Published: May 24, 2026 09:28 AM IST Updated: May 24, 2026 05:29 PM IST
2 minute Read
‘മലയാളിബന്ധം’ തിരഞ്ഞുപോകേണ്ട ആവശ്യമില്ലാത്തവിധം മലയാളമണ്ണിനു സുപരിചിതരായ രണ്ടുപേർ ഇക്കുറി ഫിഫ ലോകകപ്പിൽ പന്തുതട്ടിയേക്കും. കൊച്ചിയിൽ കളിച്ചു കയ്യടി വാരിക്കൂട്ടിയ കേരള ബ്ലാസ്റ്റേഴ്സ് മുൻ സ്ട്രൈക്കർ ഡക്കൻസ് നാസോൺ, ചെന്നൈയിൻ എഫ്സി സ്ട്രൈക്കർ സ്റ്റിവൻ മെൻഡോസ എന്നിവരാണു ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്. ഹെയ്റ്റിയുടെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെട്ട നാസോൺ, അവരുടെ എക്കാലത്തെയും ടോപ്സ്കോറർ കൂടിയാണ്. 2015ൽ ചെന്നൈയിനു കിരീടം സമ്മാനിച്ച മെൻഡോസ, ഇതിഹാസതാരം ഹാമിഷ് റോഡ്രിഗസ് അടക്കമുള്ള സൂപ്പർതാരങ്ങൾക്കൊപ്പമാണു കൊളംബിയൻ പ്രിലിമിനറി സ്ക്വാഡിൽ ഉൾപ്പെട്ടത്.
ഏഴാം മിനിറ്റിലെ നാസോൺ ഗോൾ2016 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി 13 മത്സരങ്ങളിലെ ഡക്കൻസ് നാസോൺ (32) കളിച്ചിട്ടുള്ളൂവെങ്കിലും നേടിയ രണ്ടുഗോളുകളിലൊന്ന് ആരാധകർ മറന്നിരിക്കാനിടയില്ല. കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ പുണെയ്ക്കെതിരായ കളിയിൽ ഏഴാം മിനിറ്റിലാണു സ്റ്റേഡിയത്തെ ത്രസിപ്പിച്ച ഗോൾ പിറന്നത്. സി.കെ.വിനീതിന്റെ പാസിൽ നിന്നു നിറയൊഴിച്ച നാസോൺ ആവേശത്തിൽ ഗാലറിയിലേക്ക് ഓടിക്കയറി. മഞ്ഞക്കാർഡ് വാങ്ങുകയും ചെയ്തു. 3 മാസത്തെ കൊച്ചി ജീവിതത്തിനു ശേഷം നാസോൺ ഇംഗ്ലിഷ് ക്ലബ്ബിലേക്കു ചേക്കേറി. ദേശീയ ജഴ്സിയിൽ 76 കളികളിൽ 44 ഗോളുകൾ നേടിയ നാസോൺ ഹെയ്റ്റിയുടെ ഒന്നാം നമ്പർ താരമാണ്. 52 വർഷത്തെ ഇടവേളയ്ക്കു ശേഷം ഹെയ്റ്റിക്കു ലോകകപ്പ് യോഗ്യത നേടിക്കൊടുത്തതിലും മുഖ്യപങ്ക് നാസോണിനു തന്നെ. ഇറാനിയൻ ക്ലബ്ബിലാണു നിലവിൽ കളിക്കുന്നത്. ഇറാൻ യുദ്ധത്തിലേക്കു പതിക്കുമ്പോൾ ടെഹ്റാനിൽ കുടുങ്ങിപ്പോയ നാസോൺ റോഡ് മാർഗം അസർബൈജാൻ വഴി രക്ഷപ്പെട്ടാണു ഹെയ്റ്റി ടീമിനൊപ്പം ചേർന്നത്.
മലയാളി നെഞ്ചുലച്ച മെൻഡോസ2015 സീസണിൽ ഗോൾഡൻ ബൂട്ടോടെ ചെന്നൈയിൻ എഫ്സിക്കു വേണ്ടി കിരീടം തൂക്കിയ കക്ഷിയാണെങ്കിലും സ്റ്റിവൻ മെൻഡോസയെ (33) മലയാളി ആരാധകർ ഓർക്കുക വേദനിപ്പിക്കുന്നൊരു മത്സരത്തിന്റെ പേരിലാകും. 5–1നു ബ്ലാസ്റ്റേഴ്സിനെ ചെന്നൈയിൻ അടിച്ചു നിരപ്പാക്കിയ മത്സരത്തിൽ മെൻഡോസ നേടിയതു ഹാട്രിക്. അതേ സീസണിൽ ഗോവയ്ക്കെതിരെയും മെൻഡോസ ഹാട്രിക് കുറിച്ചു. സീസണിൽ മെൻഡോസ നേടിയ 13 ഗോളുകൾ ചെന്നൈയിന്റെ മൊത്തം ഗോൾ കണക്കിന്റെ പാതിയോളമെത്തി. ബ്രസീലിയൻ രണ്ടാം ഡിവിഷനിലാണു മെൻഡോസയിപ്പോൾ. ലോകകപ്പിനായി കൊളംബിയ പ്രിലിമിനറി സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോൾ വൻ താരനിരയ്ക്കൊപ്പം മെൻഡോസയും ഉൾപ്പെട്ടു.
ലോകകപ്പ് കളിച്ച ഐഎസ്എൽ ഇതിഹാസങ്ങൾഡക്കൻസ് നാസോണിനും സ്റ്റിവൻ മെൻഡോസയ്ക്കും മുൻപും പലകാലത്തായി ഐഎസ്എലിൽ പന്തുതട്ടിയ താരങ്ങൾ ലോകകപ്പിന്റെ ഭാഗമായിട്ടുണ്ട്. അവരിൽ ചില സൂപ്പർ താരങ്ങളിതാ...
റോബർട്ടോ കാർലോസ്, ബ്രസീൽ (ഡൽഹി ഡൈനമോസ്, 2015), റോബർട്ട് പിറെസ്, ഫ്രാൻസ് (എഫ്സി ഗോവ, 2014),ഡിയോഗോ ഫോർലാൻ, യുറഗ്വായ് (മുംബൈ സിറ്റി, 2016),ദാവീദ് ട്രെസഗെ, ഫ്രാൻസ് (എഫ്സി പുണെ, 2014),അലസ്സാന്ദ്രോ ദെൽപിയറോ, ഇറ്റലി (ഡൽഹി ഡൈനമോസ് 2014), മാർക്കോ മറ്റെരാസി, ഇറ്റലി (ചെന്നൈയിൻ എഫ്സി, 2014), ലൂസിയോ, ബ്രസീൽ (എഫ്സി ഗോവ, 2015), അലസ്സാന്ദ്രോ നെസ്റ്റ, ഇറ്റലി (ചെന്നൈയിൻ, 2014), യുവാൻ കാപ്ഡിവിയ്യ, സ്പെയിൻ (നോർത്ത് ഈസ്റ്റ്, 2014), ഡേവിഡ് ജയിംസ്, ഇംഗ്ലണ്ട് (കേരള ബ്ലാസ്റ്റേഴ്സ്, 2014), ടിം കാഹിൽ, ഓസ്ട്രേലിയ (ജംഷഡ്പുർ, 2018), നിക്കൊളാസ് അനൽക്ക, ഫ്രാൻസ് (മുംബൈ സിറ്റി, 2014), അസമോവ ഗ്യാൻ, ഘാന (നോർത്ത് ഈസ്റ്റ്, 2019), എലാനോ ബ്ലൂമർ, ബ്രസീൽ (ചെന്നൈയിൻ, 2015), ലൂയി ഗാർഷ്യ, സ്പെയിൻ (അത്‌ലറ്റിക്കോ ഡി കൊൽക്കത്ത, 2014), ഫ്രെഡി ലുങ്ബെർഗ്, സ്വീഡൻ (മുംബൈ സിറ്റി, 2014)
English Summary:







English (US) ·