Published: July 24, 2026 03:30 PM IST
1 minute Read
ഒരു സ്വപ്നം പോലെ അസം സ്വദേശി ലിഷ ദാസ് സൈക്കിൾ ചവിട്ടി കയറി പോകുന്നതു ചരിത്രത്തിലേക്കാണ്. അസമിലെ ബിശ്വനാഥ് ജില്ലയിലെ നവോദയ സ്കൂളിലെ 11–ാം ക്ലാസ് വിദ്യാർഥി ലിഷ, ഇടതു കൈയ്ക്കു വൈകല്യവുമായാണു പിറന്നത്. ചെറുപ്രായത്തിൽ തന്നെ ലിഷയ്ക്കു സൈക്കിൾ ചവിട്ടാൻ ഇഷ്ടമായിരുന്നു. സൈക്കിൾ ഹാൻഡിലിലെ പിടിവിട്ട് പലതവണ താഴെ വീണു. പക്ഷേ, സൈക്കിളിനോടുള്ള ഇഷ്ടം കുറഞ്ഞില്ല. ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ പാരാ ട്രാക്ക് സൈക്ലിങ്ങിൽ ഇന്ത്യയ്ക്കു വേണ്ടി പതിനാറുകാരി ലിഷ സൈക്കിൾ ചവിട്ടും; കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം.
ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള തെസ്‌പൂരാണ് ലിഷയുടെ ജന്മദേശം. അച്ഛൻ നിർമൽ ദാസിനും അമ്മ രുക്മണിക്കും ലിഷയ്ക്കു വലിയ പരിശീലനം നൽകാനുള്ള സൗകര്യമുണ്ടായിരുന്നില്ല. കഴിവുള്ള കായിക താരങ്ങളെ കണ്ടെത്താനുള്ള ആദിത്യ മേത്ത ഫൗണ്ടേഷന്റെ പദ്ധതിയാണു വഴിത്തിരിവായത്. തുടർന്നു ഹൈദരാബാദിലെ കേന്ദ്രത്തിൽ പരിശീലനം.
കഴിഞ്ഞ വർഷം ദേശീയ റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടി. പിന്നാലെ തായ്‌ലൻഡിൽ നടന്ന പാരാ സൈക്ലിങ് ചാംപ്യൻഷിപ്പുകളിൽ 2 സ്വർണമുൾപ്പെടെ 6 മെഡലുകൾ. ഈ വർഷം ഫിലിപ്പീൻസിൽ നടന്ന ഏഷ്യൻ പാരാ ട്രാക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിൽ 2 വെള്ളിയും 3 വെങ്കലവും. ഇതോടെ കോമൺവെൽത്ത് ഗെയിംസിലേക്കും ഒക്ടോബറിലെ ഏഷ്യൻ പാരാ ഗെയിംസിലേക്കും അവസരം തുറന്നു. ഗെയിംസ് യോഗ്യത നേടുന്ന ഏക പാരാ ട്രാക്ക് സൈക്ലിങ് താരംകൂടിയാണ് ലിഷ.
പ്രായപൂർത്തിയാകാത്തതിനാൽ രക്ഷിതാക്കളുടെ സമ്മതപത്രവുമായാണു ലിഷ ഗെയിംസിനെത്തുന്നത്. ഇതിനിടെ ലിഷയുടെ കോച്ചിനും വനിതാ സഹായികൾക്കും ഗെയിംസ് അക്രഡിറ്റേഷൻ ലഭിക്കാതിരുന്നതു വിവാദമാകുകയും ചെയ്തു. ഒടുവിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഇടപെട്ട് വനിത ഫിസിയോതെറപ്പിസ്റ്റിനു ലിഷയ്ക്കൊപ്പം യാത്ര ചെയ്യാൻ അനുമതി നൽകി.
English Summary:






English (US) ·