‘ഇപ്പോഴും ശരീരത്തിൽ ചില്ല് കഷ്ണം തറഞ്ഞുകിടപ്പുണ്ട്’: പാക്കിസ്ഥാനിൽ നേരിട്ട ഭീകരാക്രമണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംഗക്കാര

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: April 15, 2026 04:55 PM IST Updated: April 15, 2026 08:58 PM IST

2 minute Read

2009ൽ ലഹോറിൽ നടന്ന ഭീകരാക്രമണത്തിൽ പരുക്കേറ്റ് ശ്രീലങ്കൻ താരങ്ങളായ അജാന്ത മെൻഡിസ്, കുമാർ സംഗക്കാര തുടങ്ങിയവരെ ആംബുലൻസിൽ കൊണ്ടുപോകുന്നു. (Photo by LAKRUWAN WANNIARACHCHI / AFP)
2009ൽ ലഹോറിൽ നടന്ന ഭീകരാക്രമണത്തിൽ പരുക്കേറ്റ് ശ്രീലങ്കൻ താരങ്ങളായ അജാന്ത മെൻഡിസ്, കുമാർ സംഗക്കാര തുടങ്ങിയവരെ ആംബുലൻസിൽ കൊണ്ടുപോകുന്നു. (Photo by LAKRUWAN WANNIARACHCHI / AFP)

കൊളംബോ∙ 2009ൽ ലഹോറിൽ ശ്രീലങ്കൻ ടീമിന്റെ ബസിന് നേരെ ഉണ്ടായ ഭീകരാക്രമണം പാക്കിസ്ഥാൻ ക്രിക്കറ്റിനെ എന്നെന്നേക്കുമായി മാറ്റിമറിച്ച സംഭവമായിരുന്നു. അതിനു ശേഷം ടീമുകൾ പാക്കിസ്ഥാനിൽ പര്യടനം നടത്താൻ വിസമ്മതിച്ചതിനാൽ വർഷങ്ങളോളം പാക്കിസ്ഥാൻ അവരുടെ ഹോം മത്സരങ്ങൾ യുഎഇയിലാണ് കളിച്ചത്. 2009 മാർച്ച് 3ന് പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപമുള്ള തിരക്കേറിയ ലിബർട്ടി ട്രാഫിക് റൗണ്ട് എബൗട്ടിൽ വച്ച് പന്ത്രണ്ടിലധികം ഭീകരർ ലങ്കൻ ടീമിന്റെ വാഹനവ്യൂഹത്തെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. എട്ടു പേർ കൊല്ലപ്പെടുകയും ശ്രീലങ്കൻ താരങ്ങൾ ഉൾപ്പെടെ ഇരുപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ശ്രീലങ്കൻ താരങ്ങളായ കുമാർ സംഗക്കാര, അജന്ത മെൻഡിസ്, തിലൻ സമരവീര, തരംഗ പരനവിതാന, സുരംഗ ലക്മൽ, തിലിന തുഷാര എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇപ്പോഴിതാ, അന്നത്തെ അനുഭവത്തെക്കുറിച്ചും ആ സംഭവം ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടിനെ എങ്ങനെ മാറ്റിമറിച്ചു എന്നതിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ശ്രീലങ്കൻ ടീം മുൻ ക്യാപ്റ്റനും ഐപിഎലിൽ രാജസ്ഥാൻ റോയൽസ് കോച്ചുമായ കുമാർ സംഗക്കാര.

യഥാർഥത്തിൽ ആക്രമണം നടക്കുന്നതിന് തൊട്ടുമുൻപ് തന്റെ സഹതാരങ്ങളിൽ ഒരാൾ ബോംബ് പൊട്ടുന്നതിനെക്കുറിച്ച് തമാശ പറഞ്ഞതായി സംഗക്കാര പറഞ്ഞു. ‘‘മൂന്നാം ദിവസം ഞങ്ങൾ ഹോട്ടലിൽ നിന്നു ഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു, മുന്നിലിരുന്ന ഒരു ഫാസ്റ്റ് ബോളർ പറഞ്ഞു, ‘ഈ ഫ്ലാറ്റ് ട്രാക്കുകളിൽ കളിച്ച് എന്റെ നടുവ് ഒടിയും. ഒരു ബോംബ് പൊട്ടിയിരുന്നെങ്കിൽ നമുക്ക് വീട്ടിൽ പോകാമായിരുന്നു. ഒരു മിനിറ്റ് പോലും തികയുന്നതിന് മുൻപ് ഞങ്ങൾ ആക്രമിക്കപ്പെട്ടു.’’– സംഗക്കാര ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞു

‘‘ഞങ്ങൾക്ക് പരുക്കേറ്റു. എന്റെ വലതുഭാഗത്ത് ഇപ്പോഴും ചില്ല് കഷ്ണങ്ങൾ തറഞ്ഞുകിടപ്പുണ്ട്. അതിനു ശേഷം എനിക്ക് ദുഃസ്വപ്നങ്ങളോ, ഉൾഭയമോ, വിയർത്ത് കുളിച്ച് ഉണരുന്ന അവസ്ഥയോ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ ആ സമയത്ത് ശ്രീലങ്കയിൽ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള നന്ദിയും കൃത്യമായ കാഴ്ചപ്പാടും നൽകാൻ ആ സംഭവം സഹായിച്ചു’’– സംഗക്കാര പറഞ്ഞു. ആ സമയക്ക് ശ്രീലങ്ക ആഭ്യന്തര യുദ്ധത്തിലൂടെ കടന്നുപോവുകയായിരുന്നു, ആ ആക്രമണം സംഗക്കാരയുടെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു.

‘‘ 2009ൽ ഞങ്ങൾ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോയിരുന്നത്. ഞങ്ങൾക്ക് നേരെ രണ്ടു മിനിറ്റ് നേരത്തേക്ക് ഇതു സംഭവിച്ചു, അതു വലിയ വാർത്താ പ്രാധാന്യം നേടി. ഏതാനും ആഴ്ചകൾക്ക് ശേഷം, ഞാൻ കൊളംബോയിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ സൈന്യത്തിലോ നാവികസേനയിലോ ഉള്ള ഒരു ഉദ്യോഗസ്ഥൻ എന്നെ തടഞ്ഞു. അദ്ദേഹം ആദ്യം ചോദിച്ചത് ‘ഓ, നിങ്ങൾക്ക് എങ്ങനെയുണ്ട്?’ എന്നാണ്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, 'ഞങ്ങൾ വാർത്ത കണ്ടു, നിങ്ങൾക്കുണ്ടായ കാര്യത്തിൽ ഞങ്ങൾ നടുങ്ങിപ്പോയി.’

‘‘ഇത് നിങ്ങൾക്ക് എപ്പോഴും സംഭവിക്കുന്നത് ഞാൻ കാണാറുണ്ടല്ലോ എന്ന് ഞാൻ മറുപടി നൽകി. അദ്ദേഹം എന്നെ നോക്കി പറഞ്ഞു, ‘അതെ, ഞങ്ങൾ ഇതിനായി നിയോഗിക്കപ്പെട്ടവരാണ്.’ നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നു, പണം ലഭിക്കുന്നു, പെട്ടെന്ന് രണ്ടു മിനിറ്റ് നേരത്തേക്ക് ഞങ്ങൾ ഒരു അനുഭവം നേരിടുന്നു, അത് ആ രാജ്യം 20-26 വർഷമായി അനുഭവിക്കുന്നതാണ്, എന്നിട്ടും പെട്ടെന്ന് ഞങ്ങൾ ഹീറോകളായി മാറുന്നു.’’– സംഗക്കാര കൂട്ടിച്ചേർത്തു.

English Summary:

The 2009 Lahore violent onslaught connected the Sri Lankan cricket squad autobus profoundly changed Pakistan cricket, forcing teams to garbage tours and starring to years of location matches being played successful the UAE. Former Sri Lankan skipper Kumar Sangakkara precocious shared his reflections connected the incidental and however it altered his position connected beingness and the world.

Read Entire Article