Published: March 06, 2026 05:55 PM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പ് ടൂർണമെന്റിലെ താരമാകാൻ മത്സരിച്ച് ഇന്ത്യൻ ഓപ്പണര്‍ സഞ്ജു സാംസൺ. സെമി ഫൈനൽ മത്സരങ്ങള്‍ പൂർത്തിയായതോടെയാണ് ഐസിസി ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റിനെ’ കണ്ടെത്താനുള്ള വോട്ടെടുപ്പു തുടങ്ങിയത്. ഞായറാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. വിജയിച്ചാൽ ട്വന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യയുടെ പേരിലാകും. ലോകകപ്പ് മത്സരങ്ങളുടെ തുടക്കത്തിൽ ടീമിൽ കൃത്യമായി അവസരം ലഭിക്കാതിരുന്ന സഞ്ജു ഇതുവരെ നാലു കളികളിൽ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്.
രണ്ട് അർധസെഞ്ചറികളുൾപ്പടെ നേടി 232 റൺസാണ് മലയാളി താരം ലോകകപ്പിൽ ഇതുവരെ അടിച്ചുകൂട്ടിയത്. വെസ്റ്റിൻഡീനെതിരായ സൂപ്പര്‍ എട്ട് മത്സരവും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലും വിജയിച്ചതിൽ മലയാളി താരത്തിന്റെ ബാറ്റിങ് പ്രകടനവും നിർണായകമായി. ഇതോടെയാണ് ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റ്’ നോമിനേഷനിൽ സഞ്ജുവും ഇടം പിടിച്ചത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ വെബ്സൈറ്റ് വഴിയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പട്ടികയിലുള്ള ഒരേയൊരു ഇന്ത്യൻ താരമാണ് സഞ്ജു.
ഐസിസി വെള്ളിയാഴ്ച പുറത്തുവിട്ട പട്ടികയിൽ സഞ്ജുവുൾപ്പടെ എട്ടു താരങ്ങളാണുള്ളത്. ദക്ഷിണാഫ്രിക്കയുടേയും ന്യൂസീലൻഡിന്റേയും രണ്ടു താരങ്ങൾ വീതം പട്ടികയിലുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയയ്ക്കെതിരായ മത്സരത്തിൽ മാത്രമാണ് സഞ്ജു കളിക്കാനിറങ്ങിയത്. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തോറ്റതോടെയാണ്, പ്ലേയിങ് ഇലവനിൽ സഞ്ജുവിനെ വീണ്ടും പരീക്ഷിക്കാൻ ബിസിസിഐ തയാറായത്.
ടൂർണമെന്റിലെ താരമാകാൻ മത്സരിക്കുന്നത് ഇവർ– സഞ്ജു സാംസൺ (ഇന്ത്യ), വിൽ ജാക്സ് (ഇംഗ്ലണ്ട്), സഹിബ്സദ ഫര്‍ഹാൻ (പാക്കിസ്ഥാന്‍), ലുങ്കി എന്‍ഗിഡി (ദക്ഷിണാഫ്രിക്ക), എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക), രചിൻ രവീന്ദ്ര (ന്യൂസീലൻഡ്), ടിം സിഫർട്ട് (ന്യൂസീലൻഡ്), ഷാഡ്‍ലി വാൻ ഷാക്‌വിക് (യുഎസ്എ).
English Summary:







English (US) ·