ഇവർ ചെറിയവർ;പക്ഷേ പവർഫുൾ, ലോകകപ്പിലെ കന്നിക്കാരായ 4 രാജ്യങ്ങളെ പരിചയപ്പെടാം

1 month ago 5

രാഹുൽ പുത്തൂരത്ത്

രാഹുൽ പുത്തൂരത്ത്

Published: June 09, 2026 06:27 PM IST

1 minute Read

ക്യുറസാവോ ദേശീയ ഫുട്ബോൾ ടീം.
ക്യുറസാവോ ദേശീയ ഫുട്ബോൾ ടീം.

സിംഹവും കടുവയും കരടിയുമെല്ലാം വിഹരിക്കുന്ന കാട്ടിൽ ഒരു നരിയെങ്കിലുമായില്ലെങ്കിൽ എങ്ങനെയാ!. അങ്ങനെ നരികളായി ലോകകപ്പിനു വന്നവരാണ് ക്യുറസാവോയും കെയ്പ് വെർഡിയും ജോർദാനും ഉസ്ബക്കിസ്ഥാനും. മലപ്പുറത്തെ ജനസംഖ്യ 41 ലക്ഷത്തിലേറെയാണ്. കരീബിയൻ ദ്വീപു സമൂഹത്തിലെ ക്യുറസോവ എന്ന കുഞ്ഞൻ രാജ്യത്ത് ആകെയുള്ളത് 2 ലക്ഷത്തിൽ താഴെ ആളുകൾ. ആഫ്രിക്കൻ രാജ്യമായ കെയ്പ് വെർഡിയിലെ ആകെ ജനസംഖ്യ 5.3 ലക്ഷമാണ്. 12 ദശലക്ഷം ജനങ്ങളാണ് ജോർദാനിൽ. ഉസ്ബെക്കിസ്ഥാനിൽ 38 ദശലക്ഷം ജനസംഖ്യയുണ്ട്. ഈ 4 രാജ്യങ്ങളും ലോകകപ്പിലെ കന്നിക്കാരാണ്.

What you should work next

ക്യുറസാവോ

∙ കരീബിയൻ ഫുട്ബോൾ ലോകത്തെ വമ്പന്മാരാണ് ജമൈക്കയും ഹോണ്ടുറാസും ഹെയ്തിയും ട്രിനിഡാഡ് ആൻഡ് ടുബാഗോയുമെല്ലാം. കോൺകാകാഫിലും കരീബിയൻ കപ്പിലും ഇവരെല്ലാം ക്യുറസാവോ എന്ന കുഞ്ഞൻ ടീമിന്റെ ചൂടറിഞ്ഞിരുന്നു. ടീം ലോക റാങ്കിങ്ങിൽ 81–ാം സ്ഥാനം നേടുകയും ചെയ്തു. അങ്ങനെ അവർ കരീബിയൻ ലോകത്തുനിന്ന് ലോകകപ്പ് കളിക്കാനുള്ള യോഗ്യത നേടി. നെതർലൻഡ്സിന്റെ ഭാഗമായിരുന്ന രാജ്യം 2010 വരെ നെതർലൻഡ്സ് ആന്റിലീസ് എന്ന പേരിലായിരുന്നു കളിച്ചിരുന്നത്.

കെയ്പ് വെർഡി

∙ മണൽത്തീരങ്ങളും അഗ്നിപർവതങ്ങളും മലനിരകളുമുള്ള, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു കൂട്ടം ദ്വീപുകൾ ചേർന്നതാണ് കെയ്പ് വെർഡിയെന്ന കുഞ്ഞൻ രാജ്യം. പോർച്ചുഗലിന്റെ നിയന്ത്രണത്തിലായിരുന്ന രാജ്യം 1975ൽ സ്വതന്ത്രമായി. ഇതിന്റെ 50–ാം വാർഷികമായപ്പോൾ അവർ ലോകകപ്പ് കളിക്കാനും യോഗ്യത നേടി. കോൺഫഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ ലീഗിൽ കാമറൂണും അംഗോളയും കെയ്പ് വെർഡിയുടെ മുന്നിൽ തോൽവി സമ്മതിച്ചിരുന്നു. പോർച്ചുഗീസ് ഭാഷയിൽ നീല സ്രാവുകൾ എന്നർഥം വരുന്ന ടൂബാറോൺസ് ആസ്വീഷ് എന്നാണ് ടീമിന്റെ വിളിപ്പേര്.

ജോർദാൻ

∙ 2023ലെ ഏഷ്യൻ കപ്പിൽ ജോർദാൻ എന്ന രാജ്യം തീപ്പൊരിയിൽ നിന്ന് തീയായി മാറുന്നതു ഫുട്ബോൾ ലോകം കണ്ടു. ഫൈനലിൽ ഖത്തറിനോടു പരാജയപ്പെട്ടെങ്കിലും ലീഗിൽ മിന്നും പ്രകടനം കാഴ്ചവച്ചു. ദക്ഷിണ കൊറിയ അടക്കം ഇവരുടെ തേരോട്ടത്തിനു മുന്നിൽ അടിപതറി. ‘അൽ നഷാമ’ എന്നാണ് ടീമിന്റെ വിളിപ്പേര്. ധീരന്മാർ എന്നർഥം. ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് മത്സരിക്കുന്നത്. ലോക ചാംപ്യൻ അർജന്റീനയും ഓസ്ട്രിയയും അൾജീരിയയുമാണ് മറ്റ് അംഗങ്ങൾ. 17ന് സാന്റാ ക്ലാരയിൽ ഓസ്ട്രിയയുമായാണ് ഇവരുടെ ആദ്യ മത്സരം.

ഉസ്ബക്കിസ്ഥാൻ

∙ വെള്ളച്ചെന്നായ്ക്കളാണവർ. മധ്യേഷ്യയിൽ നിന്ന് ലോകകപ്പ് യോഗ്യത നേടിയവർ. സോവിയറ്റ് യൂണിയനിൽനിന്നു പിരിഞ്ഞ ശേഷം തുടങ്ങുന്ന ഫുട്ബോൾ ചരിത്രമാണിവർക്ക്. 1994ൽ ഫിഫയിൽ അംഗത്വം. ചെറുപ്പമൊരുക്കിയ ചിറകിൽ പറക്കുന്ന ടീമാണിത്. ഫുട്ബോളിൽ താൽപര്യമുള്ള കുട്ടികൾക്കെല്ലാം രാജ്യം പരിശീലനം നൽകി. 37 മില്യൺ വരുന്ന ജനസംഖ്യയിൽ 20 ശതമാനവും യുവാക്കളാണ്. ഇവരെക്കൂട്ടിപ്പിടിച്ച് ഫുട്ബോൾ ലോകത്ത് യുവമുഖമായി ഉസ്ബക്കിസ്ഥാൻ മാറി. 2006ൽ ഇറ്റലി ലോകകപ്പ് നേടിയപ്പോൾ ടീമിൽ അംഗമായിരുന്ന ഫാബിയ കന്നവാര ഉസ്ബക് ടീമിന്റെ പരിശീലകനായി വന്നതോടെ കുതിപ്പിനുള്ള ശേഷി കൂടി.

Read Entire Article