കൊച്ചി∙ കൂട്ടുകാർക്കൊപ്പം ഫ്ലാറ്റിലെ ഒഴിഞ്ഞ സ്ഥലത്ത് ഫുട്ബോൾ കളിക്കുന്നത് പതിനഞ്ചു വയസ്സുകാരൻ ആര്യൻ അജിത്തിന്റെ പതിവായിരുന്നു. എന്നാൽ മറ്റു കുട്ടികളെ പോലെ ആര്യന് അതു വെറും ‘കുട്ടിക്കളി’ ആയിരുന്നില്ല. സ്പോർട്സിനോടുള്ള താൽപര്യവും മനസ്സിലെ ബിസിനസ്സ് ആശയങ്ങളും ചേർത്തുവച്ച് ആര്യൻ ഒരു ഫുട്ബോൾ ടൂർണമെന്റ് തന്നെ സംഘടിപ്പിച്ചു. ആര്യന്റെ ഈ പുതിയ സംരംഭം വെറും പോക്കറ്റ് മണി ലക്ഷ്യമിട്ടാണ് തുടങ്ങിയതെങ്കിലും, പത്താം ക്ലാസുകാരന്റെ ഐഡിയ അതിവേഗം ‘ക്ലിക്കായി’.
‘‘എനിക്ക് എപ്പോഴും ബിസിനസ്സ് ആശയങ്ങൾ ആലോചിക്കുന്നത് ഇഷ്ടമാണ്, ഒപ്പം സ്പോർട്സിനോടും വലിയ താല്പര്യമുണ്ട്. അങ്ങനെയാണ് എന്റെ ഈ രണ്ടു താൽപര്യങ്ങളെയും ഒരുമിച്ച് ഒരു ബിസിനസ്സ് അവസരമാക്കി മാറ്റാൻ ഞാൻ തീരുമാനിച്ചത്.’’– കൊച്ചി ചോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആര്യൻ മനസ്സ് തുറന്നു. ഐപിഎലിൽ പതിനഞ്ചു വയസ്സുകാരനായ വൈഭവ് സൂര്യവംശി മിന്നുംപ്രകടനത്തോടെ രാജ്യാന്തര ശ്രദ്ധ നേടിയതിനു പിന്നാലെയാണ് േകരളത്തിൽനിന്നൊരു പതിനഞ്ചുകാരൻ ഫുട്ബോൾ ടൂർണമെന്റ് ഒറ്റയ്ക്കു നടത്തി ശ്രദ്ധ നേടുന്നത്.
∙ തുടക്കം ഇൻസ്റ്റഗ്രാം പോസ്റ്ററിലൂടെ
ടൂർണമെന്റ് നടത്താൻ തീരുമാനിച്ചയുടൻ ആര്യൻ ഇതിന്റെ മാർക്കറ്റിങ് ജോലികൾ സ്വയം ഏറ്റെടുത്തു. മാർച്ച് 21ന് കൊച്ചിയിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു എന്ന പോസ്റ്റർ ഡിസൈൻ ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ലഭിച്ചത്. കൊച്ചിയിൽ നിന്നുള്ളവർ മാത്രമല്ല, തൃശൂരിൽ നിന്ന് വരെ ടീമുകൾ റജിസ്റ്റർ ചെയ്ത് പങ്കെടുക്കാൻ എത്തി .ആകെ 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ഓരോ ടീമിൽ നിന്നും 1500 രൂപ വീതമാണ് റജിസ്ട്രേഷൻ ഫീസായി ഈടാക്കിയത്. വിജയിക്കുന്ന ടീമിന് 8,000 രൂപയും റണ്ണേഴ്സ് അപ്പിന് 4,000 രൂപയും സമ്മാനമായി നൽകി.
ടീമുകളിൽ നിന്ന് ലഭിച്ച റജിസ്ട്രേഷൻ ഫീസ് ഉപയോഗിച്ചാണ് ആര്യൻ ടൂർണമെന്റിന്റെ എല്ലാ ചെലവുകളും വഹിച്ചത്. മത്സരങ്ങൾ നടത്തുന്നതിനായി കാക്കനാടുള്ള പ്രമുഖ ടർഫായ ‘സോക്കർ പാർക്ക്’ ആര്യൻ വാടകയ്‌ക്കെടുക്കുകയായിരുന്നു. എല്ലാ ചെലവുകളും കഴിഞ്ഞ് നല്ലൊരു തുക ലാഭമായി സമ്പാദിക്കാനും ആര്യനു സാധിച്ചു. ‘‘എല്ലാം വിചാരിച്ച പോലെ തന്നെ നടന്നു, കുറച്ച് പണം മാറ്റിവയ്ക്കാനും എനിക്ക് പറ്റി.’’– ആര്യൻ അഭിമാനത്തോടെ പറയുന്നു.
∙ ഫുട്ബോളിനു പിന്നാലെ ബാസ്കറ്റ്ബോളുംമാർച്ചിൽ നടത്തിയ ഫുട്ബോൾ ടൂർണമെന്റ് വിജയിച്ചതോടെ ആര്യൻ അവിടെ നിർത്താൻ ഒരുക്കമായിരുന്നില്ല. സ്കൂൾ അവധിക്കാലം തീരാൻ ഒരു മാസത്തോളം ബാക്കിയുണ്ടായിരുന്നതിനാൽ അടുത്ത പ്ലാനിലേക്ക് കടന്നു. ആര്യന്റെ പുതിയ ആശയം മാതാപിതാക്കളെയും അദ്ഭുതപ്പെടുത്തി. ‘‘അവൻ എപ്പോഴും ഓരോ ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. ആദ്യം ഫുട്ബോൾ ടൂർണമെന്റിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ അത്ര ഗൗരവമായി എടുത്തില്ല. എന്നാൽ ഇത് വിജയകരമായി നടത്തി കാണിച്ചപ്പോഴാണ് അവൻ എത്രത്തോളം ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്ന് എനിക്ക് മനസ്സിലായത്.’’– ആര്യന്റെ അമ്മ ഇഷ പട്ടാലി പറഞ്ഞു.
ആദ്യ സംരംഭത്തിന്റെ ആത്മവിശ്വാസത്തിൽ ആര്യൻ നേരെ അടുത്തതായി സംഘടിപ്പിച്ചത് ഒരു ബാസ്കറ്റ്ബോൾ ടൂർണമെന്റ്. ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കാൻ ഒരു കൂട്ടുകാരനെയും ഒപ്പം കൂട്ടി. രണ്ടാമത്തെ ടൂർണമെന്റ് ആദ്യത്തേതിനേക്കാൾ വലിയ രീതിയിലാണ് പ്ലാൻ ചെയ്തത്. കോർപ്പറേറ്റ് തലത്തിലേക്ക് ഉയർന്ന ടൂർണമെന്റിലേക്ക് മൂന്നു പ്രമുഖ ബ്രാൻഡുകളെ സ്പോൺസർമാരായി കണ്ടെത്താനും ഈ കൊച്ചു ബിസിനസ്സുകാരന് സാധിച്ചു. മേയ് 24നു സംഘടിപ്പിച്ച ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ഒൻപതു ടീമുകളാണ് പങ്കെടുത്തതത്.
16 ടീമുകളെയാണ് പ്രതീക്ഷിച്ചതെങ്കിലും ഫുട്ബോളിന്റെ അത്രയും ബാസ്കറ്റ്ബോൾ ജനപ്രിയം അല്ലാത്തതിനാലാകാം ടീമുകളുെട എണ്ണം കുറഞ്ഞതിന്റെ കാരണമെന്ന് ആര്യൻ പറഞ്ഞു. പത്താം ക്ലാസിലേക്ക് കയറിയതോടെ ടൂർണമെന്റുകൾക്ക് താൽക്കാലിക ഇടവേള എടുക്കുകയാണ് ആര്യൻ. എങ്കിലും മകന്റെ സ്വപ്നത്തിനു പൂർണപിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്.
English Summary:





English (US) ·