Published: April 01, 2026 07:56 AM IST
1 minute Read
റോം∙ തുടർച്ചയായ മൂന്നാം ഫുട്ബോൾ ലോകകപ്പിലും ഇറ്റലിയുടെ മാറ്റൊലിയില്ല. യൂറോപ്യൻ യോഗ്യതാ പ്ലേഓഫ് ഫൈനലിൽ ബോസ്നിയയോട് തോൽവി വഴങ്ങിയതോടെയാണ് നാല് തവണ ചാംപ്യന്മാരായ ഇറ്റലിക്ക് ഫിഫ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയത്. ഇതോട ചരിത്രത്തിൽ തുടർച്ചയായി മൂന്നു ലോകകപ്പുകൾക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെടുന്ന ആദ്യ മുൻ ചാംപ്യന്മാരായി ഇറ്റലി മാറി. നിലവിൽ ടീമിലുള്ള ഒരു താരവും ഇതുവരെ ലോകകപ്പിൽ പങ്കെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മത്സരത്തിന്റെ 79-ാം മിനിറ്റ് വരെ ലീഡ് നിലനിർത്തിയ ശേഷമാണ് ഇറ്റലിയുടെ പുറത്താകൽ. 15–ാം മിനിറ്റിൽ മോയ്‌സ് കീനിന്റെ ഗോളിലാണ് ഇറ്റലി 1-0ന് മുന്നിലെത്തിയത്. പിന്നാലെ അലസ്സാൻഡ്രോ ബാസ്റ്റോനിക്ക് റെഡ് കാർഡ് ലഭിച്ചതോടെ പത്തു പേരുമായിട്ടാണ് ഇറ്റലി കളിച്ചത്. രണ്ടാം പകുതിയിൽ, കളി അവസാനിക്കാൻ 11 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ബോസ്നിയയുടെ ഹാരിസ് തബകോവിച്ച് സമനില പിടിച്ചതോടെ ഇറ്റലിയുടെ നില തെറ്റി.
എക്സ്ട്രാ ടൈമായി അനുവദിച്ച 30 മിനിറ്റിലും ഇരു ടീമുകൾക്കും സ്കോർ ചെയ്യാൻ കഴിയാത്തതിനെത്തുടർന്ന് കളി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. എന്നാൽ ഇറ്റലിയുടെ പിയോ എസ്പോസിറ്റോയും ബ്രയാൻ ക്രിസ്റ്റാന്റെയും പെനൽറ്റികൾ പാഴാക്കിയപ്പോൾ, ബോസ്നിയയുടെ എസ്മിർ ബജ്‌രക്തരെവിച്ച് നിർണായക ഗോൾ നേടി മുൻ ചാമ്പ്യന്മാർക്ക് പുറത്തേയ്ക്കുള്ള വാതിൽ തുറന്നു.
2014ന് ശേഷം ഇറ്റലി ഫിഫ ലോകകപ്പിൽ കളിച്ചിട്ടില്ല. 2006ൽ കിരീടം നേടിയ ശേഷം, 2010ലും 2014ലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ അവർക്ക് അടുത്ത രണ്ട് എഡിഷനുകളിലും യോഗ്യത നേടാനായിരുന്നില്ല. ഇപ്പോൾ 2026ലെ ഫിഫ ലോകകപ്പിനും യോഗ്യത നേടാൻ അവർക്ക് കഴിഞ്ഞില്ല. ഇതിനു മുൻപ് ഇറ്റലിക്ക് യോഗ്യത ലഭിക്കാത്ത ഏക ലോകകപ്പ് 1958ലേതായിരുന്നു. 1934, 1938, 1982 എന്നീ ലോകകപ്പുകളിലും ഇറ്റലി ചാംപ്യന്മാരായിരുന്നു.
അതേസമയം, 2014-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 12 വർഷത്തെ ഇടവേള കഴിഞ്ഞ് ബോസ്നിയ ഫിഫ ലോകകപ്പിലേക്ക് തിരിച്ചുവരവ് നടത്തുന്നു. കാനഡ, ഖത്തർ, സ്വിറ്റ്‌സർലൻഡ് എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് അവർ ഉൾപ്പെട്ടിരിക്കുന്നത്.
English Summary:








English (US) ·