട്ടായി. ഇന്ത്യൻ നിരയിൽ രണ്ടു പേർ ഗോൾഡൻ ഡക്കായപ്പോൾ ആറു പേർ രണ്ടക്കം കാണാതെ പുറത്തായി. യുഎസിനായി ഷഡ്‌ലി വാൻ ഷാൽക്വിക്ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹർമീത് സിങ് രണ്ടും അലി ഖാൻ, മുഹമ്മദ് മൊഹ്‌സിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
∙ ടോസ് നഷ്ടംടോസ് നേടിയ യുഎസ്എ ക്യാപ്റ്റൻ മൊനാങ്ക് പട്ടേൽ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പ്രതീക്ഷിച്ചിരുന്നതു പോലെ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചില്ല. ഇഷാൻ കിഷനാണ് ഓപ്പണർ. പേസർ ജസ്പ്രീത ബുമ്രയ്ക്കു പനിയായതിനാൽ കഴിഞ്ഞദിവസം ടീമിനൊപ്പം ചേർന്ന മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവൻ സ്ഥാനം പിടിച്ചു. പരുക്കിന്റെ പിടിയിലായ വാഷിങ്ടൻ സുന്ദർ, സ്പിന്നർ കുൽദീപ് യാദവ് എന്നിവരും കളിച്ചില്ല.
English Summary:







English (US) ·