ഈ കളി തീക്കളി ! യുഎസിനെ നിലത്തുനിർത്താതെ ബൽജിയം, അടിച്ചുകയറ്റിയത് നാലു ഗോളുകൾ; ലോകകപ്പ് ക്വാർട്ടറിൽ (4–1)

2 weeks ago 4

കാർത്തിക്ക് തെക്കേമഠം

കാർത്തിക്ക് തെക്കേമഠം

Published: July 07, 2026 07:57 AM IST Updated: July 07, 2026 08:21 AM IST

2 minute Read

-ROUND-OF-16-FIFA-WORLD-CUP-2026
യുഎസിനെതിരായ ഗോൾ നേട്ടം ആഘോഷിക്കുന്ന ബൽജിയം താരങ്ങൾ. Photo by DAVID RAMOS / GETTY IMAGES NORTH AMERICA / GETTY IMAGES VIA AFP

വാഷിങ്ടൻ∙ ആതിഥേയരായ യുഎസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കു തകർത്ത് ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് ബൽജിയം. സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആദ്യ പകുതിയിൽ ചാൾസ് ഡെ കെറ്റലരെയുടെ ഇരട്ട ഗോളുകളും (9, 33), രണ്ടാം പകുതിയിൽ ഹൻസ് വനകന്റെ (57)യും റൊമേലു ലുക്കാക്കുവിന്റെയും (90+3) ഗോളുകളുമാണ് ബൽജിയത്തെ വിജയത്തിലെത്തിച്ചത്. 31–ാം മിനിറ്റിൽ മാലിക് ടിൽമാനാണ് യുഎസിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ‍ ഫൈനലിൽ സ്പെയിനാണ് ബൽജിയത്തിന്റെ എതിരാളികൾ. പന്തടക്കത്തിലും പാസുകളിലും യുഎസിനേക്കാൾ പിന്നിലായിട്ടും തുടർച്ചയായി നടത്തിയ ആക്രമണങ്ങളാണ് പോരാട്ടത്തിൽ ബൽജിയത്തിന് മേൽക്കൈ നേടിക്കൊടുത്തത്. 15 ഷോട്ടുകൾ ബൽജിയം ഗോൾ ലക്ഷ്യമാക്കി പായിച്ചപ്പോൾ അതിൽ ഏഴെണ്ണം ഓൺ ടാർഗറ്റായിരുന്നു. അതേസമയം യുഎസിന്റെ രണ്ട് ഷോട്ടുകൾ മാത്രമാണ് ഓൺ ടാർഗറ്റായത്.

What you should work next

ഗോളുകള്‍ വന്ന വഴി

ഒൻപതാം മിനിറ്റിൽ ബൽജിയം ലീഡ്: മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ബൽജിയം ആക്രമണം തുടങ്ങിയതോടെ യുഎസ് ഗോൾ കീപ്പർ മാറ്റ് ഫ്രീസിനു പിടിപ്പതു പണിയായിരുന്നു. യൂരി ടിലസ്മാനും തിമോത്തി കാസ്റ്റാഗ്നെയും ചാൾസ് ഡെ കെറ്റലരെയും തുടക്കം മുതൽ യുഎസിനെ സമ്മർദത്തിലാക്കി. ഒന്‍പതാം മിനിറ്റിൽ– നിക്കോള റസ്കിന്റെ അസിസ്റ്റിൽ ചാൾസ് ഡെ കെറ്റലരെയാണ് ബൽജിയത്തിനായി ആദ്യ ഗോൾ നേടിയത്. പോസ്റ്റിനു തൊട്ടുമുന്നിൽ ഷോർട്ട് റേ‍ഞ്ചില്‍ ബൽജിയം താരം എടുത്ത ഷോട്ടിന് പ്രതിരോധമൊരുക്കാൻ പോലും യുഎസിനായില്ല. പന്തു പ്രതിരോധിക്കാനുള്ള യുഎസ് ശ്രമങ്ങൾക്കിടെ, ഗോൾ ഏരിയയ്ക്കു ഇടതു ഭാഗത്തുനിന്നും നിക്കോള റസ്ക് പന്ത് പിടിച്ചെടുത്തു പോസ്റ്റിനു തൊട്ടുമുന്നിൽ നിൽക്കുകയായിരുന്ന ചാൾ‌സിനു മറിച്ചുനൽകുകയായിരുന്നു.

ടിൽമന്റെ സമനില ഗോൾ: ആദ്യ പകുതിയിൽ ഹൈഡ്രേഷന്‍ ബ്രേക്കിനു പിന്നാലെ ലഭിച്ച ഫ്രീകിക്ക് അവസരം മുതലെടുത്ത് യുഎസ് സമനില ഗോൾ സ്വന്തമാക്കി. ബൽജിയം താരം ബ്രാന്റൻ മെച്ചെലിനു സംഭവിച്ച ഫൗളി‍ൽ പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് യുഎസിന് അനുകൂലമായ ഫ്രീകിക്ക്. കിക്കെടുത്ത മാലിക് ടിൽമാന്റെ ഷോട്ട് ഗതിമാറിയെങ്കിലും ബല്‍‍ജിയം ഗോൾകീപ്പർ ടിബോട് കോർട്ടിസിനെ മറികടന്ന് വലയിൽ. സ്കോർ 1–1.

ബൽജിയത്തിന് വീണ്ടും ലീഡ്: 31–ാം മിനിറ്റിലായിരുന്നു യുഎസ് സമനില ഗോൾ നേടിയത്. എന്നാൽ 61 സെക്കൻഡുകൾക്കുള്ളിൽ ബൽജിയം വീണ്ടും ലീഡ് പിടിച്ചു. ചാൾസ് ഡെ കെറ്റലരെയുടെ രണ്ടാം ഗോളിന് അസിസ്റ്റ് നൽകിയത് ലിയാൻഡ്രോ ട്രൊസാ‍ഡ്. ഇടതു വിങ്ങിൽനിന്ന് ആക്രമിച്ച ട്രൊസ്സാർഡ്, ചാൾസിനെ ലക്ഷ്യമാക്കി ക്രോസ് നൽകി. ആദ്യ ഗോളിന് സമാനമായ രീതിയിൽ 25 വയസ്സുകാരൻ താരം അതും കൃത്യമായി വലയിലെത്തിച്ചു. ആദ്യ പകുതിയിൽ ബൽജിയം 2–1ന് മുന്നിൽ.

What you should work next

57–ാം മിനിറ്റിൽ മൂന്നാം ഗോൾ: രണ്ടാം പകുതിയിൽ യുഎസിന്റെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകർക്ക്, നിരാശ സമ്മാനിച്ചാണ് ബൽജിയം 57–ാം മിനിറ്റിൽ മൂന്നാം ഗോളടിച്ചത്. ആദ്യ രണ്ടു ഗോളുകള്‍ നേടിയ ചാൾസ് ഡെ കെറ്റലരെയുടെ അസിസ്റ്റിൽ ഹൻസ് വനകെന്റെ വകയായിരുന്നു ബൽജിയത്തിന്റെ മൂന്നാം ഗോൾ. പന്തു നിയന്ത്രിക്കാനായി പെനാല്‍റ്റി ഏരിയയിൽനിന്നു പുറത്തിറങ്ങിയ യുഎസ് ഗോളി മാറ്റ് ഫ്രീസിന്റെ പിഴവു മുതലെടുത്ത ഹാൻസ് ഒഴിഞ്ഞ വലയിലേക്കു നിറയൊഴിക്കുയായിരുന്നു. ഫിഫ ലോകകപ്പ് നോക്കൗട്ടിൽ ബൽജിയത്തിനായി ഗോൾ നേടുന്ന പ്രായം കൂടിയ താരമാണ് 33 വയസ്സും 316 ദിവസവും പ്രായമുള്ള ഹാൻസ്. യുഎസ് താരം ക്രിസ്റ്റ്യൻ പുലിസിച്ച് പരുക്കേറ്റു ഗ്രൗണ്ട് വിട്ടതും രണ്ടാം പകുതിയിൽ യുഎസിനു തിരിച്ചടിയായി.

ലുക്കാക്കുവിന്റെ ഫിനിഷ്: പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയ സീനിയർ താരം റൊമേലു ലുക്കാക്കുവിന്റെ വകയായിരുന്നു ബൽജിയത്തിന്റെ നാലാം ഗോൾ. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ പന്തുമായി ഇടതു വിങ്ങിലൂടെ ബോക്സിലേക്കു കയറിയ ലുക്കാക്കു, ഏതാനും നീക്കങ്ങൾക്കൊടുവിൽ പോസ്റ്റിന്റെ വലതു മൂലയിലേക്കു ലക്ഷ്യമിടുകയായിരുന്നു. ഇതോടെ ബൽജിയം 4–1ന് മത്സരം ഫിനിഷ് ചെയ്തു.

English Summary:

USA vs Belgium, FIFA World Cup Match Updates

Read Entire Article