Published: June 06, 2026 04:25 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി. ഇന്ത്യൻ സീനിയർ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് വൈഭവ് സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരായ പരമ്പരകൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ട്വന്റി20 ടീമുകളിലാണ് വൈഭവ് ഇടം പിടിച്ചത്. ഓപ്പണിങ്ങിൽ അവസരങ്ങൾ കുറവാണെങ്കിലും ഈ ടൂർണമെന്റുകളിൽ കുറച്ചു മത്സരങ്ങളില്‍ വൈഭവ് കളിക്കുമെന്ന് ഉറപ്പാണ്. പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടാൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവിനു സ്വന്തമാകും.
16 വയസ്സും 205 ദിവസും പ്രായമുള്ളപ്പോഴാണ് സച്ചിൻ ഇന്ത്യൻ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ ടീമിലേക്കു വിളിയെത്തിയപ്പോൾ 15 വയസ്സും 71 ദിവസവുമാണ് വൈഭവിന്റെ പ്രായം. പിയുഷ് ചൗള (17 വയസ്സും 75 ദിവസവും), ലക്ഷ്മൺ ശിവരാമകൃഷ്ണൻ (17 വയസ്സും, 118 ദിവസവും), പാർഥിവ് പട്ടേൽ (17 വയസ്സും 152 ദിവസവും) എന്നിവരാണ് ചെറുപ്രായത്തിൽ തന്നെ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ച മറ്റു താരങ്ങൾ. ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ 237.30 സ്ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്ത വൈഭവ് 776 റൺസാണ് അടിച്ചെടുത്തത്. ടൂർണമെന്റിലെ ഓറഞ്ച് ക്യാപ് വിജയിച്ചതിനു പിന്നാലെയാണ് ബിഹാർ സ്വദേശിയായ താരത്തെ സീനിയർ ടീമിലെടുത്തത്.
2025 ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണിനു പരുക്കേറ്റപ്പോഴാണ് വൈഭവ് രാജസ്ഥാൻ പ്ലേയിങ് ഇലവനിൽ ആദ്യമായി കളിക്കുന്നത്. അതിവേഗ ബാറ്റിങ് ശൈലിയിലൂടെ ഞെട്ടിച്ച താരം വൈകാതെ പ്ലേയിങ് ഇലവനിലെ സ്ഥിരസാന്നിധ്യമായി. 2026 ഐപിഎലിനു മുന്നോടിയായി സഞ്ജു ടീം വിട്ടതോടെ, വൈഭവ്– യശസ്വി ജയ്സ്വാൾ സഖ്യം നൽകുന്ന കരുത്തിലാണ് രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്. ഈ വർഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത് വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു.
ലോകകപ്പിൽ ഏഴു മത്സരങ്ങൾ കളിച്ച വൈഭവ് 439 റൺസാണ് ആകെ അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരായ ഫൈനൽ പോരാട്ടത്തിൽ 80 പന്തുകൾ നേരിട്ട താരം 175 റൺസ് അടിച്ചുകൂട്ടി. 15 വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്സ്. ടൂർണമെന്റിലെ താരമായും വൈഭവ് തിരഞ്ഞെടുക്കപ്പെട്ടു.
English Summary:





English (US) ·