Published: May 20, 2026 09:41 PM IST
1 minute Read
ബെംഗളൂരു∙ ഫിറ്റ്നസിന്റെ കാര്യത്തിൽ ഇന്ത്യയിലെ യുവക്രിക്കറ്റ് താരങ്ങൾ മാതൃകയാക്കുന്ന ഇതിഹാസ താരമാണു വിരാട് കോലി. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ചെങ്കിലും ഐപിഎലിലും ഏകദിന ഫോർമാറ്റിലും മികച്ച പ്രകടനം തുടരുന്നതിനായി ഫിറ്റ്നസിൽ കോലി യാതൊരു വിട്ടുവീഴ്ചയും നടത്തിയിട്ടില്ല. 2026 ഐപിഎലിൽ ആർസിബിക്കായി 13 മത്സരങ്ങൾ കളിച്ച കോലി, ഒരു സെഞ്ചറിയും നാല് അർധ സെഞ്ചറികളും ഉൾപ്പടെ നേടി 542 റൺസാണ് ഇതുവരെ അടിച്ചുകൂട്ടിയത്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണു വിരാട് കോലി. ഇന്ത്യൻ ഹോക്കി താരങ്ങൾക്കുള്ളതിന്റെ 15 ശതമാനം ഫിറ്റ്നസ് പോലും ക്രിക്കറ്റ് താരങ്ങൾക്ക് ഇല്ലെന്നാണു കോലിയുടെ നിലപാട്.
ആർസിബിയുടെ ഇന്നൊവേഷൻ ലാബ് ഇന്ത്യൻ സ്പോർട്സ് സമ്മിറ്റിലാണ് കോലി ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ചു മനസ്സു തുറന്നത്. ‘‘ആളുകൾ ഫിറ്റ്നസിനെ അസാധാരണമായ എന്തോ കാര്യമായി ചിലപ്പോഴൊക്കെ കാണാറുണ്ട്. അതെനിക്ക് നന്നായി അറിയാം. എന്നാൽ എന്റെ ജോലിക്ക് അത് അത്യാവശ്യമാണ്. ഫിറ്റ്നസ് സാധാരണ കാര്യമാണ്. ഇത്രയൊന്നും ആഘോഷിക്കേണ്ട കാര്യമില്ല. ക്രിക്കറ്റിനാണ് രാജ്യത്ത് കൂടുതൽ ശ്രദ്ധ കിട്ടുന്നത്. അതുകൊണ്ടു തന്നെ മറ്റ് കായിക ഇനങ്ങളെയെല്ലാം തഴയപ്പെടുകയാണ്.’’
‘‘സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ഇന്ത്യൻ ഹോക്കി താരങ്ങളുടെ 15 ശതമാനം ഫിറ്റ്നസ് പോലും ഉണ്ടാകില്ല. ക്രിക്കറ്റ് താരങ്ങളുടെ പരിശീലനം കണ്ടാൽ ഹോക്കി താരങ്ങൾ ചിരിക്കും. കാരണം അവർക്ക് ഇതിലും കൂടുതല്‍ ശാരീരികക്ഷമത ആവശ്യമാണ്.’’– കോലി പ്രതികരിച്ചു. കോലിയുടെ നിലപാടിന് ഹോക്കി താരങ്ങളുൾപ്പടെ വലിയ പിന്തുണയാണ് അറിയിക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കാലത്ത് സഹതാരങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്താൻ, ഇന്ത്യൻ ടീമിന്റെ പരിശീലന രീതികളിലടക്കം വലിയ മാറ്റങ്ങൾ കോലി കൊണ്ടുവന്നിരുന്നു.
English Summary:







English (US) ·