Published: April 19, 2026 04:28 PM IST Updated: April 19, 2026 09:34 PM IST
1 minute Read
മുംബൈ ∙ 2026 ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിന്റെ ആവേശം ഏറെക്കുറെ കെട്ടടങ്ങിക്കഴിഞ്ഞു. ഐപിഎൽ കൂടി കഴിഞ്ഞാൽ ഇന്ത്യൻ ടീം ‘യാത്ര’ പുനരാരംഭിക്കും. 2027 ഏകദിന ലോകകപ്പാണ് ഇനി അടുത്ത കടമ്പ. 2023ൽ കൈവിട്ടുപോയ കിരീടം തിരികെ പിടിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനപോരാട്ടമാണ്. 2028ലാണ് അടുത്ത ട്വന്റി20 ലോകകപ്പ്. ആ വർഷം തന്നെ ലൊസാഞ്ചലസ് ഒളിംപിക്സും നടക്കും. ഒളിംപിക്സ് ഇനമായി ക്രിക്കറ്റ് വരുമ്പോൾ, അതിലെ സ്വർണമെഡൽ നേട്ടമാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. എന്നാൽ അതുവരെ സൂര്യകുമാർ ട്വന്റി20 ടീമിന്റെ നായകനായി തുടരുമോ?
സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാറ്റിങ്ങിലെ ഫോമില്ലായ്മ കാരണം ക്യാപ്റ്റൻ സ്ഥാനം മാത്രമല്ല, ടീമിലെ സ്ഥാനം പോലും സൂര്യകുമാറിനു നഷ്ടമായേക്കുമെന്നാണ് വിവരം. സൂര്യകുമാറിന്റെ പിൻഗാമിയായി ശ്രേയസ്സ് അയ്യരെ ബിസിസിഐയും ടീം മാനേജ്മെന്റും പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്രേയസ്, നിലവിൽ ട്വന്റി20 ടീമിന്റെയും ടെസ്റ്റ് ടീമിന്റെയും ഭാഗമല്ല. എങ്കിലും ഐപിഎലിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റനായി മിന്നും പ്രകടനം നടത്തുന്ന ശ്രേയസ്സിനെ ഇനി ട്വന്റി20 ടീമിൽനിന്നു മാറ്റിനിർത്താനാകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
‘‘ശ്രേയസ്സ് അയ്യർ അവസാനമായി ഒരു രാജ്യാന്തര ട്വന്റി20 കളിച്ചത് 2023ലാണ്. അദ്ദേഹം നിലവിലെ ടീം ഘടനയുടെ ഭാഗമല്ല. അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതും ഉടൻ തന്നെ ക്യാപ്റ്റൻസി ഏൽപ്പിക്കുന്നതും വലിയൊരു തീരുമാനമാണ്. ഇപ്പോൾ ശ്രദ്ധ 2027 ഏകദിന ലോകകപ്പിലേക്ക് മാറിയിരിക്കുന്നു. ട്വന്റി20യിലെ നേതൃമാറ്റം ആസൂത്രണം ചെയ്യാൻ സെലക്ടർമാർക്ക് സാവകാശം നൽകിയിട്ടുണ്ട്.’’– ഒരു ബിസിസിഐ വൃത്തം പറഞ്ഞു.
ഏകദിനത്തിലും ടെസ്റ്റിലു ക്യാപ്റ്റനായ ശുഭ്മൻ ഗില്ലിനെ തന്നെ ട്വന്റി20യിലും ക്യാപ്റ്റനാക്കാനായിരുന്നു ബിസിസിഐയുടെ ആദ്യ നീക്കം. എന്നാൽ ഓപ്പണറായി ഗിൽ പരാജയപ്പെടുകയും ലോകകപ്പിൽ ഗില്ലിനു പകരം സഞ്ജു സാംസൺ എത്തുകയും ചെയ്തു. ലോകകപ്പിൽ സഞ്ജു തിളങ്ങിയതോടെ ഇനി ഗില്ലിനെ തിരികെകൊണ്ടുവരുന്നത് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് ഫോംഔട്ടിലായ സൂര്യകുമാറിനു പകരം അതേ പൊസിഷനിൽ കളിക്കാൻ സാധിക്കുന്ന ശ്രേയസ്സ് അയ്യരുടെ പേര് ചർച്ചയാകുന്നത്.
നിലവിൽ കോച്ച് ഗൗതം ഗംഭീറിന്റെ പിന്തുണ സൂര്യകുമാറിന് ഉണ്ടെങ്കിലും ഈ വർഷം നടക്കുന്ന പരമ്പരകളിൽ കൂടി ബാറ്റിങ്ങിൽ സൂര്യ പരാജയപ്പെട്ടാൽ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്. നിലവിൽ വൈസ് ക്യാപ്റ്റനായ അക്ഷർ പട്ടേൽ, സീനിയർ താരങ്ങളായ സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ എന്നിവരെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കു പരിഗണിക്കാൻ സാധ്യത കുറവാണ്.
ശ്രേയസ്സിനെ ക്യാപ്റ്റനാക്കാൻ ഗംഭീറിന്റെ പിന്തുണയുണ്ടാകും. 2024 ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയത് ഗംഭീറിന്റെയും ശ്രേയസ്സിന്റെയും നേതൃത്വത്തിലാണ്. ഇതിനു പിന്നാലെയാണ് ഗംഭീർ ഇന്ത്യയുടെ കോച്ചാകുന്നത്. എന്നാൽ ശ്രേയസ്സിന് ട്വന്റി20 ടീമിൽ സ്ഥാനം കിട്ടിയില്ല. എങ്കിലും ശ്രേയസ്സിന്റെ ക്യാപ്റ്റൻസി മികവിൽ ടീം മാനേജ്മെന്റിന് സംശയമില്ല. കൊൽക്കത്തയ്ക്കു കിരീടം നേടിക്കൊടുത്തതു കൂടാതെ 2020ൽ ഡൽഹിയെയും 2025ൽ പഞ്ചാബിനെയും ശ്രേയസ് ഫൈനൽ വരെ എത്തിച്ചിരുന്നു.
English Summary:







English (US) ·